
ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി: നവംബർ 8-ന് കൊടിയേറ്റം; വിശ്വപ്രസിദ്ധമായ രഥസംഗമം നവംബർ 16-ന്
ഉത്സവം നവംബർ 7 മുതൽ 17 വരെ; നാല് ക്ഷേത്രങ്ങളുടെ സംയുക്ത യോഗം ചേർന്നു
പാലക്കാട്: വിശ്വപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് അഗ്രഹാര വീഥികൾ ഒരുങ്ങുന്നു. ഇത്തവണ നവംബർ 7 മുതൽ 17 വരെ വിപുലമായ ചടങ്ങുകളോടെ നടക്കുന്ന രഥോത്സവം സുഗമമായും മികച്ച ഏകോപനത്തോടെയും നടത്തുന്നതിനായി രഥസംഗമത്തിൽ പങ്കെടുക്കുന്ന നാല് പ്രധാന ക്ഷേത്രങ്ങളിലെ ഭാരവാഹികളുടെ പ്രഥമ സംയുക്ത യോഗം ചേർന്നു. ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീ നാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്ദക്കര ശ്രീ മഹാഗണപതി ക്ഷേത്രം, ചാത്തപ്പുരം ശ്രീ പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ഭാരവാഹികളും ട്രസ്റ്റിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.
നവംബർ 8-ന് കൊടിയേറ്റ്; അഞ്ചാം തിരുനാൾ നവംബർ 12-ന്
നവംബർ 7-ന് വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന വാസ്തുബലി, ശാന്തി ഹോമ ചടങ്ങുകളോടെ രഥോത്സവത്തിന്റെ വൈദിക ആചാരങ്ങൾക്ക് തുടക്കമാകും. തുടർന്ന് നവംബർ 8-ന് രാവിലെ നാല് ക്ഷേത്രങ്ങളിലും രഥോത്സവത്തിന് കൊടിയേറും. ഉത്സവ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രമുഖ വേദപണ്ഡിതരുടെ ചതുർവ്വേദ പാരായണം, ക്ഷേത്ര ദേവതകൾക്ക് വിശേഷാൽ ജപ-ഹോമ-അർച്ചന-അഭിഷേകങ്ങൾ, ഉത്സവമൂർത്തികളുടെ രഥവീഥിയിലൂടെയുള്ള വിശേഷാൽ എഴുന്നള്ളത്ത് എന്നിവ നടക്കും. രഥോത്സവത്തിലെ അതീവ പുണ്യകരമായ അഞ്ചാം തിരുനാൾ നവംബർ 12-ന് അർദ്ധരാത്രി 12 മണിക്ക് നടക്കും. അഞ്ചാം തിരുനാൾ പല്ലാക്ക് - രഥസംഗമ ചടങ്ങുകൾ ഭക്തർക്ക് സുഗമമായി ദർശിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ യോഗത്തിൽ തീരുമാനമായി.

Kalpathi Ratholsavam - File|DTPC
രഥസംഗമം നവംബർ 16-ന്; ആറാട്ട് 17-ന്
വർണ്ണാഭമായി അലങ്കരിച്ച ആറ് രഥങ്ങളുടെ ഗ്രാമപ്രയാണം നവംബർ 14, 15, 16 തീയതികളിലാണ് നടക്കുക. കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ആകർഷണമായ വിശ്വപ്രസിദ്ധ ദേവരഥ സംഗമം നവംബർ 16-ന് വൈകുന്നേരം നടക്കും. നവംബർ 17-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആറാട്ടും കൊടിയിറക്കവും പൂർത്തിയാകും. രഥോത്സവത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് പൂർണ്ണ സൗകര്യങ്ങൾ ഒരുക്കാനും ഹൃദ്യമായ അനുഭവം സമ്മാനിക്കാനും വിപുലമായ ആസൂത്രണമാണ് നടത്തുന്നത്.
തമിഴ്നാട്ടിലെ മായവരം മയൂരനാഥ ക്ഷേത്രത്തിൽ തുലാമാസത്തിൽ നടക്കുന്ന രഥോത്സവത്തിന്റെ മാതൃകയിലാണ് ആറ് നൂറ്റാണ്ടുകൾക്ക് മുൻപ് കൽപ്പാത്തിയിലും രഥോത്സവം ആരംഭിച്ചത്. തമിഴ്നാട്ടിലെ മായാവരത്തു നിന്നും പാലക്കാട്ടെ കൽപ്പാത്തിയിലേക്ക് കുടിയേറിപ്പാർത്ത പൂർവികരുടെ ആചാര പാരമ്പര്യത്തിന്റെ തുടർച്ചയായാണ് കൽപ്പാത്തിയിൽ രഥമുരുളുന്നത്. ഇതിന്റെ സ്മരണാർത്ഥം ഒക്ടോബർ 24, 25 തീയതികളിൽ കൽപ്പാത്തി ക്ഷേത്ര പ്രതിനിധികൾ മയിലാടുതുറൈയിലെ മായവരം ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പൂജകളും ആരാധനകളും നിർവ്വഹിക്കും.

joint preparatory meeting for Kalpathy Ratholsavam 2026
രഥോത്സവ പത്രികാ പ്രകാശനം ഒക്ടോബർ 8-ന്
കൽപ്പാത്തി രഥോത്സവം, ക്ഷേത്രങ്ങൾ, അഗ്രഹാരങ്ങൾ എന്നിവ സംബന്ധിച്ച ചരിത്ര വിവരങ്ങളടങ്ങിയ സംയുക്ത രഥോത്സവ വിളംബര പത്രിക ഒക്ടോബർ 8-ന് (വ്യാഴം) വൈകിട്ട് 6.30-ന് ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രാങ്കണത്തിൽ ഭക്തജന സാന്നിധ്യത്തിൽ പ്രകാശനം ചെയ്യും. രഥോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃത്യമായ ഇടപെടലുകളും ഏകോപനങ്ങളും ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ ഭരണകൂടത്തിനും മുനിസിപ്പാലിറ്റിക്കും സംയുക്ത നിവേദനം നൽകാനും യോഗത്തിൽ തീരുമാനമായി. ബഹുജന-വയോജന സൗഹൃദ ക്രമീകരണങ്ങൾ, പൈതൃക-പുഴ സംരക്ഷണം, മികച്ച റോഡുകൾ, പാർക്കിങ് സൗകര്യങ്ങൾ, കർശനമായ സുരക്ഷാ-ഗതാഗത ക്രമീകരണങ്ങൾ, വഴിയോരക്കച്ചവട നിയന്ത്രണം, ശുചിത്വപാലനം, തടസ്സമില്ലാത്ത കുടിവെള്ള-വൈദ്യുതി വിതരണം എന്നിവ ഉറപ്പാക്കാൻ ഭരണകൂടത്തോട് അഭ്യർത്ഥിക്കും.
ശിവക്ഷേത്രം മാനേജിങ് ട്രസ്റ്റി വി.കെ. സുജിത് വർമ്മ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പുതിയ കൽപ്പാത്തി ഗ്രാമജനസമൂഹം - മന്ദക്കര ശ്രീ മഹാഗണപതി ക്ഷേത്രം പ്രസിഡന്റ് കെ.എസ്. കൃഷ്ണ, പഴയ കൽപ്പാത്തി ശ്രീ ലക്ഷ്മീ നാരായണ പെരുമാൾ ക്ഷേത്രം മാനേജിങ് ട്രസ്റ്റി സി.എസ്. മഹേഷ് കൃഷ്ണൻ, ചാത്തപ്പുരം ഗ്രാമസമൂഹം ബ്രഹ്മസ്വം ട്രസ്റ്റ് ശ്രീ പ്രസന്ന മഹാഗണപതി ക്ഷേത്രം സെക്രട്ടറി സി.വി. മുരളി രാമനാഥൻ എന്നിവർ സംസാരിച്ചു. വി.കെ. രാജേന്ദ്രവർമ്മ, വി.കെ. പ്രശോഭ്, കെ. അജിത് (ശിവക്ഷേത്രം), സി.കെ. ശ്രീനിവാസൻ (പഴയ കൽപ്പാത്തി ക്ഷേത്രം), കെ.ആർ. സുരേഷ് (മന്ദക്കര ക്ഷേത്രം), സി.ബി. ബാലഗണപതി വാദ്ധ്യാർ (ചാത്തപ്പുരം ക്ഷേത്രം) തുടങ്ങിയവർ പങ്കെടുത്തു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Preparations have formally commenced for the world-renowned Kalpathi Ratholsavam (chariot festival), which will be celebrated from November 7 to 17 in Palakkad
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



