
കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കം; റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു
മലപ്പുറം മൂന്നിയൂരിൽ ജൂലൈ എട്ടിനായിരുന്നു സംഭവം; കടയിലെ അവസാനത്തെ മുട്ടകളെച്ചൊല്ലി വാക്കുതർക്കം
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ കടയിൽ നിന്ന് കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ നിസ്സാര തർക്കത്തിനൊടുവിൽ റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് ദാരുണമായി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ലത്തീഫിനെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ജൂലൈ എട്ടാം തീയതിയായിരുന്നു ഫൈസലിൻറെ മരണത്തിലേക്ക് നയിച്ച സംഭവം നടന്നത്. മൂന്നിയൂർ കുന്നത്തുപറമ്പിലെ ഒരു പലചരക്ക് കടയിൽ ഫൈസലും ലത്തീഫും കോഴിമുട്ട വാങ്ങാനായി ഒരേസമയത്താണ് എത്തിയിരുന്നത്.
കടയിൽ ആകെ ആറ് മുട്ടകൾ; തർക്കവും കൈയേറ്റവും
രണ്ടുപേരും അഞ്ച് കോഴിമുട്ട വീതം വേണമെന്ന ആവശ്യമാണ് കടക്കാരന് മുന്നിൽ വെച്ചത്. എന്നാൽ ആ സമയത്ത് കടയിൽ ആകെ ആറ് മുട്ടകൾ മാത്രമാണുണ്ടായിരുന്നത്.സ്റ്റോക്ക് കുറവായതിനാൽ ഉള്ള ആറ് മുട്ടകൾ രണ്ടുപേർക്കുമായി മൂന്ന് വീതം വീതിച്ചു നൽകാൻ കടയുടമ തയ്യാറായെങ്കിലും ഫൈസൽ ഇതിന് വഴങ്ങിയില്ല. തനിക്ക് അഞ്ച് മുട്ടയും വേണമെന്ന നിലപാടിൽ ഫൈസൽ ഉറച്ചുനിന്നു. തുടർന്ന് തനിക്ക് ലഭിച്ച മുട്ടകളുമായി ലത്തീഫ് കടയിൽ നിന്നും പോകാൻ ഒരുങ്ങവെ ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി. തർക്കം മൂർച്ഛിച്ചതോടെ പ്രകോപിതനായ ഫൈസൽ തന്റെ കൈവശമുണ്ടായിരുന്ന കോഴിമുട്ട ലത്തീഫിന്റെ ദേഹത്തേക്ക് എറിഞ്ഞു. ഇതിൽ കടുത്ത ക്ഷുഭിതനായ ലത്തീഫ് ഫൈസലിനെ ബലമായി പിടിച്ചു തള്ളുകയായിരുന്നു. ലത്തീഫിന്റെ തള്ളലിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മലർന്നടിഞ്ഞു വീണ ഫൈസലിന്റെ തല റോഡിലിടിച്ച് പരിക്കേൽക്കുകയായിരുന്നു.
ആശുപത്രിയിൽ നിന്ന് മടങ്ങി, പിന്നീട് മരണം
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഫൈസലിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അന്ന് വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും തലയ്ക്ക് വേദനയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഫൈസൽ മരണത്തിന് കീഴടങ്ങിയത്. വീഴ്ചയിൽ തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവവും ഗുരുതരമായ പരിക്കുമാണ് മരണകാരണമെന്ന് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
A petty dispute over buying chicken eggs took a tragic turn in Moonniyoor, Malappuram, as a man died after being pushed to the ground during the scuffle
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







