എഐയ്ക്കും മുന്നേ റെട്രോ ലുക്കിൽ തരംഗമായി ശ്രീകാന്ത് ചികു: ഒറിജിനൽ 80'സ് ലുക്കിൽ വേറിട്ട ഫോട്ടോഷൂട്ട്

'ന്നാ താൻ കേസ് കൊട്' സിനിമയിലെ സ്കെലറ്റനിലൂടെ ശ്രദ്ധേയൻ

Actor Sreekanth Chiku Retro Look
Actor Sreekanth Chiku
Edited by :Damodaran K
Last Updated :16 സെപ്റ്റംബർ 2026, 10:16 am IST

കാസർകോട്: എൺപതുകളിലെ സ്റ്റൈലിഷ് ലുക്കുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പുനഃസൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് വലിയ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ എഐ തരംഗത്തിനും മുന്നേ സ്വന്തം നിലയിൽ യഥാർത്ഥ റെട്രോ ലുക്കിലൂടെ സൈബർ ഇടങ്ങളിൽ ശ്രദ്ധേയനാവുകയാണ് കാസർകോട് ഉദുമ അരവത്ത് സ്വദേശിയായ യുവ ചലച്ചിത്ര താരം ശ്രീകാന്ത് ചികു. തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി എഐ സാങ്കേതികവിദ്യയുടെ സഹായമില്ലാതെ, ഒറിജിനൽ കോസ്റ്റ്യൂമും ശൈലിയും സ്വീകരിച്ചാണ് താരം വേറിട്ട ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. എഐ ചിത്രങ്ങളും റീലുകളും കൊണ്ട് ടൈംലൈനുകൾ നിറയുന്ന ഈ കാലത്ത്, തനിമ ചോരാതെയുള്ള ഈ 'ഒറിജിനൽ റെട്രോ ലുക്ക്' ഇതിനകം സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.

അഭിനയ മികവിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ ശ്രീകാന്ത് ചികുവിന് സാധിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ 'സ്കെലറ്റൻ' എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീകാന്ത് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്.

ചിത്രത്തിന്റെ തുടക്കത്തിൽ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ തല്ലുന്ന രംഗത്തിലും പിന്നീട് കോടതിമുറിയിൽ മജിസ്ട്രേറ്റ് "ആ കിങ്ങിണിയെ പിടിച്ച് പുറത്താക്ക്" എന്ന് പറയുന്ന രസകരമായ ഭാഗത്തിലും സ്ക്രീനിൽ തിളങ്ങിയത് ശ്രീകാന്തായിരുന്നു. ചാക്കോച്ചനൊപ്പം സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് അഭിനയ ജീവിതത്തിലെ വലിയ അനുഭവമാണെന്ന് താരം ഓർക്കുന്നു.

തുടർന്ന് റിലീസ് ചെയ്ത 'പ്രണയ വിലാസം' എന്ന ചിത്രത്തിലെ 'അമ്പാടിക്ക് വിജീഷ്', സുബീഷ് സുധി നായകനായ 'ഒരു സർക്കാർ ഉൽപ്പന്നം' എന്ന ചിത്രത്തിൽ 'പ്രദീപന്റെ' മരുമകനായ 'അരവിന്ദൻ' എന്നീ കഥാപാത്രങ്ങളെയും ശ്രീകാന്ത് മികച്ച രീതിയിൽ അവതരിപ്പിച്ചു. വരാനിരിക്കുന്ന 'കിരാത' എന്ന സിനിമയിൽ തികച്ചും വ്യത്യസ്തമായ ഒരു സൈക്കോ വില്ലൻ വേഷത്തിലാണ് ശ്രീകാന്ത് എത്തുന്നത്. പേരിടാത്ത മറ്റൊരു പുതിയ ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സ്വകാര്യ ടിവി ചാനലിലെ കോമഡി പരിപാടി വേദിയിലൂടെയാണ് ശ്രീകാന്ത് ആദ്യം ശ്രദ്ധേയനാകുന്നത്. മികച്ചൊരു മിമിക്രി കലാകാരനും നാടക നടനുമായ ശ്രീകാന്ത്, യുവശക്തി അരവത്തിന്റെ 'ജയഭാരതി ടൈലേഴ്സ്' എന്ന നാടകത്തിലെ അഭിനയത്തിന് മൂന്ന് തവണ സംസ്ഥാനതലത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാസർകോട് അരവത്തെ വി. കൃഷ്ണന്റെയും ശാരദയുടെയും മകനാണ്.

News Now

Summary

At a time when AI-generated retro imagery from the 1980s is taking social media by storm, Mollywood actor Sreekanth Chiku from Aravath in Uduma, Kasaragod, has captured the internet's attention with an authentic retro photoshoot devoid of any artificial intelligence tools

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates