'ഒരണ നോവല്‍'- എബിന്‍ എം. ദേവസ്യ എഴുതിയ കവിത

അമ്മച്ചിയുടെപഴയ ഒരണ നോവല്‍കാറ്റു പറത്തിക്കളഞ്ഞു

ചിത്രീകരണം: സജീന്ദ്രൻ കാറഡുക്ക
Edited by :migrator
Last Updated :20 ജനുവരി 2024, 8:57 am IST

അമ്മച്ചിയുടെ
പഴയ ഒരണ നോവല്‍
കാറ്റു പറത്തിക്കളഞ്ഞു

പഴയ തകരപ്പെട്ടിയെ
കീഴ്മേല്‍ മറിച്ചുകൊണ്ട്
ഓടിയ എലിക്കൂട്ടം
വീടുപൊളിക്കാന്‍ വന്ന
തൊരപ്പന്‍ അഭിലാഷിന്റെ
കാലില്‍ കടിച്ചു കുടഞ്ഞുകളഞ്ഞു

എലി കടിച്ചാല്‍ കുരുപ്പേ,
തൊരപ്പാ നീ തീര്‍ന്ന്
രായപ്പന്‍ മേസ്തിരി കൂവി വിളിച്ചു

''ഈ മൈരെലി''
അഭിലാഷ് എന്റെ
പെങ്കൊച്ചുങ്ങള് നിക്കുന്ന നോക്കാതെ
ഒരു തെറി പൊട്ടിച്ചു

മേസ്തിരി പറഞ്ഞത് നേരാ,
കള്ള ബ്രാണ്ടി വിക്കുന്ന ചകിരി മാപ്ലയെ
പണ്ട് എലി കടിച്ചു പറിച്ചതാ
ഇപ്പോളും ദേഹം മൊത്തം തൂങ്ങിയാടുവാ
പിസിലെലി പോലെ കുറെ ഉണ്ടകള്‍

അമ്മച്ചിടെ ഒന്നര അണ നോവല്‍
(അതോ ഒരണയോ)
കിട്ടിയത് പഴേ വീഞ്ഞപ്പെട്ടി
പൊളിച്ചപ്പോളാ

അപ്പന്‍ റാക്ക് കുപ്പി
പൊട്ടാതെ വച്ചിരുന്നത്,
അമ്മച്ചി ഉണക്കമീന്‍ വച്ചിരുന്നത്,
പഴന്തുണി കീറിവച്ചത്,

ഒക്കെ വീഞ്ഞപ്പലകകൊണ്ട് കെട്ടിയ
ഈ സമ്മാനത്തിലാരുന്നു

പണ്ടെന്നെ
അമ്മച്ചി അക്ഷരം പഠിപ്പിച്ചത്
ഈ നോവല്‍ വായിപ്പിച്ചാരുന്ന്

മീന്‍കറിയുടേയും
വാഴയ്ക്കാത്തോരന്റേം
കറപുരണ്ട കറുത്ത താളുകളില്‍
മെഴുക്കു പറ്റിപ്പിടിച്ചു കട്ടിപിടിച്ചു കിടന്നു

എന്നാലും അമ്മച്ചി
ആ താള് മറിക്കുന്ന ചേല്
ഒന്ന് കാണണം,
അടുക്കളേലെ വേദപുസ്തകം
വീഞ്ഞപ്പെട്ടിയുടെ അള്‍ത്താരയില്‍
ഭദ്രമായിരുന്ന്
അടുക്കളേലെ കുര്‍ബ്ബാന കണ്ട്

ഏഴാംക്ലാസ്സില്‍ പഠിപ്പു നിര്‍ത്തിയ
അമ്മച്ചീടെ മാനിഫെസ്റ്റോ ആണ്
ഇന്ന് പെര പൊളിച്ചപ്പോ
ഇങ്ങനെ പറന്നു നടന്നത്

സോഫിയും സോളമനും പിരിയുമ്പോ
അമ്മച്ചി കരയും,
അമ്മച്ചി നിറയുന്നത് കണ്ട്
എന്റെ കണ്ണും നിറയും

അന്നേരം അപ്പച്ചന്‍
പണികഴിഞ്ഞു കേറിവരുന്ന നേരമാകും,
അപ്പോള്‍ നോവല്‍ മടക്കി
എന്നെ ഉറക്കി
അമ്മച്ചി
കപ്പപ്പുഴുക്കുമായി
അടുക്കളേന്ന് ചെല്ലും
''എന്നാടി
നിന്റെ സോഫി ഇന്നും ചത്തോ''

അമ്മച്ചി കെറുവിക്കും,
കപ്പപ്പുഴുക്കില്‍
കാന്താരി ചീനി ഉടച്ചു
അപ്പന്‍ ഒരു പിടി വാരിക്കൊടുക്കും,
പിന്നെ അവര്‍ നീറുന്നത്
ഞാന്‍ കാണാന്‍ നിക്കത്തില്ല

സോഫിയും സോളമനും
വായിച്ചു വായിച്ചു വളര്‍ന്ന്
ഞാന്‍
ഇന്ന്
അമ്മച്ചിടെ വീടും വീഞ്ഞപ്പെട്ടിയും
പൊളിച്ചു

മഞ്ഞച്ച സോഫീം സോളമനും
കാറ്റില്‍ ഇങ്ങനെ
പറന്നു കളിച്ചപ്പോ
അമ്മച്ചി കരയുവാരിക്കുമെന്നേ

അപ്പന്‍ അന്നേരോം
കാന്താരിച്ചീനീല് വെള്ളുകപ്പ കൂട്ടി
ഒരുപിടി പിടിക്കുമാരിക്കുമെന്നേ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now