പഠിക്കാൻ നിർബന്ധിച്ചതിന് മാതാപിതാക്കളോട് പിണക്കം; ജോലി തേടി കേരളത്തിലെത്തിയ ബംഗാളി 14കാരനെ വീട്ടിലെത്തിച്ചു

മൊബൈൽ ഉപയോഗം വിലക്കിയപ്പോൾ വീടുവിട്ടത് സുഹൃത്തുക്കൾക്കൊപ്പം

Bengal Minor Rescued
Bengal Minor RescuedRepresentative|AI Generated
Edited by :Damodaran K
Last Updated :20 സെപ്റ്റംബർ 2026, 10:12 am IST

മലപ്പുറം: പഠിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി ജോലി തേടി കേരളത്തിലെത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ പതിനാലുകാരനെ രക്ഷപ്പെടുത്തി മാതാപിതാക്കളുടെ അരികിലെത്തിച്ചു. മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും (സിഡബ്ല്യുസി) ചൈൽഡ് ഹെൽപ്‌ലൈൻ വിഭാഗത്തിന്റെയും ഇടപെടലിലൂടെയാണ് പശ്ചിമ മേദിനിപ്പൂർ സ്വദേശിയായ ബാലൻ സുരക്ഷിതമായി സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായി ഒഴിവാക്കണമെന്നും പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടതിലായിരുന്നു കുട്ടിയുടെ പിണക്കം. തുടർന്ന് കഴിഞ്ഞ ജൂൺ 19-ന് നാല് സുഹൃത്തുക്കൾക്കൊപ്പം കുട്ടി നാടുവിടുകയായിരുന്നു. ട്രെയിൻ മാർഗ്ഗം കോഴിക്കോട് എത്തിയ സംഘം പിന്നീട് മലപ്പുറം ജില്ലയിലെ വാഴക്കാട്ടുള്ള ഒരു ക്വാർട്ടേഴ്സിലാണ് താമസിച്ചത്.

തുണയായത് 1098 ഹെൽപ്‌ലൈൻ കോൾ

എന്നാൽ ചെറിയ പ്രായത്തിൽ കഠിനമായ ജോലികൾ ചെയ്യാൻ കഴിയാതെ വന്നതോടെ കുട്ടി മാനസികമായി തകർന്നു. തുടർന്ന് ജൂലൈ നാലിന് കുട്ടി സ്വന്തം നിലയിൽ ചൈൽഡ് ഹെൽപ്‌ലൈൻ നമ്പറായ 1098-ൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. സന്ദേശം ലഭിച്ചയുടൻ അധികൃതർ നടത്തിയ പരിശോധനയിൽ കുട്ടി അരക്ഷിതാവസ്ഥയിലും അപകടകരമായ സാഹചര്യത്തിലുമാണ് കഴിയുന്നതെന്ന് വ്യക്തമായി. തൊട്ടടുത്ത ദിവസം തന്നെ (ജൂലൈ 5) ചൈൽഡ് പ്രൊട്ടക്ഷൻ സംഘം വാഴക്കാട്ടെ ക്വാർട്ടേഴ്സിലെത്തി കുട്ടിയെ സുരക്ഷിതമായി മോചിപ്പിച്ചു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം കുട്ടിയെ തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് കുട്ടിക്ക് ആവശ്യമായ കൗൺസിലിങ്ങും വിദഗ്ധ മാനസിക പിന്തുണയും ഉറപ്പുവരുത്തി.

കുട്ടിയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് നടത്തിയ സാമൂഹിക അന്വേഷണ റിപ്പോർട്ടിൽ ഇവരുടെ കുടുംബം കടുത്ത സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരാണെന്ന് ബോധ്യപ്പെട്ടു. കേരളത്തിൽ എത്തി കുട്ടിയെ തിരികെ കൊണ്ടുപോകാൻ മാതാപിതാക്കൾക്ക് സാമ്പത്തിക ശേഷിയില്ലാത്തതിനാൽ സർക്കാർ ചെലവിൽ പ്രത്യേക ഉദ്യോഗസ്ഥ സംഘം കുട്ടിയെ അനുഗമിച്ച് പശ്ചിമ ബംഗാളിലേക്ക് തിരിച്ചു. പശ്ചിമ മേദിനിപ്പൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ ബാലനെ മാതാപിതാക്കൾക്ക് കൈമാറി. നാടുവിട്ടതിലെ തെറ്റ് തിരിച്ചറിഞ്ഞ ബാലൻ, ഇനി നന്നായി പഠിച്ച് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി നല്ലൊരു ജോലി നേടുമെന്ന ദൃഢനിശ്ചയത്തോടെയാണ് മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now