കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു

പ്രബന്ധാവതരണത്തിനിടെ ഷൂ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യം വിളി

Vande Mataram Seminar Protest
Vande Mataram Seminar Protest
Last Updated :7 October 2026, 5:51 pm IST
Edited by :Damodaran K

കാസർകോട്: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരത്തിന്റെ നൂറ്റിയമ്പതാം വാർഷികത്തിന്റെ പേരിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ രണ്ടാം ദിവസവും വിദ്യാർത്ഥി പ്രതിഷേധത്തിൽ മുങ്ങി. വൻ പ്രതിഷേധത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന സെഷൻ പൂർത്തിയാക്കാനാവാതെ പൂർണ്ണമായി നിർത്തിവെച്ചു. ഉച്ചയ്ക്ക് 12.15 മുതൽ 1.30 വരെയുള്ള സെഷനാണ് വിദ്യാർത്ഥികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നത്. സർവകലാശാലയിലെ ലിംഗ്വിസ്റ്റിക്സ് വിഭാഗം പ്രൊഫസറും പ്രോക്ടറുമായ പി. ശ്രീകുമാർ പ്രബന്ധം അവതരിപ്പിക്കാൻ തുടങ്ങിയതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

‘ആർഎസ്എസ് ഗോ ബാക്ക്’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾ, വേദിക്ക് മുന്നിൽ ഷൂ ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധിച്ചത്. സർവകലാശാലയിൽ സംഘപരിവാർ അജണ്ടകളും കാവിവൽക്കരണവും നടപ്പാക്കുന്നത് ശ്രീകുമാറിന്റെ നേതൃത്വത്തിലാണെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. സ്കൂൾ ഓഫ് ലാംഗ്വേജസ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ സംഘടിപ്പിച്ച ദേശീയ സെമിനാറിനെ സംഘപരിവാർ വേദിയാക്കി മാറ്റിയത് ഇയാളുടെ ഇടപെടലിലൂടെയാണെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന ആക്ഷേപം. പ്രോക്ടർ പദവിയിൽ തുടരാൻ അർഹനല്ലാത്ത ശ്രീകുമാർ ഉടൻ രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സെമിനാറിന്റെ സമാപന ദിനത്തിൽ ഇയാളെ പ്രബന്ധം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ തടഞ്ഞ് എബിവിപി പ്രവർത്തകരെ മാത്രം സെമിനാർ ഹാളിലേക്ക് പ്രവേശിപ്പിച്ചതിലും വിദ്യാർത്ഥികൾക്ക് കടുത്ത അമർഷമുണ്ട്. പരിപാടിയുടെ ആദ്യ ദിനമായ ചൊവ്വാഴ്ച ആർഎസ്എസ് നേതാവ് കെ. നന്ദകുമാർ മുഖ്യാതിഥിയായി എത്തിയതിനെതിരെ വിദ്യാർത്ഥികൾ വലിയ തോതിൽ പ്രക്ഷോഭം നടത്തിയിരുന്നു. അന്ന് പൊലീസിനെ കാമ്പസിനകത്തേക്ക് വിളിച്ചുവരുത്തി വിദ്യാർത്ഥികളെ കായികമായി നേരിടുകയും ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. വിദ്യാർത്ഥികളെ ആക്രമിക്കാൻ പൊലീസിന് ഒത്താശ ചെയ്ത പ്രോക്ടർ ഉൾപ്പെടെയുള്ള സർവകലാശാല അധികൃതർ പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി തുടരുകയാണ്.

News Now

Summary

A national seminar organized at the Central University of Kerala in Kasaragod on the 150th anniversary of Vande Mataram was halted on Wednesday following intense student protests during a paper presentation by the university proctor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates