'കോസ്മെറ്റിക് സർജറി ചെയ്തുവെന്നു വരെ ആളുകൾ പറഞ്ഞു', ജീവിതം മാറ്റിമറിച്ച സ്ട്രെങ്ത് ട്രെയ്നിങ്ങിനെ കുറിച്ച് കീർത്തി

യോ​ഗയിലൂടെ ബാലൻസും ആത്മവിശ്വാസവും ലഭിച്ചെന്നും ശരീരവും മനസ്സുമായൊരു ആരോ​ഗ്യകരമായ ബന്ധത്തിലേക്കിത് നയിച്ചെന്നും കീർത്തി ചൂണ്ടിക്കാട്ടി.

Keerthy Suresh
Keerthy SureshPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :19 മേയ് 2026, 2:52 pm IST

മഹാനടി എന്ന സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ഫിറ്റ്നസിനെ കുറിച്ച് ​ഗൗരവമായി ചിന്തിച്ചു തുടങ്ങിയതെന്ന് നടി കീർത്തി സുരേഷ്. അഭിനയ മികവു കൊണ്ട് തെന്നിന്ത്യൻ സിനിമരം​ഗത്തെ മുൻനിര നായികയായി പോരെടുത്ത താരമാണ് കീർത്തി സുരേഷ്. സിനിമയ്ക്കപ്പുറം ആരോ​ഗ്യത്തിനും ഫിറ്റ്നസിനും ഏറെ പ്രധാന്യം നൽകുന്ന താരം ഇൻസ്റ്റ​ഗ്രാമിലൂടെ ഫിറ്റ്നസ് പരിശീലന വീഡിയോ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ആരോ​ഗ്യത്തോടും വ്യായാമത്തോടുമുള്ള തന്റെ സമീപനം ഓരോ വർഷങ്ങളിലും എങ്ങനെയാണ് മാറിയതെന്ന് വർക്ക്ഔട്ട് വീഡിയയ്ക്കൊപ്പം കീർത്തി വിശദീകരിച്ചു. 2013ൽ സിനിമയിലേക്ക് വരുമ്പോൾ ഫിറ്റ്നസിനെ കുറിച്ച് തനിക്ക് വലിയ കാര്യമായ ധാരണയില്ലായിരുന്നുവെന്ന് കീർത്തി പറയുന്നു. മാത്രമല്ല, ജിം വർക്ക്ഔട്ട് ഒന്നും തനിക്കുള്ളതല്ലെന്നായിരുന്നു അക്കാലത്തെ ചിന്താ​ഗതിയെന്നും താരം പറഞ്ഞു.

'2018ൽ മഹാനടിയുടെ വിജയത്തിന് പിന്നാലെയാണ് ഫിറ്റ്നസിനെ കുറിച്ച് ​ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത്. അന്ന് നേരെ ചെന്ന് ചാടിയത് ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വല്‍ ട്രെയ്‌നിങ്ങിലേക്കും കാര്‍ഡിയോ വ്യായാമങ്ങളിലേക്കുമായിരുന്നു. ഹൈപ്രോട്ടീൻ ഭക്ഷണവും കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളുമാണ് ഡയറ്റിൽ ചേർത്തിരുന്നത്'. ‌‌

'ഒൻപതു മാസം കൊണ്ട് 10 കിലോ​യോളം ശരീരഭാരം അന്നു കുറഞ്ഞു. എൻ്റെ ബോഡി ട്രാൻസ്ഫോർമേഷനിൽ ഞാൻ വളരെ അഭിമാനിയായിരുന്നു, ആളുകൾ എന്നെ വീക്ക് എന്ന് വിളിക്കും വരെ. മെലിയാൻ കോസ്മെറ്റിക് സർജറികൾ ചെയ്തുവെന്ന തരത്തിൽ വരെ വിമർശനങ്ങൾ വന്നു'.

അന്ന് തന്നെ അതൊക്കെ നന്നായി വേദനിപ്പിച്ചുവെന്നും കീർത്തി പറഞ്ഞു. 2020ലാണ് യോ​ഗ പരിശീലനം ആരംഭിക്കുന്നത്. യോ​ഗയിലൂടെ ബാലൻസും ആത്മവിശ്വാസവും ലഭിച്ചെന്നും ശരീരവും മനസ്സുമായൊരു ആരോ​ഗ്യകരമായ ബന്ധത്തിലേക്കിത് നയിച്ചെന്നും കീർത്തി ചൂണ്ടിക്കാട്ടി.

സ്‌ട്രെങ്‌ത്‌ ട്രെയ്‌നിങ്ങിൻ്റെ പ്രാധാന്യം

പിന്നീടാണ് സ്ട്രെങ്ത് ട്രെയ്നിങ്ങിന്റെ പ്രാധാന്യം തിരിച്ചറിയുന്നതെന്ന് കീർത്തി പറയുന്നു. ഇന്ന് സ്ട്രെങ്ത് ട്രെയിനിങ്ങാണ് തന്റെ വ്യായാമത്തിന്റെ മുഖ്യഭാ​ഗമെന്ന് നടി ചൂണ്ടിക്കാട്ടി. സ്‌ട്രെങ്‌ത്‌ ട്രെയ്‌നിങ്ങും യോഗയും അനിമല്‍ ഫ്‌ളോ വ്യായാമങ്ങളും കാര്‍ഡിയോ വര്‍ക്ക്‌ ഔട്ടും കാലിസ്‌തെനിക്‌സുമെല്ലാം ചേര്‍ന്ന സന്തുലിതമായ ഫിറ്റ്‌നസ്‌ ശീലമാണ്‌ ഇന്ന്‌ കീര്‍ത്തി പിന്തുടരുന്നത്‌.

അടുത്തിടെ ജീവിതത്തിലെ ചില തിരിച്ചടികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്ന്‌ പോയപ്പോഴും ഫിറ്റ്‌നസ്‌ തനിക്ക്‌ കരുത്തായെന്ന്‌ കീര്‍ത്തി പറയുന്നു. ജീവിതം ഇടയ്‌ക്കൊരു ബ്രേക്ക്‌ ആവശ്യപ്പെട്ടാലും ഒരിക്കലും വിട്ടു കൊടുക്കരുതെന്ന്‌ പറഞ്ഞ്‌ കൊണ്ടാണ്‌ കീര്‍ത്തി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്‌. ഫിറ്റ്‌നസ്‌ യാത്രയില്‍ തനിക്ക്‌ കരുത്തും പ്രചോദനവുമായ ട്രെയ്‌നര്‍ അശ്വിനോടുള്ള നന്ദിയും താരം പറഞ്ഞു. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ്‌ താരത്തെ പിന്തുണച്ചും കയ്യടിച്ചും കമന്റ്‌ ബോക്‌സിലെത്തിയത്‌.

News Now

Summary

Keerthy Suresh Fitness Secrete, Strength Training and Yoga

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates