ബന്ധുക്കളും നാട്ടുകാരും കരുതി ജോസ് മരിച്ചെന്ന്; 13 വര്‍ഷത്തിനുശേഷം കഞ്ചാവ് കേസ് പ്രതി ആന്ധ്രയിൽ പിടിയിൽ
അമ്മയും സഹോദരനും മരിച്ചപ്പോൾ പോലും നാട്ടിലെത്തിയില്ല; ഒടുവിൽ അതിർത്തി ഗ്രാമത്തിൽ വീടുവളഞ്ഞ് പിടികൂടി

കണ്ണൂർ: അമ്മയും സഹോദരനും മരിച്ചപ്പോൾ പോലും തിരിഞ്ഞുനോക്കാതിരുന്നതോടെ നാട്ടുകാരും ബന്ധുക്കളും മരിച്ചെന്ന് കരുതിയ കൊടും ലഹരി ഇടപാടുകാരനെ 13 വർഷത്തിന് ശേഷം സാഹസികമായി പിടികൂടി പൊലീസ്. വിവിധ സ്റ്റേഷനുകളിലെ കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയായി പതിമൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇരിട്ടി മട്ടിണി സ്വദേശി കിഴക്കുമ്പുറം കെ.ടി. ജോസിനെയാണ് (56) കണ്ണൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തത്. ലഹരി മാഫിയയെ ലക്ഷ്യമിട്ട് സിറ്റി പൊലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായാണ് ആന്ധ്രാപ്രദേശ്–ഒഡീഷ അതിർത്തിയിലെ വിദൂര ഗ്രാമത്തിൽ ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതിയെ കണ്ടെത്തിയത്.
2012-ൽ ഇരിട്ടി മട്ടിണിയിലെ വാടകവീട്ടിൽനിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് ജോസ് ആദ്യം അറസ്റ്റിലാകുന്നത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി നാടുവിടുകയായിരുന്നു. കണ്ണൂർ ടൗൺ, തലശ്ശേരി, ഇരിട്ടി, ഉളിക്കൽ, പാലക്കാട് ടൗൺ സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ വൻതോതിലുള്ള കഞ്ചാവ് കടത്തിന് കേസുകൾ നിലവിലുണ്ട്. വിചാരണയ്ക്ക് ഹാജരാകാതെ വർഷങ്ങളോളം മുങ്ങിനടന്നതോടെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം ജോസ് ഒരിക്കൽപ്പോലും നാട്ടിലേക്ക് എത്തിയിരുന്നില്ല. മാതാവും സഹോദരനും മരിച്ച ഘട്ടത്തിൽ പോലും ഇയാൾ വരാതിരുന്നതോടെ ജോസ് മരണപ്പെട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. എന്നാൽ കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്, സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി എന്നിവരുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം പ്രതിക്കായി അന്വേഷണം തുടർന്നു. ഒളിവിൽ പോകുന്നതിന് മുമ്പ് ജോസ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളും പഴയ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി കണ്ടെത്തി.
തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് സംഘത്തെ ആന്ധ്രാപ്രദേശിലേക്ക് നയിച്ചത്. ആന്ധ്രാപ്രദേശ്–ഒഡീഷ അതിർത്തി ഗ്രാമത്തിൽ ചിക്കൻ ഫാം നടത്തുന്ന ഒരാളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് സംഘം അവിടെയെത്തി. 'കൊറ ജോഷ് ബാബു' എന്ന വ്യാജ പേര് സ്വീകരിച്ച് തെലുങ്ക് ഭാഷയും പ്രാദേശിക ജീവിതരീതികളും ശീലിച്ച് ആ നാട്ടുകാരനായി കഴിയുകയായിരുന്നു ജോസ്. ദിവസങ്ങളോളം വേഷംമാറി നിരീക്ഷണം നടത്തിയ ശേഷം വീടുവളഞ്ഞാണ് പൊലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ യഥാർത്ഥ വ്യക്തിത്വം തുറന്നുസമ്മതിക്കുകയായിരുന്നു.
കണ്ണൂർ നാർക്കോട്ടിക് സെൽ എസിപി വി.വി. മനോജ്, കണ്ണൂർ എസിപി എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ വിനോദ്, ഷാജി, എഎസ്ഐമാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലെവൻ, സിപിഒമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്. നടപടികൾ പൂർത്തിയാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Believed to be dead by his own family and local villagers after failing to turn up even for the funerals of his mother and brother, 56-year-old K.T. Jose, a key accused in several commercial drug trafficking cases who had been absconding for over 13 years, was arrested by the Kannur City Police under 'Operation Thoofan'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

