'6 വർഷത്തോളം ആരോടും പറഞ്ഞില്ല, അതൊരു രോഗമായിരുന്നെന്ന് പോലും അറിയില്ലായിരുന്നു, വഴിത്തിരിവായത് വായന, പിന്നീട് 4 വർഷം ചികിത്സ'

താൻ അനുഭവിക്കുന്നത് ഒരു രോഗമാണെന്ന് സ്വയം ബോധ്യപ്പെടുത്താൻ ഏറെ പണിപ്പെട്ടുവെന്നും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വിഡിയോയിൽ പറയുന്നു.

Sana Saeed Kuch Kuch Hota Hai
Sana Saeed Kuch Kuch Hota HaiInstagram
Edited by :അഞ്ജു സി വിനോദ്‌
Last Updated :28 ജൂലൈ 2026, 5:56 pm IST

ഷാരൂഖ് ഖാൻ്റെ സൂപ്പർഹിറ്റ് ചിത്രമായ 'കുച്ച് കുച്ച് ഹോതാ ഹൈ'യിൽ കുഞ്ഞ് 'അഞ്ജലി'യായി ശ്രദ്ധ നേടിയ നടി സന സയീദിനെ ഇന്ത്യൻ സിനിമ ആരാധകർ മറക്കാൻ വഴിയില്ല. ഭർത്താവിനൊപ്പം അമേരിക്കയിലാണ് ഇപ്പോൾ സന. അഭിനയ മോഹം ഏറെയുണ്ടായിരുന്ന തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന ഏറ്റവും പ്രയാസകരമായ ഘട്ടത്തെ കുറിച്ച് അടുത്തിടെ സന തുറന്നു പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായകുന്നത്.

വർഷങ്ങളോളം താൻ ബുളീമിയ നെർവോസ (Bulimia Nervosa) എന്ന ​ഗുരുതര ഈറ്റിങ് ഡിസോർഡറുമായുള്ള പോരാട്ടത്തിലായിരുന്നുവെന്ന് സന തുറന്നു പറഞ്ഞു. താൻ അനുഭവിക്കുന്നത് ഒരു രോഗമാണെന്ന് സ്വയം ബോധ്യപ്പെടുത്താൻ ഏറെ പണിപ്പെട്ടുവെന്നും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വിഡിയോയിൽ പറയുന്നു. താനൊരിക്കലും അതേക്കുറിച്ച് കേട്ടിരുന്നില്ല. അങ്ങനെ കേട്ടിരുന്നെങ്കിൽ നേരിട്ട് പ്രശ്നത്തെ കൈകാര്യം ചെയ്യാനാകുമായിരുന്നുവെന്നും നടി പറയുന്നു.

ആറ് വർഷം ഞാൻ എന്താണ് അനുഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലായിരുന്നു, അതിനൊരു പേരുപോലുമുണ്ടായിരുന്ന് അറിയില്ലായിരുന്നു. അത് ഒരു മോശം ശീലമാണെന്നും അതുകൊണ്ട് ഞാൻ ഒറ്റയ്ക്ക് പരിഹാരം കാണണമെന്നും ഞാൻ കരുതി- സന പറഞ്ഞു. അറിവില്ലായ്മയും ഒറ്റപ്പെടലും തന്നെ കൂടുതൽ മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടുവെന്നും താരം പറഞ്ഞു.

അതിൽ നിന്ന് പൂർണമായി മുക്തയാകാൻ ഏതാണ്ട് നാല് വർഷത്തെ ചികിത്സയും മാനസിക പിന്തുണയും ആവശ്യമായി വന്നിരുന്നുവെന്നും സന പറഞ്ഞു. മെലിഞ്ഞ ശരീരമാണ് സൗന്ദര്യമെന്ന സമൂഹത്തിന്റെയും സിനിമ മേഖലയിലേയും വിലയിരുത്തലുകൾ തന്റെ മാനസികാവസ്ഥയെ സാരമായി ബാധിച്ചിരുന്നു. കോളജ് കാലത്ത് പോലും സുഹൃത്തുക്കൾക്കിടയിലെ സംഭാഷണങ്ങൾ ഡയറ്റിനെയും ശരീരഭാരം നിയന്ത്രിക്കുന്നതിനെ കുറിച്ചുമായിരുന്നു. കാമറയ്ക്ക് മുന്നിൽ ജീവിക്കേണ്ടി വരുമ്പോൾ ഓരോരുത്തരുടെയും രൂപത്തെക്കുറിച്ചുള്ള നിരന്തരമായ വിലയിരുത്തലുകൾ ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ ബാധിക്കാമെന്നും സന കൂട്ടിച്ചേർത്തു.

ബുളീമിയയെ കുറിച്ചുള്ള ഒരു പുസ്തകം വായിക്കാനിടയായതാണ് ജീവിതത്തിൽ വലിയ വഴിത്തിരിവായത്. അപ്പോഴാണ് താൻ അനുഭവിക്കുന്നത് ഒരു ​ഗുരുതര ഈറ്റിങ് ഡിസോർഡർ ആണെന്ന് തിരിച്ചറിയുന്നത്. അതിന് ശേഷമാണ് യഥാർഥ രോ​ഗമുക്തിക്ക് വേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിച്ചത്. ഏകദേശം നാല് വർഷത്തോളം പോരുതിയാണ് രോ​ഗമുക്തി നേടിയതെന്ന് സന പറഞ്ഞു.

ഇന്ന് താൻ ശാരീരികമായും മാനസികമായും ഏറെ ആരോഗ്യവതിയാണെന്നും സ്വന്തം ശരീരത്തെയും ജീവിതത്തെയും മുമ്പത്തേക്കാൾ കൂടുതൽ സ്നേഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി. തന്റെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ ഒരാൾക്കെങ്കിലും താൻ ഒറ്റയ്ക്കല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ നേട്ടമെന്നും സന വിഡിയോയിൽ പറയുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളെയും ഭക്ഷണ വൈകല്യങ്ങളെയും കുറിച്ചുള്ള അവബോധം വർധിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ ഓർമ്മിപ്പിച്ചു.

എന്താണ് ബുളീമിയ?

ബുളീമിയ നെർവോസ ഗുരുതരമായ ഒരു ഭക്ഷണ വൈകല്യമാണ്. ബുളീമിയ നെർവോസ എന്ന ഈറ്റിങ് ഡിസോർഡർ ഉള്ളവർ‌ ഒരേസമയം വലിയ അളവിൽ ഭക്ഷണം കഴിക്കുകയും പിന്നാലെ ഛർദ്ദിച്ചോ, വയറിളക്കാനുള്ള മരുന്നുകൾ ഉപയോഗിച്ചോ, ഉപവസിച്ചോ അല്ലെങ്കിൽ സാധാരണയിൽ കവിഞ്ഞ് അമിതമായി വ്യായാമം ചെയ്തോ കഴിച്ച ഭക്ഷണം ശരീരത്തിൽ നിന്ന് പുറന്തള്ളാനോ ശരീരഭാരം കൂടുന്നത് തടയാനോ ശ്രമിക്കുകയും ചെയ്യും.

ഇത് ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കാം. എന്നാൽ സമയോചിതമായ ചികിത്സ, കൗൺസിലിങ്, പോഷകാഹാര മാർഗനിർദേശം എന്നിവയിലൂടെ ഭൂരിഭാഗം ആളുകൾക്കും രോഗമുക്തി നേടാൻ കഴിയുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

News Now

Summary

Kuch Kuch Hota Hai’s Sana Saeed went through bulimia for 6 years, took 4 years to recover

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates