കാറ്ററിങ് ജീവനക്കാരായ സ്ത്രീകൾക്ക് തട്ടം നിർബന്ധമാക്കിയതായി പരാതി; ഉടമയ്‌ക്കെതിരെ പ്രതിഷേധവുമായി ഹിന്ദുഐക്യവേദി

സിന്ദൂരപ്പൊട്ട് മായ്ക്കാൻ ആവശ്യപ്പെട്ടെന്നും ആരോപണം; കല്യാണപാർട്ടിയുടെ ആവശ്യപ്രകാരമെന്ന് സ്ഥാപന ഉടമയുടെ വിശദീകരണം

Pardah Controversy
Pardah Controversy
Edited by :Damodaran K
Last Updated :12 ഓഗസ്റ്റ് 2026, 6:26 pm IST

കോഴിക്കോട്: ഇരിങ്ങത്ത് ഗ്രീൻ ഓക്ക് കല്യാണമണ്ഡപത്തിൽ കാറ്ററിങ് ജോലിക്കെത്തിയ ഹിന്ദു വിഭാഗത്തിൽപ്പെട്ട വനിതാ തൊഴിലാളിളെ തലയിൽ തട്ടം ധരിക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. നെറ്റിയിൽ അണിഞ്ഞിരുന്ന സിന്ദൂരപ്പൊട്ട് മായ്ച്ചുകളയാൻ നിർദേശം നൽകിയതായും പരാതിക്കാർ ആരോപിക്കുന്നു. സംഭവത്തിൽ സ്ഥാപന ഉടമ ഷെരീഫ് കുമ്മോളിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദുഐക്യവേദി രംഗത്തെത്തി.

കല്യാണമണ്ഡപത്തിൽ ജോലിക്കെത്തിയപ്പോൾ ഉടമ തട്ടം ധരിക്കാൻ നിർദേശിച്ചതിനെ തുടർന്ന് ചില സ്ത്രീകൾ നിർബന്ധത്തിന് വഴങ്ങിയെങ്കിലും മറ്റുള്ളവർ അതിന് തയ്യാറാകാതെ മാറിനിന്നുവെന്നാണ് വിവരം. തൊഴിലിടങ്ങളിൽ വ്യക്തിപരമായോ മതപരമായോ ഉള്ള സ്വാതന്ത്ര്യത്തിൽ ഇടപെടാൻ പാടില്ലെന്നും സിന്ദൂരപ്പൊട്ട് മായ്ക്കാൻ ആവശ്യപ്പെട്ടത് ഗുരുതരമായ സംഭവമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹിന്ദുഐക്യവേദി പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി സ്ഥാപന ഉടമ ഷെരീഫ് കുമ്മോളി രംഗത്തെത്തിയിട്ടുണ്ട്. കല്യാണപാർട്ടിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് സ്ത്രീകളോട് തലയിൽ ഷാൾ ഇടാൻ നിർദേശിച്ചതെന്നാണ് ഉടമയുടെ വാദം. മുസ്ലിം സ്ത്രീകളും അമുസ്ലിം സ്ത്രീകളും സാധാരണയായി തലയിൽ ഷാൾ ഇട്ടാണ് ഇവിടെ ജോലി ചെയ്യാറുള്ളതെന്നും, 24 വനിതകൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരത്തിൽ ജോലി ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇനി ഇത്തരത്തിൽ ആവശ്യപ്പെടുന്നവർ വന്നാൽ ഈ രീതിയിൽ ജോലി ചെയ്യിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സ്ഥാപന ഉടമയുടെ വിശദീകരണത്തിൽ വൈരുധ്യമുണ്ടെന്നും യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ഉയർന്നുവരുന്ന ആവശ്യം. സിന്ദൂരപ്പൊട്ട് മായ്ക്കാൻ നിർദേശം നൽകിയോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ പൊലീസും അധികൃതരും ഇടപെടണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.

News Now

Summary

A major controversy has erupted in Iringath, Kozhikode, after female catering workers alleged that the owner of a convention center forced them to wear headscarves (tattam) and remove their bindi (sindoor) while on duty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates