ലോക തപാൽ ദിനം: മൂന്നരപ്പതിറ്റാണ്ട് കമ്പിത്തപാലെത്തിച്ച പേരോഴി വാസുദേവനെ ആദരിച്ചു

ദിവസവും നടന്നുതീർത്തത് 12 കിലോമീറ്ററിലേറെ; പഠിച്ച വിദ്യാലയത്തിൽ വച്ച് ആദരം

World Post Day Perozhi Vasudevan Honoured
World Post Day Perozhi Vasudevan Honoured
Last Updated :9 October 2026, 5:09 pm IST

തിരുനാവായ: വാർത്താവിനിമയ സൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് മൂന്നരപ്പതിറ്റാണ്ടിലേറെ കാൽനടയായി സഞ്ചരിച്ച് നാട്ടുകാർക്ക് കമ്പിത്തപാൽ സന്ദേശങ്ങൾ എത്തിച്ച നൽകിയ പേരോഴി വാസുദേവനെ ലോക തപാൽ ദിനത്തിൽ ആദരിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ രാങ്ങാട്ടൂർ സ്വദേശിയായ ഇദ്ദേഹം തിരുനാവായ പോസ്റ്റ് ഓഫീസിലാണ് ദീർഘകാലം സേവനമനുഷ്ഠിച്ചത്. 36 വർഷത്തെ സേവനത്തിനൊടുവിൽ തപാൽ വകുപ്പിന്റെ ആദ്യകാല രൂപമായ ആഞ്ചലോട്ടക്കാരൻ തസ്തികയിൽ നിന്നാണ് ഇദ്ദേഹം വിരമിച്ചത്. വാസുദേവൻ പഠിച്ചിറങ്ങിയ തിരുനാവായ എഎംഎൽപി സ്കൂളിൽ വെച്ചായിരുന്നു സ്നേഹാദരം സംഘടിപ്പിച്ചത്.

ആധുനിക യാത്രാസൗകര്യങ്ങളോ റോഡുകളോ ഇല്ലാതിരുന്ന കാലത്ത് പ്രതിദിനം പന്ത്രണ്ട് കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിച്ചാണ് വാസുദേവൻ കമ്പിത്തപാൽ സന്ദേശങ്ങൾ വീടുകളിലെത്തിച്ചിരുന്നത്. വിവാഹം, വിദേശത്തു നിന്നുള്ള വിസ വിവരങ്ങൾ, മരണവാർത്തകൾ തുടങ്ങിയ നിർണ്ണായക സന്ദേശങ്ങളായിരുന്നു ഇവയിൽ ഭൂരിഭാഗവും. ടെലിഗ്രാമുമായി വാസുദേവൻ നാട്ടിൻപുറങ്ങളിലെത്തിയാൽ എന്താണ് സന്ദേശമെന്നറിയാൻ നാട്ടുകാർ കൗതുകത്തോടെയും ആകാംക്ഷയോടെയും അദ്ദേഹത്തിന് ചുറ്റും ഒത്തുകൂടുമായിരുന്നു.

ദിനാചരണത്തിന്റെ ഭാഗമായി വേറിട്ട പ്രവർത്തനങ്ങളാണ് സ്കൂളിൽ അരങ്ങേറിയത്. വിദ്യാർത്ഥികൾ അധ്യാപകർക്കും പ്രിയപ്പെട്ട കൂട്ടുകാർക്കുമായി സ്വന്തമായി തയ്യാറാക്കിയ കത്തുകൾ സ്കൂളിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കുകയും, തുടർന്ന് കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 'സ്കൂൾ പോസ്റ്റ്മാൻ' വഴി ഇവ ക്ലാസുകളിൽ വിതരണം ചെയ്യുകയും ചെയ്തത് കൗതുകമായി. കൂടാതെ, തപാൽ മേഖലയിൽ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ അപൂർവ്വയിനം തപാൽ വസ്തുക്കളുടെ പ്രദർശനം അഷ്കർ പല്ലാറിന്റെ നേതൃത്വത്തിൽ നടന്നു. സ്റ്റാമ്പ് വരയ്ക്കൽ മത്സരവും കത്തയക്കലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

ദിനാചരണ പരിപാടികൾ സ്കൂൾ ഹെഡ്മാസ്റ്റർ ഷെറി കെ. തോലത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഹാരിസ് പറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൽമാൻ കരിമ്പനക്കൽ വിഷയാവതരണം നടത്തി. സ്കൂൾ മാനേജർ എം. മുഹമ്മദ്, അധ്യാപകരായ ലീന ടി. കെ, ഉഷ പി. ജി, ഷൈൻ മോൾ സി. ജെ, അബ്ദുൽ വാഹിദ് കെ. കെ, സൂരജ് സൈമൺ, ജെനിൽ പി. നൽസൺ, മുരളി കൃഷ്ണ എന്നിവർ സംസാരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now