2019ൽ ഇറങ്ങിയ മൂത്തോൻ എന്ന ​ഗീതു മോഹൻദാസ് ചിത്രത്തിന് വേണ്ടി 10-15 കിലോ ശരീരഭാരമാണ് നിവിൻ പോളി കൂട്ടിയത്.

Nivin Pauly 42nd Birthday
Nivin Pauly 42nd BirthdaySource by : Instagram
Last Updated :13 October 2026, 11:04 am IST

News Now

'ബദ്ലഹേം കുടുംബയൂണിറ്റ്' എന്ന ​ഗിരീഷ് എഡി ചിത്രത്തിലൂടെ നിവിൻ പോളി എന്ന നടൻ കുടുംബപ്രേക്ഷകരിലേക്ക് വീണ്ടും ഇറങ്ങി ചെന്നപ്പോൾ അത് ഉണ്ടാക്കിയ ആഘോഷം ചില്ലറയായിരുന്നില്ല. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം നിവിൻ മലയാള സിനിമയിൽ വീണ്ടും കളം നിറയുകയാണ്. കഴിഞ്ഞ ദിവസമാണ് നിവിൻ പോളിക്ക് 42 വയസ്സ് തികഞ്ഞത്. കഥാപാത്രത്തിന് വേണ്ടി ഈ അഞ്ച് വർ‌ഷത്തിനിടെ പല തവണ ബോഡി ട്രാൻഫോർമേഷൻ നിവിൻ നടത്തിയിട്ടുണ്ട്.

2019ൽ ഇറങ്ങിയ മൂത്തോൻ എന്ന ​ഗീതു മോഹൻദാസ് ചിത്രത്തിന് വേണ്ടി 10-15 കിലോ ശരീരഭാരമാണ് നിവിൻ പോളി കൂട്ടിയത്. പ്രധാനമായും വ്യായാമവും ഭക്ഷണക്രമത്തിലെ മാറ്റങ്ങളുമാണ് ശരീരഭാരം നിയന്ത്രിക്കുന്നതിനായി പിന്തുടർന്നിരുന്നതെന്ന് നിവിൻ പോളി മുൻപ് പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്.

മൂത്തോനു വേണ്ടി 10–15 കിലോഗ്രാം ഭാരം കൂട്ടി

മൂത്തോൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി 10 മുതൽ 15 കിലോഗ്രാം വരെ ഭാരം കൂട്ടേണ്ടി വന്നതായി 2019 ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ നിവിൻ പോളി പറഞ്ഞിരുന്നു. പിന്നീട് ഭാരം കുറയ്ക്കേണ്ട ഉത്തരവാദിത്തം തനിക്ക് ഉണ്ടായിരുന്നെങ്കിലും തുടർച്ചയായ സിനിമാ തിരക്കുകൾ കാരണം പഴയ ശരീരപ്രകൃതിയിലേക്ക് മടങ്ങാൻ ബുദ്ധിമുട്ടിയെന്നും നിവിൻ പറയുന്നു. പ്രേക്ഷകർ സാധാരണ കണ്ടിരുന്ന തന്റെ രൂപത്തിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു ഈ ശാരീരിക മാറ്റം.

പിന്നീട് കോവിഡ് ലോക്ഡൗൺ കാലത്ത് 10 കിലോയോളം ശരീരഭാരം കുറച്ചെങ്കിലും പടവെട്ട് എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ശരീരഭാരം കൂട്ടേണ്ട സാഹചര്യമുണ്ടായി. ദീർഘകാലം കൂടുതൽ ശരീരഭാരം നിലനിർത്തുന്നത് കരിയറിനെ ബാധിക്കുമോയെന്ന പേടിയുണ്ടായിരുന്നെങ്കിലും തിരക്കഥയോടുള്ള താൽപര്യമായിരുന്നു തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ഉണ്ടായിരുന്ന കാരണമെന്നും നിവിൻ പറഞ്ഞു.

നിവിൻ പോളി ഫിറ്റ്നസ്

കഥാപാത്രങ്ങൾക്ക് വേണ്ടി ശരീരഭാരത്തിൽ വ്യത്യാസങ്ങൾ വരുത്തേണ്ടി വരാറുണ്ട്. പതിവ് വ്യായാമവും ഡയറ്റുമാണ് ശരീരഭാരം കുറയ്ക്കാനായി പിന്തുടർന്നിരുന്നതെന്ന് അഭിമുഖത്തിൽ നിവിൻ പറഞ്ഞിരുന്നു.

എന്നാൽ സ്ഥിരമായ വ്യായാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേശികളുടെ ശക്തി വർധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിന് ആവശ്യമായതിനേക്കാൾ കുറഞ്ഞ ഊർജം ഭക്ഷണത്തിലൂടെ ലഭിക്കുന്ന തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണക്രമവും ഭാരം കുറയ്ക്കാൻ സഹായകമാണ്.

ആരോഗ്യകരമായി ശരീരഭാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പതിവായി വ്യായാമം ചെയ്യുക: ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച് മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയിലുള്ള എയ്റോബിക് വ്യായാമം ചെയ്യണം. ആഴ്ചയിൽ രണ്ടോ അതിലധികമോ ദിവസങ്ങളിൽ പേശികളുടെ ശക്തി വർധിപ്പിക്കുന്ന വ്യായാമങ്ങളും ഉൾപ്പെടുത്തണം.

സമീകൃത ഭക്ഷണം തിരഞ്ഞെടുക്കുക: പച്ചക്കറികൾ, പഴങ്ങൾ, മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ, ആവശ്യത്തിന് പ്രോട്ടീൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് ഭക്ഷണത്തിന്റെ അളവും ക്രമീകരിക്കണം.

ക്രാഷ് ഡയറ്റുകൾ ഒഴിവാക്കുക: വളരെ വേഗത്തിൽ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതിരിക്കാനും കുറച്ച ഭാരം വീണ്ടും കൂടാനും കാരണമാകാം. ക്രമേണ ഭാരം കുറയ്ക്കുന്നതാണ് പൊതുവെ കൂടുതൽ പ്രായോഗികം.

വിശ്രമത്തിനും ഉറക്കത്തിനും സമയം നൽകുക: വ്യായാമത്തിനുശേഷം ശരീരം വീണ്ടെടുക്കുന്നതിനും ആരോഗ്യകരമായ വ്യായാമശീലം തുടരുന്നതിനും മതിയായ ഉറക്കവും വിശ്രമവും ആവശ്യമാണ്.

Summary

Nivin Pauly Turns 42 How the Malayalam Star Transforms His Fitness for Different Roles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates