കർക്കടകത്തിൽ ഇലക്കറികൾ കൂടുതൽ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമെന്ത്? പത്തിലത്തോരൻ ഒരുക്കേണ്ടത് എങ്ങനെ?

ശരീരത്തെ താങ്ങി നിർത്തുന്ന മൂന്നു തൂണുകളാണ് ആഹാരം, നിദ്ര, വ്യായാമം.

Pathila thoran in karkadakam
Pathila thoran in karkadakamPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :28 ജൂലൈ 2026, 3:43 pm IST

മഴക്കാലത്ത് ഇലകളുടെ പോഷക​ഗുണങ്ങൾ കൂടുമെന്നതിനാൽ കർക്കടകമാസത്തിൽ ഇലക്കറികൾക്ക് കൂടുതൽ കഴിക്കണമെന്ന് പഴമക്കാർ പറയാറുണ്ട്. കർക്കടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവമാണ് പത്തിലക്കൂട്ട് അഥവാ പത്തിലത്തോരൻ. പത്ത് ഇനം ഇലകൾ കൊണ്ടുണ്ടാക്കുന്ന തോരനാണ് പത്തിലക്കൂട്ട്.

പ്രാദേശികമായ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സാധാരണ ഉപയോഗിച്ചു വരുന്ന പത്തിലകൾ ഇവയാണ്. കുമ്പളം, മത്തൻ, വെള്ളരി, താള്, തകര, ചേമ്പ്, ചീര, തഴുതാമ, ചേന, കീഴാർനെല്ലി. ചിലർ തഴുതാമ, മുക്കുറ്റി, കൊടിത്തൂവ, കൂവളം, പയർ എന്നിവയുടെ ഇലകളും ഉപയോഗിക്കാറുണ്ട്. ഏത് ഇലയെടുത്താലും ഏറ്റവും തളിരിലകളാണ് ഉപയോഗിക്കുന്നത്.

ഇലക്കറികൾക്ക് ക‍ർക്കടകത്തിലുള്ള പ്രസക്തി

ശരീരത്തെ താങ്ങി നിർത്തുന്ന മൂന്നു തൂണുകളാണ് ആഹാരം, നിദ്ര, വ്യായാമം. ആഹാരത്തിലൂടെ ആരോഗ്യം സംരക്ഷിക്കപ്പെടണം. മിതമായും ശുദ്ധിയായും കൃത്യമായും കഴിക്കുന്ന ആഹാരം തന്നെ ഔഷധമാണ്. ഇവിടെയാണ് പത്തിലക്കൂട്ടം കഴിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നത്.

ഇലക്കറികൾ പൊതുവെ പോഷകമൂല്യമുള്ളതാണ്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇലക്കറി ശീലിക്കുന്നത് മലബന്ധം ഇല്ലാതാക്കാനും മൂത്രം ധാരാളം ഉണ്ടാക്കുന്നതിനും നല്ലതാണ്. ച‍ർമം മൃദുവാക്കുന്നതും കണ്ണിനു കാഴ്ചശക്തി കൂട്ടുന്നതുമാണ്.

കർക്കടകമാസത്തിൽ പ്രകൃതിക്ക് പുതുജീവൻ കിട്ടുന്നു. ആ പ്രകൃതിയെ ഉപയോഗിച്ചു ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഈ സമയത്ത് ഇലകൾ ഉപയോഗിക്കാൻ പ്രത്യേകം നിർദേശിക്കുന്നത്. പോയ ഒരു വർഷത്തെ ആരോഗ്യം വീണ്ടെടുക്കാനും പുനർജീവിപ്പാനും രോഗം കൊണ്ടോ ഔഷധസേവ കൊണ്ടോ ക്ഷീണിച്ച അവയവങ്ങളെ ഉത്തേജിപ്പിക്കാനും ഒപ്പം തന്നെ കൂടുതൽ ഊർജസ്വലതയോടെ കർമനിരതരാകാനും ഇത്തരം ചിട്ടകൾ സഹായിക്കും.

പത്തിലകളും ഔഷധഗുണങ്ങളും

കുമ്പളം: വിത്തും കായുമാണ് സാധാരണ ഉപയോഗിക്കുന്നത്. ഇത് അധികമായുളള മേദസ്സിനെ കുറയ്ക്കുന്നു. ബുദ്ധി ശക്തി കൂട്ടുന്നു. വൃക്കയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നു. ശ്വാസകോശത്തെ ഉത്തേജിപ്പിക്കുന്നതിനാൽ ശ്വാസകോശ രോഗങ്ങൾ ശമിപ്പിക്കുന്നു. വിത്ത് കൃമിനാശകമാണ്. രക്തസ്രാവം നിയന്ത്രിക്കും.

മത്തൻ: മത്തന്റെ പൂവും കാമ്പും കുരുവും ഭക്ഷ്യയോഗ്യമാണ്. ഇൻസുലിൻ ക്രമീകരിക്കുന്നതിനാൽ പ്രമേഹരോഗികൾക്കു ഗുണകരം. പ്രോസ്‌റ്റേറ്റ് പ്രശ്നങ്ങൾ കുറയ്ക്കാനും ചർമാരോഗ്യത്തിനും നല്ലത്. മത്തനിലയിൽ വൈറ്റമിൻ എയും സിയും ധാരാളമുണ്ട്.

വെള്ളരി: ശരീരക്ഷീണം മാറ്റും. കഫം, പിത്തം എന്നിവ കുറയ്ക്കാനും, മൂത്രതടസ്സം മാറാനും നല്ലത്.

താള്: ദഹനത്തിന് സഹായകം. ധാരാളം കാൽസ്യവും ഫോസ്ഫറസുമുണ്ട്.

തഴുതാമ: വേര്, ഇല എന്നിവ മാത്രമായോ ചെടി മുഴുവനായുമോ ഉപയോഗിക്കാം. തഴുതാമ വൃക്കയുടെ പ്രവർത്തനം വർധിപ്പിക്കുന്നു. മൂത്രവിസർജനം നന്നാക്കുന്നു. വിഷത്തെ ഇല്ലാതാക്കുന്നു. ശരീരത്തിലെ നീരു കുറയ്ക്കാൻ സഹായിക്കുന്നു. ചുമ കുറയ്ക്കാൻ നല്ലതാണ്. ഹൃദ്രോഗനിയന്ത്രണത്തിനും ഗുണകരം.

ചേന: ചേനയിലയോടൊപ്പം തണ്ടും പാചകം ചെയ്ത് ഉപയോഗിക്കാം. പ്രമേഹരോഗികൾക്കു ഗുണകരം. ധാരാളം നാരുകളും കാൽസ്യവും ഫോസ്ഫറസുമുണ്ട്.

കീഴാർനെല്ലി: ചെടി മുഴുവനായും ഔഷദഗുണമുള്ളതാണ്. കരൾരോഗത്തിനു വളരെയധികം പ്രചാരമുള്ളതാണ്. വിഷത്തെ നശിപ്പിക്കുന്നു. വയറുവേദനയ്ക്കും ദഹനക്കുറവിനും ഔഷധമാണ്.

പോഷകമൂല്യം ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ചില പ്രശ്നങ്ങൾ കാരണം മുരിങ്ങയില കർക്കടകത്തിൽ ഉപയോഗിക്കാറില്ല.

തയ്യാറാക്കുന്ന വിധം

എല്ലാ ഇലകളും നന്നായി കഴുകി ചെറുതായി അരിയുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്, അല്പം മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. തുടര്‍ന്ന് അരിഞ്ഞ ഇലകളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ചിരകിയ തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തുവെയ്ക്കാം. വേണമെങ്കില്‍ അല്പം ജീരകപ്പൊടിയോ കുരുമുളകുപൊടിയോ ചേര്‍ത്താല്‍ രുചിയും ദഹനശേഷിയും വര്‍ധിക്കും.

News Now

Summary

Karkadakam pathila thoram health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates