കേച്ചേരിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം; പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആദ്യ അപകടത്തെ തുടർന്ന് റൂട്ട് തിരിച്ചുവിട്ട ബസുകൾ ചൂണ്ടലിൽ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ ദുരന്തം

Kecheri accident
Kecheri accident
Edited by :Damodaran K
Last Updated :12 ജൂൺ 2026, 11:50 am IST

തൃശ്ശൂർ: കേച്ചേരിയിൽ ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. മിനി പിക്കപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിക്കപ്പ് യാത്രക്കാരനായ ആനക്കല്ല് തെക്കൂട്ട് വീട്ടിൽ നിധിൻ ആണ് മരണപ്പെട്ടത്.

രാവിലെ കേച്ചേരി സെന്ററിൽ കുന്നംകുളം റോഡ് മുസ്ലിം പള്ളിക്ക് സമീപമായിരുന്നു ആദ്യത്തെ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട മിനി പിക്കപ്പും ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിധിൻ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. ഉടൻ തന്നെ അമല ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിക്കപ്പിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേച്ചേരി സെന്ററിലുണ്ടായ അപകടത്തെ തുടർന്ന് മേഖലയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കുന്നംകുളം-തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളെയും മറ്റ് വാഹനങ്ങളെയും ചൂണ്ടൽ വഴി താൽക്കാലികമായി റൂട്ട് തിരിച്ചുവിടുകയായിരുന്നു.

ഇങ്ങനെ വഴിതിരിച്ചുവിട്ട റൂട്ടിലൂടെ അമിതവേഗതയിൽ ഓടിയ രണ്ട് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. ശക്തമായ ഇടിയിൽ ബസുകളിലെ യാത്രക്കാരായ പതിനഞ്ചോളം പേർക്ക് നിസ്സാരമായ പരിക്കുകൾ പറ്റി. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ അമല ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു. അപകടങ്ങളെ തുടർന്ന് കുന്നംകുളം തൃശ്ശൂർ പാതയിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now