നാറാണത്തു ഭ്രാന്തന്റെ പ്രതിമ വലംവെച്ച് പ്രാർത്ഥിക്കാൻ ആയിരങ്ങൾ;

Rayiranellur Mala Kayattam
Rayiranellur Mala Kayattam
Last Updated :18 October 2026, 10:36 am IST

News Now

കൊപ്പം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാറാണത്തു ഭ്രാന്തന്റെ തട്ടകമായ രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി. മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു. കൊപ്പം–വളാഞ്ചേരി പാതയിലെ നടുവട്ടം ഒന്നാന്തിപ്പടിയിൽ നിന്നാണ് ഭക്തർ മലകയറുന്നത്. തുലാമാസത്തിലെ വിശേഷ ദിവസമായ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആളുകളാണ് മലചവിട്ടാൻ എത്തിയിട്ടുള്ളത്.

മലമുകളിലെത്തുന്ന ഭക്തർ നാറാണത്തു ഭ്രാന്തന്റെ കൂറ്റൻ പ്രതിമ വലംവെച്ച് കാണിക്കയർപ്പിച്ചും മലമുകളിലെ ക്ഷേത്രത്തിൽ ദർശനവും പ്രത്യേക പൂജകളും നടത്തിയാണ് മലയിറങ്ങുന്നത്. ആമയൂർ മന നാറാണത്തു മംഗലത്ത് ദ്വാദശാക്ഷരി ട്രസ്റ്റ് ഭാരവാഹികളായ രാമൻ ഭട്ടതിരിപ്പാട്, മധുസൂദനൻ ഭട്ടതിരിപ്പാട് എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നു. മലമുകളിലും താഴ്‌വാരത്തുമായി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും കുടിവെള്ള വിതരണവും ആരോഗ്യവകുപ്പിന്റെ പ്രാഥമിക ശുശ്രൂഷാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കൊപ്പം-വളാഞ്ചേരി പാതയിൽ ഗതാഗത നിയന്ത്രണം

വൻ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ കൊപ്പം-വളാഞ്ചേരി പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കൊപ്പം പൊലീസ് അറിയിച്ചു. ചരക്കുലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്കാണ് പ്രധാനമായും നിയന്ത്രണമുള്ളത്.

പട്ടാമ്പി ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തൃത്താല-കൊപ്പം-മുതുതല-പാലത്തറ ഗേറ്റ് വഴി തിരിഞ്ഞു പോകണം. പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ വിളയൂർ-നെടുങ്ങോട്ടൂർ-കൈപ്പുറം വഴിയാണ് പോകേണ്ടത്. തിരിച്ചുള്ള യാത്രയ്ക്കും ഈ റൂട്ടുകൾ തന്നെ ഉപയോഗിക്കണം. മലയോട് ചേർന്നുള്ള പ്രധാന റോഡിൽ ഒരു തരത്തിലുള്ള വാഹന പാർക്കിംഗും അനുവദിക്കില്ല.

ഭക്തർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ

മലകയറുന്ന ഭക്തർ യാതൊരു കാരണവശാലും പ്ലാസ്റ്റിക് സാധനങ്ങളും കുപ്പികളും മലമുകളിലേക്ക് കൊണ്ടുപോകരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. പൊതുസുരക്ഷ മാനിച്ച് മലകയറ്റത്തിനെത്തുന്നവർ സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശം സൂക്ഷിക്കുന്നത് പരമാവധി ഒഴിവാക്കണം. സ്വർണാഭരണങ്ങൾ അണിഞ്ഞ് എത്തുന്നവർ അവ സേഫ്റ്റി പിൻ ഉപയോഗിച്ച് വസ്ത്രവുമായി സുരക്ഷിതമായി ബന്ധിപ്പിക്കണമെന്ന് ജനമൈത്രി പൊലീസ് ഓർമ്മിപ്പിച്ചു.

ഷൊർണ്ണൂർ ഡിവൈഎസ്പി കെ.സി. വിനു, പട്ടാമ്പി സർക്കിൾ ഇൻസ്പെക്ടർ ദീപകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലനത്തിനായി മലമുകളിലും താഴ്‌വാരത്തുമായി വിന്യസിച്ചിട്ടുള്ളത്. ആരോഗ്യ പ്രവർത്തകരുടെയും ഫയർഫോഴ്സ് സേനാംഗങ്ങളുടെയും 24 മണിക്കൂർ സേവനവും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്.

Summary

The annual Rayiranellur Mala Kayattam has commenced with thousands of devotees climbing the sacred hill via Onnanthippadi on the Koppam-Valanchery route to offer prayers at the hilltop Devi Temple and circumambulate the statue of Naranathu Bhranthan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates