ദേശീയപാതയോരത്തെ അനധികൃത പാർക്കിങ്: ചാലയിലെ ആശുപത്രികൾക്ക് മുന്നിൽ കർശന നടപടിയുമായി കണ്ണൂർ സിറ്റി പൊലീസ്

തുടർക്കഥയാകുന്ന റോഡപകടങ്ങൾക്ക് തടയിടാൻ തീരുമാനം

Chala Highway Illegal Parking
Chala Highway Illegal Parking
Edited by :Damodaran K
Last Updated :20 സെപ്റ്റംബർ 2026, 9:59 am IST

കണ്ണൂർ: മുഴപ്പിലങ്ങാട് - തലശ്ശേരി ദേശീയപാതയിൽ ചാലയിലെ ആശുപത്രികൾക്ക് മുന്നിൽ പാതയോരത്ത് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ കർശന നടപടിയുമായി കണ്ണൂർ സിറ്റി പൊലീസ്. റോഡിൽ വാഹനങ്ങൾ തടസ്സമായി നിർത്തിയിടുന്നത് മൂലം പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി കർശനമാക്കുന്നത്. ചാലയിലെ ആശുപത്രികളിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾക്ക് പുറമെ, മറ്റ് ആവശ്യങ്ങൾക്കായി പോകുന്നവരും മണിക്കൂറുകളോളം ദേശീയപാതയോരത്ത് വാഹനങ്ങൾ പാർക്ക് ചെയ്തുപോകുന്നത് പതിവാണ്. ഈ പ്രവണത മൂലം ഗതാഗതക്കുരുക്കും കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ അപകടഭീഷണിയുമാണ് ഉണ്ടാകുന്നത്. ഇതിനെതിരെ നാട്ടുകാരുടെയും യാത്രക്കാരുടെയും ഭാഗത്തുനിന്ന് വ്യാപക പരാതികൾ ഉയർന്നതോടെയാണ് പൊലീസ് ഇടപെടൽ.

പൊലീസിന്റെ മുന്നറിയിപ്പ് ബോർഡുകളും നിർദേശങ്ങളും അവഗണിച്ച് ഹൈവേയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്ന് പിടിച്ചെടുത്ത് നീക്കം ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വാഹന ഉടമകൾക്കെതിരെ കനത്ത പിഴയടക്കമുള്ള നിയമനടപടികളും സ്വീകരിക്കും. ഇതോടൊപ്പം, ചാല മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വാഹന ഡീലർഷിപ്പുകളിലേക്കും ഷോറൂമുകളിലേക്കും എത്തുന്ന കൂറ്റൻ ട്രെയിലർ ലോറികൾ ഹൈവേയിൽ നിർത്തിയിട്ട് വാഹനങ്ങൾ ഇറക്കുന്നത് (അൺലോഡിങ്) പൂർണ്ണമായും നിരോധിച്ചു. റോഡിന്റെ പകുതിയോളം വീതി കൈയേറി നടക്കുന്ന ഇത്തരം അൺലോഡിങ് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയപാതയിലെ സുഗമമായ ഗതാഗതം ഉറപ്പാക്കാനും റോഡപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് അനധികൃത പാർക്കിങ്ങിനെതിരെ വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് സിറ്റി പൊലീസ് വ്യക്തമാക്കി.

News Now

Summary

Cracking down on chronic traffic congestion and rising road accidents, the Kannur City Police have initiated stringent enforcement against illegal vehicle parking along the Muzhappilangad–Thalassery stretch of the National Highway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates