
ജീരകവെള്ളം മുതൽ ചുക്ക് കാപ്പി വരെ; കർക്കടകത്തിൽ എന്ത് കുടിക്കണം?
കർക്കടകമാസത്തിൽ ഏറ്റവും ലളിതവും ആരോഗ്യകരവുമായ പാനീയമാണ് ജീരകം ചേർത്ത് തിളപ്പിച്ച വെള്ളം.

മലയാളികൾക്ക് കർക്കടക മാസം ആരോഗ്യസംരക്ഷണത്തിന് ഏറെ പ്രാധാന്യമുള്ള കാലാമായാണ് കണക്കാക്കപ്പെടുന്നത്. ഈ കാലഘട്ടത്തിൽ മഴ തീവ്രമാവുകയും തണുപ്പും ഈർപ്പവും വർധിക്കുകയും ചെയ്യുന്നതിനാൽ ജലദോഷം, പനി, ദഹനപ്രശ്നങ്ങൾ, ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി കാണപ്പെടാം.
അതുകൊണ്ട് തന്നെ ശരീരത്തിന് ചൂടും ഊർജവും നൽകുന്നതും ദഹനത്തെ സഹായിക്കുന്നതുമായ പാനീയങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. എന്നാൽ പ്രമേഹം, വൃക്കരോഗം, കരൾരോഗം, ഗർഭാവസ്ഥ എന്നീ അവസ്ഥയിലൂടെ കടന്നു പോകുന്നവർ ഏതെങ്കിലും പ്രത്യേക ഔഷധച്ചേരുവകൾ പതിവായി ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശം തേടണം.
ജീരകവെള്ളം
കർക്കടകമാസത്തിൽ ഏറ്റവും ലളിതവും ആരോഗ്യകരവുമായ പാനീയമാണ് ജീരകം ചേർത്ത് തിളപ്പിച്ച വെള്ളം.
ഇത് ദഹനം മെച്ചപ്പെടുത്താനും വയറുവീക്കവും ഗ്യാസ് പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്താനും നല്ലതാണ്.
എങ്ങനെ തയ്യാറാക്കാം?
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ചേർത്ത് 5–10 മിനിറ്റ് തിളപ്പിക്കുക. ചെറുചൂടോടെ കുടിക്കാം.

Jeeraka Vellam - Pinterest
ഇഞ്ചി കഷായം
കഷായം എന്ന് കേട്ട് വലിയ മെനക്കേടാണെന്ന് കരുതേണ്ട. ഇഞ്ചി ചതച്ച് വെള്ളത്തിൽ തിളപ്പിക്കുന്നതാണ് ഇഞ്ചി കഷായം. ഇതിൽ കറുവപ്പട്ടയോ കുരുമുളകോ ചേർക്കുന്നതും നല്ലതാണ്. മഴക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ കുടിക്കുന്ന പാനീയമാണിത്.
ഇത്, തൊണ്ടവേദനയും തണുപ്പ് അനുഭവപ്പെടുന്നതും കുറയ്ക്കാൻ ആശ്വാസം നൽകാം. മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും ശരീരത്തിന് ചൂട് നൽകാനും സഹായിക്കും.
മല്ലിവെള്ളം
മല്ലി ഇട്ടു തിളപ്പിക്കുന്ന വെള്ളം കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകാൻ സഹായിക്കും. മാത്രമല്ല, ഇത് ദഹനത്തിനും ശരീരത്തിൽ ജലാംശം നിലനിർത്താനും നല്ലതാണ്. ഭക്ഷണ ശേഷം കുടിക്കുന്നതാണ് അനുയോജ്യം.
തുളസി-ഇഞ്ചി ചായ
തുളസിയും ഇഞ്ചിയും ചേർന്ന ചായ മഴക്കാലത്ത് ഏറെ നല്ലതാണ്. ഇത് തൊണ്ടയ്ക്ക് ആശ്വാസം നൽകാനും ശരീരത്തിന് ചൂട് പകരാനും സഹായിക്കും. ജലദോഷ സമയത്ത് ആശ്വസകരമായ പാനീയമായി ഇത് ഉപയോഗിക്കാവുന്നതാണ്.

GINGER TEA - Pinterest
മഞ്ഞൾപാൽ
മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മഞ്ഞളും പാലും ചേർത്ത് കുടിക്കുന്ന ശീലമുണ്ട്. രാത്രി ഉറങ്ങുന്നതിന് മുൻപ് കുടിക്കുന്നതാണ് നല്ലത്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും കാൽസ്യവും ലഭിക്കും. ലാക്ടോസ് അസഹിഷ്ണുതയുള്ളവർ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ ഉപയോഗിക്കാവൂ.
നാരങ്ങ ചേർത്ത ഇളംചൂട് വെള്ളം
രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങനീര് ചേർത്ത് കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഉന്മേഷം നൽകുന്നു. ദഹനത്തിനും മികച്ചതാണ്. എന്നാൽ അസിഡിറ്റി കൂടുതലുള്ളവർ ഇത് ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യണം.
കറുവപ്പട്ട ചായ
കട്ടൻ ചായയിൽ ഒരു ചെറിയ കഷ്ണം കറുവപ്പട്ട കൂടി ചേർക്കുന്നത് മഴക്കാലത്ത് കുടിക്കാൻ നല്ലതാണ്. ഇത് ശരീരത്തിന് ചൂടു നൽകാനും ചായയുടെ സുഗന്ധം മനസ്സിന് ശാന്തത നൽകുകയും ചെയ്യും.
കുരുമുളക് രസം
ചോറിനൊപ്പം അല്ലെങ്കിൽ പ്രത്യേകം കുടിക്കാവുന്ന ആരോഗ്യകരമായ ഒന്നാണ് കുരുമുളകു രസം. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും മഴക്കാലത്ത് ശരീരത്തിന് ചൂട് പകരാനും സഹായിക്കും. തൊണ്ടയ്ക്ക് ആശ്വാസം ലഭിക്കാനും ഇത് മികച്ചതാണ്.

CHUKKU KAPPI - Pinterest
ചുക്ക് കാപ്പി
ചുക്ക് (ഉണങ്ങിയ ഇഞ്ചി) പ്രധാന ചേരുവയായി ഉണ്ടാക്കുന്ന ചുക്ക് കാപ്പി കർക്കടകത്തിലെ ഒരു പ്രധാന പാനീയമാണ്. ഇത് ദഹനത്തിന് മികച്ചതാണ്. മഴക്കാലത്ത് തണുപ്പിൽ നിന്ന് ആശ്വാസം കിട്ടാനും ശരീരത്തിന് ഊർജം നൽകാനും സഹായിക്കുന്നു.
മോര്
കർക്കടകത്തിൽ തൈര് കുടിക്കുന്നത് പ്രശ്നമാണെങ്കിലും മോര് നല്ലതാണ്. ഇതിൽ ദഹനത്തിന് സഹായകരമായ പ്രോബയോട്ടിക് ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഭക്ഷണശേഷം ചെറിയ അളവിൽ കുടിക്കാവുന്നതാണ്.ജീരകപ്പൊടിയും കറിവേപ്പിലയും ചേർത്താൽ കൂടുതൽ രുചികരമാകും. എന്നാൽ ജലദോഷമോ തൊണ്ടവേദനയോ ഉള്ളവർ തണുത്ത മോര് ഒഴിവാക്കി സാധാരണ താപനിലയിലുള്ളത് ഉപയോഗിക്കുന്നതാണ് നല്ലത്.
കർക്കടക മാസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പകൽ സമയം ആവശ്യമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
വളരെ തണുത്ത ഭക്ഷണമോ പാനീയമോ പരമാവധി ഒഴിവാക്കുക.
പഞ്ചസാര കൂടുതലുള്ള ശീതളപാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക.
തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ.
സമീകൃതമായ ഭക്ഷണക്രമവും ആവശ്യത്തിന് ഉറക്കവും പതിവ് വ്യായാമവും പാലിക്കുക.
പ്രമേഹം, ഉയർന്ന രക്തസമ്മർദം, വൃക്കരോഗം, കരൾരോഗം, ഗർഭാവസ്ഥ, മുലയൂട്ടുന്ന അമ്മമാർ, ചെറിയ കുട്ടികൾ, പ്രായമായവർ എന്നിവർ ഔഷധഗുണമുള്ള ചേരുവകൾ (ഇഞ്ചി, കുരുമുളക്, കറുവപ്പട്ട തുടങ്ങിയവ) അമിതമായി ഉപയോഗിക്കരുത്. ആരോഗ്യപ്രശ്നങ്ങളോ മരുന്നുകളുടെ ഉപയോഗമോ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
What are the healthy drinks that can have on Karkadakam month
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






