'ജലം'- രശ്മി കിട്ടപ്പ എഴുതിയ കവിത

വരള്‍ച്ചയുടെ നിവര്‍ത്തിവെച്ച ഭൂപടത്തില്‍എന്റെയിടവുമുണ്ട്അതിന്റെ വരളുന്ന ചുണ്ടുകള്‍വിണ്ടുകീറുന്ന ഉപ്പൂറ്റിപൊള്ളുന്ന ഹൃദയം

Last Updated :20 January 2024, 8:17 am IST

വരള്‍ച്ചയുടെ നിവര്‍ത്തിവെച്ച ഭൂപടത്തില്‍
എന്റെയിടവുമുണ്ട്
അതിന്റെ വരളുന്ന ചുണ്ടുകള്‍
വിണ്ടുകീറുന്ന ഉപ്പൂറ്റി
പൊള്ളുന്ന ഹൃദയം

ഞാനോ
ജലത്തെയറിഞ്ഞില്ല
ക്ഷാമം എന്റെ ചുറ്റുപാടുകളെ തൊട്ടില്ല

എനിക്ക് ഗംഗയുണ്ടായിരുന്നു
ലജ്ജയില്ലാതെ നിശ്ശബ്ദയായി 
എന്തിനിങ്ങനെ ഒഴുകുന്നുവെന്ന്
ഭൂപന്‍ ഹസാരിക പാടിയ അതേ ഗംഗ
മുകളിലെ കറുത്ത സിന്റക്‌സ് ടാങ്കില്‍
ശ്വാസംമുട്ടിയിരിക്കുന്നവള്‍
അളകനന്ദയുടേയും ഭാഗീരഥിയുടേയും മകള്‍

ശുദ്ധവായുവിനേക്കാള്‍ സുലഭമായവളെ
പച്ചപ്പുല്‍ത്തകിടിയിലേയ്ക്ക് ഞാന്‍ തുറന്നിട്ടു
അരിയും പരിപ്പും പച്ചക്കറികളും
അവളുടെ ധാരാളിത്തത്തില്‍ ചിരിച്ചാര്‍ത്തു 
പ്ലാസ്റ്റിക് കാനുകള്‍ പുറത്തേറ്റി നടക്കുന്ന
എത്യോപ്യയിലെ വരണ്ടമുഖമുള്ള സ്ത്രീകളും
ചാഡിലെ നിത്യവും ചുരുങ്ങുന്ന തടാകവും
ഇരുണ്ട ഭൂഖണ്ഡത്തില്‍നിന്നും എന്നെ തറപ്പിച്ചുനോക്കി
എനിക്ക് ഗംഗയുണ്ടായിരുന്നു
മഹാകുംഭങ്ങളെ നെഞ്ചിലേറ്റുന്നവള്‍

രാജ്ഗീറിലെ ചൂടുറവയെ ഒരിക്കല്‍ തൊട്ടിട്ടുണ്ട്
ബിയാസിന്റെ കൈവഴിയായ 
മനൂനിയുടെ തണുപ്പിലേക്കിറങ്ങിയിട്ടുണ്ട്
എവിടുന്നുവരുന്നെന്നോ എങ്ങോട്ടു പോകുന്നെന്നോ 
അവരോട് ഞാന്‍ ചോദിച്ചില്ല 
അമ്മവീട്ടിലെ കൂവളത്തിനപ്പുറത്തെ വേനല്‍ക്കുളം
എന്റെ ഓര്‍മ്മകളെ നനച്ചതേയില്ല
എനിക്കു ഗംഗയുണ്ടായിരുന്നു
അതിര്‍ത്തിക്കപ്പുറത്ത് പദ്മയെന്ന് പേരുള്ളവള്‍

വേനലിനെ ഞാനകത്തേയ്ക്ക് കടത്തിയില്ല
എന്റെയുള്‍ത്തളങ്ങള്‍ തണുത്തുമരവിച്ചു
പുറത്തെ ഇലയില്ലാമരങ്ങളെ നോക്കി
ചെടിച്ചട്ടികള്‍ അഹങ്കരിച്ചു
ഉണങ്ങിയ മരച്ചില്ലയില്‍
ദാഹം ചിറകുമിനുക്കി
എനിക്ക് ഗംഗയുണ്ടായിരുന്നു
കാശീനാഥനെ കാണാന്‍ ഗതിമാറിയൊഴുകിയവള്‍

വേനല്‍ കത്തി
ഗംഗ ചടച്ചു
പിറകെ ടീസ്റ്റയും യമുനയും
ദൂരെ കൊളറാഡോയും
അമു ദാര്യയും സിന്ധുവും
പിന്നെ മഞ്ഞനദിയും
ചാനലുകളില്‍ വരള്‍ച്ച പടര്‍ന്നു
വെളുത്ത വട്ടമുഖമുള്ള സ്ത്രീകള്‍
എന്റെ ടെലിവിഷനില്‍
ആണുങ്ങളെച്ചൊല്ലി കലഹിച്ചു
എനിക്ക് ഗംഗയുണ്ടായിരുന്നു
ചരിത്രത്തിനപ്പുറത്തുനിന്നും കിതച്ചെത്തിയവള്‍

സീരിയലുകളുടെ ഇടവേളകള്‍
വാര്‍ത്തകള്‍ക്കു വഴിമാറി
സ്‌ക്രീനില്‍ തുള്ളികള്‍ കാത്തിരിക്കുന്ന 
ചളുങ്ങിയ പാത്രങ്ങളുടെ ഒടുങ്ങാത്ത നിരകള്‍
വെള്ളം തൊടാത്ത വെയിലേറ്റ ദേഹങ്ങള്‍
കിണറോളം ശൂന്യമായ കണ്ണുകള്‍
ജലം ജലമെന്നാര്‍ക്കുന്ന നിസ്സഹായത
ബാര്‍ബഡോസ്, സൊമാലിയ, 
ലാവുസ്, തായ്ലാന്റ്
എവിടെയാണത്?
തിരിച്ചു ചാനല്‍ മാറ്റുന്നതിനിടയില്‍
മിന്നിമാഞ്ഞ കനകാംബരങ്ങള്‍
എന്റെ കണ്ണില്‍പ്പെട്ടില്ല
ഗംഗ പിന്നെയും പിന്നെയും ചടച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

'ജലം'- രശ്മി കിട്ടപ്പ എഴുതിയ കവിത