ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് സമരം; യാത്രക്കാരും വിദ്യാർത്ഥികളും വലഞ്ഞു

private bus strike
private bus strikeSource by : പ്രതീകാത്മക ചിത്രം
Last Updated :14 July 2026, 3:34 pm IST
Guest Author :Damodaran K

News Now

കണ്ണൂർ: സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ച കേസിലെ പ്രതികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് തലശ്ശേരി - വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബസ് തൊഴിലാളികൾ ആഹ്വാനം ചെയ്ത സമരത്തിന് ഉടമകളും പിന്തുണ പ്രഖ്യാപിച്ചതോടെ ചൊവ്വാഴ്ച രാവിലെ മുതൽ റൂട്ടിൽ സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. മുൻകൂട്ടി അറിയിപ്പില്ലാതെയുള്ള പണിമുടക്ക് കാരണം സ്കൂൾ-കോളേജ് വിദ്യാർത്ഥികളും സ്ഥിരം യാത്രക്കാരും വലഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ഞിപ്പള്ളിയിൽ വെച്ച് തലശ്ശേരി - വടകര റൂട്ടിലോടുന്ന 'ലസിത' എന്ന സ്വകാര്യ ബസിന് നേരെ ആക്രമണമുണ്ടായത്. ഒരു സംഘം വിദ്യാർത്ഥികളാണ് അക്രമത്തിന് പിന്നിലെന്നാണ് തൊഴിലാളികളുടെ ആരോപണം

കണ്ടക്ടറെ വലിച്ചിറക്കി മർദിച്ചു; മൊബൈൽ പകർത്തിയവരും ആക്രമിക്കപ്പെട്ടു

വെള്ളിയാഴ്ച വൈകിട്ടോടെ സർവീസ് നടത്തുന്നതിനിടയിൽ കുഞ്ഞിപ്പള്ളിയിൽ വെച്ച് ഒരു സംഘം ആളുകൾ ബസ് തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ബസിലെ കണ്ടക്ടറായ സാജിദിനെ അക്രമിസംഘം ബസിനുള്ളിൽ നിന്നും റോഡിലേക്ക് വലിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു.

അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സാജിദ് തലശ്ശേരി സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സാജിദിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച പ്രദേശവാസിയായ ഒരു യുവാവിനെയും അക്രമിസംഘം ക്രൂരമായി കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തിൽ ചോമ്പാല പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അക്രമത്തിന് ശേഷം പ്രതികൾ ഒരു വാഹനത്തിൽ കയറി അതിവേഗം രക്ഷപ്പെട്ടതിനാലാണ് ഇവരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാതെ പോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടാതെ, അക്രമം നടന്ന സ്ഥലത്തോ സമീപത്തോ ഉള്ള കടകളിലെ സിസിടിവി കാമറകളിൽ പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലാത്തതും അന്വേഷണത്തിന് തടസമാകുന്നുണ്ട്. എന്നാൽ പ്രതികൾ സഞ്ചരിച്ച വാഹനത്തെ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചോമ്പാല പൊലീസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാതെ സർവീസ് പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് ബസ് ജീവനക്കാരുടെ സംഘടനകൾ.

Summary

Private bus operators on the Thalassery-Vadakara route launched a flash strike on Tuesday to protest the police's failure to arrest suspects who brutally assaulted a bus conductor last week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates