യുവാക്കൾക്കിടയിലെ ഫാറ്റിലിവർ, വില്ലൻ മദ്യമല്ല, ദീർഘനേരമുള്ള ഇരിപ്പ് !

ഓഫീസ് ജോലിക്കാരിൽ 84 ശതമാനം പേർക്കും ഫാറ്റിലിവർ സ്ഥിരീകരിക്കുന്നുവെന്ന് പഠനത്തിലുണ്ട്.

Prolonged sitting and Fatty liver
Prolonged sitting and Fatty liverPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :12 ജൂൺ 2026, 12:49 pm IST

യുവാക്കളിൽ ഫാറ്റിലിവർ ഉണ്ടാകുന്നതിന്റെ ഒരു കാരണം ദീർഘനേരമുള്ള ഇരിപ്പാണെന്ന് പുതിയ പഠനം. മണിക്കൂറുകളോളം ഓഫീസിൽ ഒരേ ഇരിപ്പ് തുടരുകയും സമ്മർദവും ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുകയും ചെയ്യുന്നത് ഫാറ്റിലിവർ സാധ്യത വർധിപ്പിക്കുമെന്ന് ​ഗവേഷകർ പറയുന്നു. മദ്യപിച്ചില്ലെങ്കിൽ പോലും ഇത്തരം ശീലങ്ങൾ കരളിൽ കൊഴുപ്പടിയാനുള്ള സാധ്യത വർധിപ്പിക്കുമെന്നും സയൻ്റിഫിക് റിപ്പോർട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദീകരിക്കുന്നു.

ഓഫീസ് ജോലിക്കാരിൽ 84 ശതമാനം പേർക്കും ഫാറ്റിലിവർ സ്ഥിരീകരിക്കുന്നുവെന്ന് പഠനത്തിലുണ്ട്. എട്ടും ഒൻപതും മണിക്കൂറുകൾ ഓഫീസിലിരിക്കുന്നവരിൽ മെറ്റബോളിസം തകരാറിലാവുകയും കൊഴുപ്പടിയാൻ കാരണമാവുകയും ചെയ്യുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യുന്നു. ഇവയെല്ലാം തന്നെ ഫാറ്റിലിവർ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

ഓഫീസിൽ ആയിരിക്കുമ്പോൾ ഇടയ്ക്കിടെ ഇടവേളയെടുക്കുക, സ്ട്രെച്ചിങ് ചെയ്യുക, നടക്കുക തുടങ്ങിയവ ചെയ്യുന്നതിലൂടെ ഫാറ്റിലിവർ സാധ്യത കുറയ്ക്കാമെന്നും വിദ​ഗ്ധർ പറയുന്നു. ഉറക്കം കുറയുന്നതും ഫാറ്റിലിവർ സാധ്യത വർധിപ്പിക്കുന്നത്. രാത്രി ഉറക്കം കുറയുന്നതും പകൽ സമയത്ത് ഉറങ്ങുന്നതും ഫാറ്റിലിവർ സാധ്യത കൂട്ടുമെന്ന് ചൈനയിൽ നടന്ന മറ്റൊരു പഠനം ചൂണ്ടിക്കാണിക്കുന്നു.

എന്താണ്ട് ഫാറ്റി ലിവർ?

കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ, മദ്യപാനികൾ അല്ലാത്തവർക്ക് വരുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോ​ഗം കണ്ടുവരുന്നത്.

വയറുവേദന, ‌വയർ നിറഞ്ഞെന്ന തോന്നൽ, വിശപ്പില്ലായ്മ, വയർ വീർക്കൽ, മനംമറിച്ചിൽ, ഭാരനഷ്ടം, കാലുകളിൽ നീര്, ചർമത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ലക്ഷണങ്ങള്‍ പ്രകടമല്ലാതെയും രോഗാവസ്ഥ ഉണ്ടാകാം. അസ്ഥിരമായ നടത്തം, വീഴാനുള്ള പ്രവണത എന്നിവ ഫാറ്റി ലിവർ രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്.

ഫാറ്റി ലിവർ നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊണ്ടാണ് നടപ്പിൽ മാറ്റം പ്രകടമാകുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം പെരുമാറ്റത്തിലും മാനസികാവസ്ഥയിലും സംസാരത്തിലും ഉറക്കത്തിലുമൊക്കെ രോഗികളില്‍ മാറ്റമുണ്ടായേക്കാം. പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റി നിർത്താൻ സഹായിക്കും.

News Now

Summary

Prolonged Sitting may cause Fatty liver; Study

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates