ട്രെൻഡിങ് കോഴ്‌സുകളും 'വൈബും' തേടി മംഗളൂരുവിലേക്ക്; കാസർകോട്ടെ കലാലയങ്ങളിൽ വിദ്യാർത്ഥി ക്ഷാമം

പുതിയ കാലത്തെ കോഴ്‌സുകൾ തുടങ്ങാൻ കേരളത്തിലെ സർവകലാശാലകൾ വൈകുന്നതായി പരാതി

Mangaluru a magnet for Kasaragod students
Mangaluru a magnet for Kasaragod students
Edited by :Damodaran K
Last Updated :12 ജൂലൈ 2026, 10:45 am IST

കാസർകോട്: "ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കാൾ ഉപരി അവിടുത്തെ ഒരു പ്രത്യേക 'വൈബ്'ആണ്!"— കാസർകോട്ടെ ഭൂരിഭാഗം വിദ്യാർത്ഥികളും ഉന്നതവിദ്യാഭ്യാസത്തിനായി അയൽസംസ്ഥാനത്തെ മംഗളൂരു നഗരത്തെ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പുള്ളൂർ എസ്.എൻ. കോളജിലെ അവസാന വർഷ ബി.എ. വിദ്യാർത്ഥിനിയായ ആയിഷത്ത് ജാസ്മിന്റെ മറുപടി ഇങ്ങനെയായിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ പശ്ചാത്തല സൗകര്യങ്ങളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും വിദ്യാർത്ഥികളുടെ മംഗളൂരുവിലേക്കുള്ള കൂട്ടപ്പാലായനത്തിന് യാതൊരു കുറവുമില്ല. കോളജ് പ്രവേശന നടപടികൾ പുരോഗമിക്കുന്ന ഈ വർഷവും സ്ഥിതി വ്യത്യസ്തമല്ല. പരമ്പരാഗത കോഴ്‌സുകൾക്ക് പകരം ട്രെൻഡിങ് ആയ പുത്തൻ കോഴ്‌സുകൾ തേടിയാണ് പുതിയ തലമുറമംഗളൂരുവിലേക്ക് വണ്ടി കയറുന്നത്.

കലാലയങ്ങൾ വളർന്നു, പക്ഷെ മംഗളൂരു ആകർഷണം കുറഞ്ഞില്ല

ഏകദേശം ഇരുപത് വർഷം മുൻപ് വരെ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിൽ വലിയ പിന്നാക്കാവസ്ഥയിലായിരുന്നു കാസർകോട് ജില്ല. 1990-കളിൽ വിരലിലെണ്ണക്കാവുന്ന സ്ഥാപനങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി 35 ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ജില്ലയിലുണ്ട്.

എന്നിട്ടും കാസർകോട്ടെ അതിർത്തിയോട് ചേർന്നുകിടക്കുന്ന മംഗളൂരുവിന്റെ ഭൂമിശാസ്ത്രപരമായ സാമീപ്യവും അതൊരു പ്രമുഖ മെഡിക്കൽ-വിദ്യാഭ്യാസ ഹബ്ബായി വളർന്നതും വിദ്യാർത്ഥികളെ അങ്ങോട്ട് ആകർഷിക്കുന്നു. എന്നാൽ ഈ പ്രവണതയിൽ ഇവിടുത്തെ കോളജ് മാനേജ്‌മെന്റുകൾ ഒട്ടും തൃപ്തരല്ല.

അവിടുത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വലിയ രീതിയിൽ പുകഴ്ത്തിപ്പറയാൻ മാത്രമൊന്നുമില്ല. എങ്കിൽപ്പോലും എത്ര വലിയ ചിലവ് സഹിച്ചും കുട്ടികളെ അങ്ങോട്ട് അയക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും തയ്യാറാകുന്നു എന്നതാണ് യാഥാർത്ഥ്യം.
ഡോ. മുഹമ്മദ് അലി (പ്രിൻസിപ്പൽ, മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളേജ്)

പുത്തൻ കോഴ്‌സുകളോട് താല്പര്യം; നാല് വർഷ ബിരുദത്തോട് വിമുഖത

കേരളത്തിലെ പരമ്പരാഗത കോഴ്‌സുകളോട്, പ്രത്യേകിച്ചും സയൻസ് സ്ട്രീമിലെ കോഴ്‌സുകളോട് വിദ്യാർത്ഥികൾക്ക് ഇപ്പോൾ താല്പര്യം കുറവാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സ്വാശ്രയ കോളജ് പ്രിൻസിപ്പൽ ചൂണ്ടിക്കാണിക്കുന്നു.

ഡാറ്റാ സയൻസ്, ഹോസ്പിറ്റാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് തുടങ്ങിയ പുത്തൻ കാലത്തെ കോഴ്‌സുകളാണ് വിദ്യാർത്ഥികൾ തിരയുന്നത്. മംഗളൂരുവിലെ സ്വയംഭരണ കോളജുകൾ ഇത്തരം കോഴ്‌സുകൾ വേഗത്തിൽ നൽകുമ്പോൾ കേരളത്തിലെ സർവകലാശാലകൾ പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഇപ്പോഴും വളരെ പിന്നിലാണ്.

കേരളത്തിൽ നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള നാല് വർഷത്തെ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളോട് കുട്ടികൾക്ക് വലിയ താല്പര്യമില്ല. കുറഞ്ഞ കാലയളവിലുള്ള കോഴ്‌സുകൾ വേഗത്തിൽ പൂർത്തിയാക്കി ഗൾഫ് രാജ്യങ്ങളിൽ ജോലി സമ്പാദിക്കാനാണ് ഭൂരിഭാഗം പേർക്കും താല്പര്യം. കർണാടകയിൽ മൂന്ന് വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കാനുള്ള ഓപ്ഷൻ നിലവിലുണ്ട്.

News Now

Summary

Despite a significant boost in higher education infrastructure within Kasaragod district over the past two decades, the mass exodus of local Gen Z students to neighboring Mangaluru for undergraduate studies continues unabated due to the allure of a vibrant campus "vibe" and trending new-age programs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates