പ്രമേഹരോ​ഗികൾക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

പാകം ചെയ്യാത്ത മധുരക്കിഴങ്ങിന്റെ ഗ്ലൈസീമിക് ഇൻഡക്സ് 32നും 40നും ഇടയ്ക്കാണ് (കുറഞ്ഞ ജിഐ)

Sweet Potato
Sweet Potato Pinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :8 മേയ് 2026, 5:21 pm IST

പ്രമേഹം നിയന്ത്രിക്കാൻ മധുരക്കിഴങ്ങ് സഹായിക്കുമെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചാരം ശക്തമാണ്. ഇതു വിശ്വസിച്ച് ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നവരുമുണ്ട്. മധുരക്കിഴങ്ങളിൽ ധാരാളം നാരുകളും പ്രമേഹരോ​ഗികൾക്ക് ​ഗുണകരമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പറയുന്നത് ശരിയാണ് എന്നാൽ സ്ഥിരമായോ അമിതമായോ കഴിക്കുന്നത് പ്രമേഹരോ​ഗികൾക്ക് നല്ലതല്ലെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇതിൽ അന്നജത്തിന്റെ അളവു കൂടുതലാണ്. ഇവ വിഘടിച്ച് ഗ്ലൂക്കോസായി മാറുന്നതിനെ തുടർന്നു രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും വർധിക്കും. അതുകൊണ്ട് മധുരക്കിഴങ്ങ് പ്രിയമുള്ളവർ മറ്റു വിഭവങ്ങളോടൊപ്പം ഏറെ ശ്രദ്ധയോടെ മിതമായി കഴിക്കുന്നതാണ് നല്ലത്.

മധുരക്കിഴങ്ങ് കഴിക്കേണ്ടതെങ്ങനെ?

ഗ്ലൈസീമിക് ഇൻഡക്സ് (ജിഐ) കുറഞ്ഞ വിഭവങ്ങളാണ് പ്രമേഹരോഗികൾക്ക് നല്ലത്. ഗ്ലൈസീമിക് ഇൻഡക്സ് 70ൽ അധികമാണെങ്കിൽ പ്രമേഹരോഗികൾ ഒഴിവാക്കണം. 56നും 69 നും ഇടയ്ക്കാണെങ്കിൽ മിതമായ ഗ്ലൈസീമിക് ഇൻഡക്സ് എന്നു പറയുന്നു. 55ൽ കുറവാണെങ്കിൽ കുറഞ്ഞ ജിഐ. ഇതാണ് പ്രമേഹരോഗമുള്ളവർക്കു നല്ലത്.

പാകം ചെയ്യാത്ത മധുരക്കിഴങ്ങിന്റെ ഗ്ലൈസീമിക് ഇൻഡക്സ് 32നും 40നും ഇടയ്ക്കാണ് (കുറഞ്ഞ ജിഐ). എന്നാൽ പാചകം ചെയ്യുന്ന രീതിയനുസരിച്ചു മധുരക്കിഴങ്ങിന്റെ ജിഐ മാറും. നന്നായി തിളപ്പിച്ച് വേവിക്കുമ്പോൾ ഘടനയിൽ മാറ്റം വരും. ഫൈബർ നശിച്ചു പോകുന്നില്ല. തൊലിയോടു കൂടി വേവിക്കുന്നതാണ് നല്ലത്.

നാരുകൾ ഗ്ലൂക്കോസിന്റെ പെട്ടെന്നുള്ള ആഗിരണത്തെ തടയുന്നതുകൊണ്ടു ഗ്ലൂക്കോസ് നില ഉയരുന്നില്ല. എന്നാൽ മധുരക്കിഴങ്ങ് ചുടുകയും വറുക്കുകയും പൊരിക്കുകയും മറ്റും ചെയ്യുമ്പോൾ ഗ്ലൈസീമിക് ഇൻഡക്സ് ഉയരുകയാണു ചെയ്യുന്നത്. ഇത്തരം പാചകരീതികൾ പ്രമേഹ രോഗിക്കു നല്ലതല്ല.

മധുരക്കിഴങ്ങ് കഴിക്കുമ്പോൾ തൊലി കളയരുത്

മധുരക്കിഴങ്ങ് തൊലി നീക്കം ചെയ്യുന്നതിനൊപ്പം അവയുടെ 20 ശതമാനം വരെ പോഷകങ്ങൾ നഷ്ടപ്പെടുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. നാരുകൾ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.

ഇത് വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കും. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ തൊലി നീക്കം ചെയ്യുന്നത് മധുരക്കിഴങ്ങിന്റെ ആന്റിഓക്സിഡന്‍റ് ​​ഗുണങ്ങൾ കുറയ്ക്കും. മധുരക്കിഴങ്ങിന്‍റെ തൊലിയില്‍ ബീറ്റാ കരോട്ടിൻ, ക്ലോറോജെനിക് ആസിഡ്, വിറ്റാമിനുകൾ സി, ഇ. കൂടാതെ, പർപ്പിൾ മധുരക്കിഴങ്ങിൽ ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്.

ഈ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കും. കൂടാതെ ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. മധുരക്കിഴങ്ങ് മണ്ണിനുള്ളില്‍ വളരുന്നതിനാൽ ചെളിയും കീടനാശിനികളും തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് വെള്ളത്തില്‍ നന്നായി കഴുകിയെടുക്കണം. വെജിറ്റബിൾ ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നത് നന്നായി വൃത്തിയാകാന്‍ സഹായിക്കും

News Now

Summary

Is Sweet Potato good for diabetic people

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates