'രാത്രിയിലാണ് കൂടുതൽ ക്രിയേറ്റീവും പ്രൊഡക്ടീവുമാകുന്നത്!' 'നൈറ്റ് പ്രൊഡക്ടിവിറ്റി'ക്ക് പിന്നിലെ കാരണങ്ങൾ

പകൽ മുഴുവൻ ചെയ്യാനുള്ള കാര്യങ്ങൾ നീട്ടിവെച്ച ശേഷം രാത്രി ആകുമ്പോഴായിരിക്കും ഇവ‍ർക്ക് ജോലി ചെയ്യാനും വായിക്കാനും പ്ലാൻ ചെയ്യാനും പുതിയ കാര്യങ്ങൾ ചെയ്യാനുമുള്ള താൽപര്യം കൂടുന്നത്.

Night Productivity
Night ProductivityPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :30 സെപ്റ്റംബർ 2026, 11:58 am IST

ചില മനുഷ്യരെ ശ്രദ്ധിച്ചാൽ, രാത്രിയാകുമ്പോഴായിരിക്കും അവരൊന്ന് ഓൺ ആകുന്നത്. അതായത്, പകൽ മുഴുവൻ ചെയ്യാനുള്ള കാര്യങ്ങൾ നീട്ടിവെച്ച ശേഷം രാത്രി ആകുമ്പോഴായിരിക്കും ഇവ‍ർക്ക് ജോലി ചെയ്യാനും വായിക്കാനും പ്ലാൻ ചെയ്യാനും പുതിയ കാര്യങ്ങൾ ചെയ്യാനുമുള്ള താൽപര്യം കൂടുന്നത്.

പലർക്കും അനുഭവപ്പെടുന്ന ഒന്നാണിത്. 'നൈറ്റ് പ്രൊഡക്ടിവിറ്റി' എന്ന് വിശേഷിപ്പിക്കാവുന്ന ഈ ശീലം ശരീരത്തിന്റെ ജൈവഘടികാരം മുതൽ പകൽ സമയത്തെ മാനസിക സമ്മർദം വരെ പല കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കാം.

ചുറ്റുമുള്ള ശബ്ദവും ഇടപെടലുകളും കുറവായിരിക്കും

പകൽ സമയത്ത് ഫോൺ കോളുകൾ, മെസേജുകൾ, ജോലി, കുടുംബകാര്യങ്ങൾ, സോഷ്യൽ മീഡിയ തുടങ്ങി ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ കൂടുതലായിരിക്കും. രാത്രി ഇവ കുറയുന്നതോടെ മനസിന് ഒരേസമയം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എളുപ്പമാകും. അതുകൊണ്ടു തന്നെ രാത്രി കൂടുതൽ സമയം ലഭിക്കുന്നതായി തോന്നാം.

പ്ലാനിങ്

പകൽ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക വലുതായി തോന്നാം. എന്നാൽ രാത്രി ആകുമ്പോൾ ഇതിൽ വ്യത്യാസം വരാം. ദിവസത്തിലെ പല ഉത്തരവാദിത്തങ്ങളും അവസാനിച്ചിരിക്കും. ഇതോടെ മാനസിക സമ്മർദം കുറയുകയും ബാക്കിയുള്ള ഒരു ജോലി പൂർത്തിയാക്കാൻ കൂടുതൽ താൽപര്യം തോന്നുകയും ചെയ്യാം.

ശരീരത്തിൻ്റെ ജൈവഘടികാരം

ഓരോരുത്തരുടെയും സർക്കാഡിയൻ റിഥം ഒരുപോലെയല്ല. ചിലർ സ്വാഭാവികമായി രാവിലെ കൂടുതൽ ഉണർവുള്ളവരും ചിലർ വൈകുന്നേരത്തോടും രാത്രിയോടും കൂടുതൽ സജീവമാകുന്നവരുമാണ്. അതുകൊണ്ട് രാത്രി സമയത്താണ് ചിലർക്ക് കൂടുതൽ ശ്രദ്ധയും ഊർജവും അനുഭവപ്പെടുന്നത്.

രാത്രി ലഭിക്കുന്ന “സെൽഫ് ടൈം”

പകൽ മറ്റുള്ളവർക്കായി മാറ്റിവെച്ച സമയത്തിന് ശേഷം രാത്രി ലഭിക്കുന്ന സമയം പലർക്കും തങ്ങളുടേതായി തോന്നാം. വായന, സിനിമ കാണൽ, പഠനം, ഹോബി, എഴുത്ത് തുടങ്ങിയ കാര്യങ്ങൾക്കായി ഈ സമയം ഉപയോഗിക്കുന്നത് മാനസികമായി സന്തോഷം നൽകും. പകൽ സ്വന്തം കാര്യങ്ങൾക്ക് സമയം ലഭിച്ചില്ലെന്ന തോന്നലിൽ ഉറങ്ങേണ്ട സമയവും നീട്ടിവെച്ച് വ്യക്തിഗത സമയം ആസ്വദിക്കുന്നതാണ് ഇതിന്റെ പ്രധാന സ്വഭാവം.

ഡെഡ്‌ലൈൻ അടുത്തെത്തുമ്പോൾ ശ്രദ്ധ കൂടുന്നു

നാളെ ചെയ്യാം എന്ന് മാറ്റിവെച്ച ജോലി രാത്രി പെട്ടെന്ന് ചെയ്യാനുള്ള ആവേശം ഉണ്ടാകുന്നത് പലർക്കും സാധാരണമാണ്. സമയപരിധി കഴിയാറാകുമ്പോൾ ചെയ്യേണ്ട ജോലിയിൽ ഉത്തരവാദിത്വം കൂടുന്നു. അതോടെ ശ്രദ്ധ ഒരു കാര്യത്തിലേക്ക് കേന്ദ്രീകരിക്കാൻ എളുപ്പമാകുന്നു.

രാത്രിയിലെ ശാന്തമായ അന്തരീക്ഷം

വീട്ടിലും പരിസരത്തും തിരക്ക് കുറയുന്നത് ചിലർക്ക് കൂടുതൽ ക്രിയേറ്റീവായി തോന്നാൻ സഹായിക്കും. പ്രത്യേകിച്ച് എഴുത്ത്, ഡിസൈൻ, വായന തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവർക്ക് ശാന്തമായ അന്തരീക്ഷം ശ്രദ്ധ കൂട്ടുന്നതായി അനുഭവപ്പെടാം.

പക്ഷേ രാത്രി ഉണർന്നിരിക്കുന്നത് എല്ലായ്പ്പോഴും നല്ലതല്ല

രാത്രിയിൽ കൂടുതൽ പ്രൊഡക്ടീവായി തോന്നുന്നു എന്ന കാരണം കൊണ്ട് ഉറക്കം സ്ഥിരമായി കുറയ്ക്കുന്നത് ആരോഗ്യകരമായ ശീലമല്ല. മുതിർന്നവർക്ക് സാധാരണയായി 7–9 മണിക്കൂർ ഉറക്കം ആവശ്യമാണ്. രാത്രി വൈകി ഉറങ്ങുകയും രാവിലെ നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്നത് തുടർന്നാൽ ഉറക്കക്കുറവ്, പകൽ ക്ഷീണം, ശ്രദ്ധക്കുറവ് എന്നിവ ഉണ്ടാകാം.

രാത്രിയിലെ ശാന്തമായ സമയം പ്രയോജനപ്പെടുത്താം. പക്ഷേ അതിനായി ഉറക്കം സ്ഥിരമായി മാറ്റിലയ്ക്കരുത്. പ്രൊഡക്ടീവാകുന്നതു പോലെ തന്നെ മതിയായ ഉറക്കവും പ്രധാനമാണ്.

News Now

Summary

Why Do You Feel More Productive at Night? Common Reasons Explained

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates