
വി.കെ.കെ. രമേഷ് എഴുതിയ കഥ 'പട്ടുക്കോട്ടൈ കല്യാണസുന്ദരം'

ഗ്രാൻപാ ആരോഗ്യത്തിന്റെ തൊണ്ണൂറ്റിയഞ്ചാണ്ടുകൾ പൂർത്തിയാക്കുന്ന തിരുനാളിൽ ഞാനടക്കം കുടുംബത്തിലെ ഡോക്ടർമാരുടെ മൂന്നുതലമുറ തറവാട്ടിൽ ഒത്തുചേർന്നു. തമിഴ്‌നാടിനോട് മൂക്കുരുമ്മി നിൽക്കുന്ന തെക്കുകിഴക്കൻ പാലക്കാടൻ പ്രദേശങ്ങളിലൊന്നിലാണ് ഗ്രാൻപാ പണിക്കാരുടെ പിന്നണി ബലത്തോടെ ജീവിച്ചുപോരുന്നത്. ജോലി അവസാനിപ്പിച്ചതിനുശേഷം, വർഷങ്ങളായി അദ്ദേഹം അവിടെത്തന്നെയാണ്. കരിമ്പിൻ പാടങ്ങൾക്കിടയിലൂടെ നൂണുപോകുന്ന മൺപാതയിലൊന്ന് നിറഞ്ഞ പനങ്കാവുകളെ ചെന്നുതൊടുന്നതിനോരം പറ്റിയാണ് തറവാടിന്റെ നിൽപ്പ്. പച്ചത്തഴപ്പാർന്ന പറമ്പിനെ ചുറ്റിനും വിരിച്ചിട്ട്, കുമ്മായവെൺമയുടെ നീളൻ ചുമരുകളിൽ അതങ്ങനെ തലയുയർത്തി നിൽക്കുകയാണ്. തീരെ ചെറിയ ജാലകങ്ങളെല്ലാം സന്ദർഭത്തിന്റെ പ്രത്യേകതയിൽ വെയിൽവെളിച്ചത്തിലേക്ക് മലർക്കെ തുറക്കപ്പെട്ടിരിക്കുന്നു.
പഴുത്ത നെല്ലിന്റേയും കരിമ്പിന്റേയും മണമുള്ള നിരത്തിലൂടെ നീളെ കാറോടിച്ച് ഞാനങ്ങ് വന്നെത്തുകയായിരുന്നു. വെല്ലൂർ സി.എം.സിയിൽ ഒപ്പം ജോലിചെയ്യുന്ന ഡോക്ടർ പാർത്ഥന്റെ രഥമാണ്. നായത്തോടാണ് പുള്ളിയുടെ വീട്. അവിടെ, വീട്ടുമുറ്റത്ത് മാസങ്ങളായി ശിശിര നിദ്രയിലാണ്ടുകിടന്ന വാഹനത്തെ കയ്യാളി, നീളെയങ്ങു തെളിച്ചു. ഫ്ലൈറ്റിനകത്തെ ആഴമേറിയ ഉറക്കത്തിനു കാറിനകത്തെ അതിശ്രദ്ധകൊണ്ട് ഞാനങ്ങു പകരംവീട്ടി.
തളിരിട്ട മാവിൻതണലിൽ കാർ പാർക്ക് ചെയ്യുമ്പോൾ തൊട്ടടുത്തായി ഡാഡിയുടെ കാർ നിൽക്കുന്നതു കണ്ടു. ഡ്രൈവർ അടുത്തൊന്നുമില്ല. എന്നല്ല, വീട്ടിലെ പണിക്കാരുടെപോലും പൊടിയില്ല. ഉച്ചിയിൽ, നിഴലിനെ ചെറുതാക്കുന്ന ഉച്ചവെയിൽ. ഒരുവേള, സദ്യ തുടങ്ങിയിട്ടുണ്ടാകും. മുന്നോട്ടു നടക്കുമ്പോൾ സ്വിച്ച്ഡ് ഓഫാക്കി സൂക്ഷിച്ച സെൽഫോണിനു ജീവൻ കൊടുത്തു. ആവശ്യമെങ്കിൽ പേഴ്‌സണൽ ഫോൺ മാറ്റിനിർത്തി, ഹോസ്പിറ്റൽ ഫോണിന്റെ പരിധിയിൽ മാത്രം നിലനിൽക്കുന്നതാണ് എന്റെയൊരു രീതി. പാഴായിപ്പോയ പല വിളികളുടെ ചരിത്രരേഖകൾ ഒന്നൊന്നായി തിരശ്ശീലയിൽ തെളിഞ്ഞുവന്നു. കൂടുതൽ വിളികളും അമ്മയുടെ ഫോണിൽനിന്നുതന്നെ.
പഴയ പടവുകൾ കയറി, അകത്തേക്ക് തല നീട്ടിയതും ഗ്രാൻപായുടെ കണ്ണിൽപ്പെട്ടു.
“എന്റെ കുഞ്ഞാ, നീ വന്നെത്തിയല്ലോ!”
ഗ്രാൻപാ കൂടുതൽ സന്തോഷം പ്രകടമാക്കിയത് എന്നെ മുന്നിൽ കണ്ടപ്പോഴാണെന്ന് പന്തയം വെക്കാം. ഏകമകനേക്കാൾ പേരക്കുട്ടിയോടാണ് പണ്ടും അദ്ദേഹത്തിന് അധിക പ്രിയം. മറ്റുള്ളവരോട് തീരെ ഇല്ലെന്നല്ല, പൊതുവെ ഉള്ളിലുള്ളത് വെളിയിൽ കാണിക്കുന്ന രീതി അദ്ദേഹത്തിനില്ലെന്നു മാത്രം. ശിലാഭാവത്തിലാണ് മിക്കപ്പോഴും അദ്ദേഹം. പക്ഷേ, അത്തരം പ്രകൃതത്തിന്റെ മുറുക്കമൊക്കെ എനിക്കു മുന്നിൽ വരുമ്പോൾ പെട്ടെന്നങ്ങ് അലിഞ്ഞുപോകും. നടക്കാനിറങ്ങുന്ന തുറസ്സുകളിൽ ചരിത്രം എല്ലായ്‌പ്പോഴും നവജാതരുടെ കൈകളിലാണല്ലോ കയറിപ്പിടിക്കുക.
ഡ്രൈവർ മനോജും അടുക്കളക്കാരൻ സേതുവും വട്ടത്തിലുള്ള ഊൺമേശയെ വിഭവങ്ങളോടെ നീളെ നിയന്ത്രിച്ചു. ദീർഘനാളുകൾക്കുശേഷം തമ്മിൽ കാണുന്നതിന്റെ തിളക്കം, മൂടിവെച്ച ഡിപ്ലോമസിക്കിടയിലൂടെ അമ്മയുടെ മുഖത്തു മിന്നുന്നത് ശ്രദ്ധിച്ചെങ്കിലും ശരിക്കും എന്റെ നോട്ടമത്രയും ഗ്രാൻപായുടെ നേർക്കായിരുന്നു. അദ്ദേഹത്തിന്റെ ഉജ്ജ്വലമായ കവിളെല്ലുകൾ കുഞ്ഞുനാളിൽ ഞാൻ കണ്ട അതേ തിളക്കംപാലിച്ച് എഴുന്നുനിൽക്കുന്നുണ്ട്. പാകത്തിനു മാംസപേശികളിട്ടു ക്രമപ്പെടുത്തിയ കവിളിണകളിൽ പക്ഷേ, സൂര്യവെളിച്ചമില്ല. പകരം ചുളിവുകൾ ചമച്ചെടുത്ത മുഖനിമ്നോന്നതികളിൽ നീളെയിളകുന്നത് നരച്ച നിഴലുകളാണ്. നീങ്ങിപ്പോകുന്ന മേഘച്ഛായ മണ്ണിൽ വലിച്ചിഴക്കപ്പെടുന്നതുപോലെ. അതു മാത്രമല്ല, ഗ്രാൻപാ നീണ്ട മൗനത്തിലുമായിരുന്നു. വിഭവങ്ങളെ തൊട്ടുപെരുമാറുന്നതിൽ മാത്രം ശ്രദ്ധാലുവായ ഒരു ഊൺകാരണവരെപ്പോലെയാണ് അദ്ദേഹം പെരുമാറിയത്. വിചിത്രം തന്നെ! അതിനനു പാതികമായി ഡാഡിയും മമ്മിയും നീങ്ങുകകൂടിയായപ്പോൾ എനിക്കെന്തോപോലെ തോന്നി. ഊൺമേശക്കു ചുറ്റും മിണ്ടാട്ടമില്ലാത്ത നിമിഷങ്ങൾ നേർത്തുവന്നു.
“ചിലതെല്ലാം വ്യക്തമാക്കാനുണ്ട്, ഇവിടെവെച്ചുതന്നെ.”
വിരുന്ന് അതിന്റെ അവസാനത്തോടടുക്കുമ്പോൾ ഗ്രാൻപാ തണുത്ത ശബ്ദത്തിൽ പറഞ്ഞു. ഊൺമേശ വെടിപ്പാക്കിയാലുടൻ തുടങ്ങാമെന്നായിരുന്നു ഒറ്റ വാചകത്തിലുള്ള നിർദ്ദേശം. എന്നെക്കൂടി ചേർത്തുകൊണ്ടാണ് അദ്ദേഹം യോഗം തീരുമാനിച്ചതെന്നു മനസ്സിലായി. ഞങ്ങൾ അതങ്ങനെത്തന്നെ അനുസരിച്ചു. അടുക്കളപ്പണിക്കാരി മേശ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ പക്ഷേ, ഗ്രാൻപാ കൈകഴുകി നേരെ കിടപ്പുമുറിയിലേക്കു നീങ്ങുകയാണുണ്ടായത്. മേശപ്പുറം ഒരുങ്ങിക്കഴിഞ്ഞിട്ടും ഗ്രാൻപാ തിരികെയെത്തിയില്ല. ഒന്നും സംഭവിക്കാതെ നിമിഷങ്ങൾ ക്ലോക്കിൽ തൂങ്ങിയാടുമ്പോൾ ഡാഡിയുടെ കുറുകിയ നെറ്റി യിൽ പ്രത്യേകമായ ചില ചുളിവുകൾ കണ്ടുതുടങ്ങി. ഒട്ടും കാത്തിരുന്നു ശീലമില്ലാത്തയാളാണ്. ലക്ഷണം തികഞ്ഞ അക്ഷമൻ.
ഉയരമതിലിനപ്പുറത്തെ കാണാനാവാത്ത ഒറ്റയടിപ്പാതപോലെ ഗ്രാൻപാ ദീർഘനേരം അശരീരിയായി തുടർന്നു. വിരുന്നിനും ഉച്ചമയക്കത്തിനുമിടക്ക് ഊൺമേശയിൽ ത്രിശങ്കുവിനേപ്പോലെ തൂങ്ങിനിൽക്കാനല്ലാതെ മറ്റൊന്നിനും ഞങ്ങൾക്കായതുമില്ല. എന്നോട് മമ്മി അധികമൊന്നും സംസാ രിച്ചില്ല. ദീർഘവിരഹത്തിന്റെ ഭാഗമായി സംഭവിക്കേണ്ട കുശലമെല്ലാം, മമ്മിയുടെ വൃദ്ധമുഖത്തെ മുഖത്തേപ്പുപോലെത്തന്നെ ചർമ്മസ്പർശിയാകാതെ മാറിനിന്നു. കാര്യമാത്ര പ്രസക്തമായ ലഘുഭാഷണത്തിൽ അതൊതുങ്ങി. വായുവിലുറയുന്ന മഞ്ഞുകട്ടിമാതിരി സമയം പിന്നെയും, ബാക്കി.
തറവാടിന്റെ മേലാപ്പിനെ തഴുകി വെയിൽ പിന്നോട്ടു വീശുന്നതിനു മുന്‍പ്, ഗ്രാൻപാ ഊൺമേശയിലേക്ക് വന്നെത്തി. വിചിത്രമെന്നുതന്നെ പറയാവുന്ന മട്ടിലായിരുന്നു കടന്നുവരവ്. ത്രീ പീസ് സൂട്ടണിഞ്ഞ്, സർവ്വീസ് കാലത്ത് താൻ പതിവായി ഉപയോഗിക്കാറുള്ള ബ്രോവ്‌ലിൻ ബ്ലാക്ക് സൺഗ്ലാസ്സുമൊക്കെയായിട്ട്!
“എനിക്കൊരു യാത്ര പോകേണ്ടതുണ്ട്.”
എല്ലാവരും അമ്പരന്നുപോയെന്ന കാര്യത്തിൽ ഒട്ടുമില്ല സംശയം.
“ഐ ഹാവ് ടു ഗോ ടു മദ്രാസ്, ഐ മീൻ ചെന്നൈ.”
“ആർക്കൊപ്പം?”
അങ്ങനെയാണ് ഡാഡി ചോദിച്ചത്.
കഴിഞ്ഞ കുറേ കൊല്ലങ്ങളായി യാതൊന്നിനും തറവാട്ടിൽനിന്നു പുറത്തിറങ്ങാത്തയാളാണ് സംസാരിക്കുന്നത്!
“പേരക്കുട്ടിയോടൊപ്പം.”
എന്റെ മുഖത്തേക്കുപോലും നോക്കാതെ അദ്ദേഹം തുടർന്നു പറഞ്ഞു.
ഡാഡി അന്നേരം, ഗ്രാൻപായുടെ അരികിലേക്ക് നീങ്ങിച്ചെന്നു. അദ്ദേഹത്തിന്റെ കൈകൾ രണ്ടും സ്വന്തം കൈക്കുള്ളിലാക്കി. ആസന്നമരണത്തിന്റെ നിറവ്യത്യാസം കൈകളിൽ ബാധിച്ചിട്ടുണ്ടോ എന്നു പാളിനോക്കാൻ വേണ്ടിയാവാം. സൂത്രം ഗ്രാൻപാ തിരിച്ചറിഞ്ഞു.
“നോ ബ്ലോച്ചി സ്‌കിൻ1 ഓൺ ദ ഹാൻഡ്‌സ്.”
ഗ്രാൻപാ നിർദ്ദയം പറഞ്ഞു. ലജ്ജയുടെ ഒളിമറവിനുപോലും സമയംകളയാതെ വേഗത്തിൽ ഡാഡി പിൻവാങ്ങി. ഞാൻ ഗ്രാൻപായെത്തന്നെ സൂക്ഷിച്ചുനോക്കി. തൊണ്ണൂറു കഴിഞ്ഞതിന്റെ സഫലക്ഷീണമല്ലാതെ മറ്റൊരു ആപല്‍ലക്ഷണവും ആ മുഖത്ത് കാണാനില്ല. കോൾഡ് സ്റ്റെറിലൈസേഷനുശേഷം തയ്യാറാക്കി നിർത്തിയ സർജിക്കൽ സ്‌കാൽപൽപോലെ മൂർച്ചയോടെ മുന്നാങ്ങി നിൽക്കുന്ന കൺപീലികൾ വെളുത്തിട്ടുണ്ടെന്നല്ലാതെ ഒട്ടും തളർന്നിട്ടില്ല. കരിങ്കടൽത്തീരത്തെ ആ നീല കൃഷ്ണമണികൾ ഇപ്പോഴും നന്നായി ജ്വലിക്കുന്നുണ്ട്. വംശവഴിയായി അത്
പിന്നീട്, പകർന്നുകിട്ടിയിട്ടുള്ളത് എനിക്കു മാത്രമാണ്. പാരമ്പര്യത്തെ പരസ്പരം കൈകോർത്ത് ഉള്ളംകയ്യിൽ സംരക്ഷിച്ചുകൊണ്ട് കരിങ്കടൽത്തീരത്തുനിന്ന് ഇവിടെ വന്നെത്തിയത് ഞാനും ഗ്രാൻപായും മാത്രമായിരിക്കാം. ദൂരകാലങ്ങൾ ചാർത്തിക്കൊടുത്ത കലർപ്പിൽ വംശം മറഞ്ഞവനായി തുടരാനാണ് പാവം, ഡാഡിയുടെ വിധി.
“എന്നാണ് യാത്ര ഉദ്ദേശിക്കുന്നത്?”
ഡാഡി ചോദിച്ചു.
ഗ്രാൻപാ മറുപടി പറഞ്ഞില്ല. മമ്മിയെത്തന്നെ സൂക്ഷിച്ചു നോക്കുന്നതു കണ്ടു. അവർക്കിടയിൽ പ്രത്യേകമായൊരു പാരസ്പര്യം സദാ നിലനിൽക്കുന്നുതായി എനിക്കറിയാം. മമ്മി അദ്ദേഹത്തോട് ഉത്തരം പറയാനിഷ്ടപ്പെടാത്ത യാതൊന്നും ചോദിക്കില്ല. ഒരാൾക്ക് മറ്റൊരാളോട് പാലി ക്കാൻ ബുദ്ധിമുട്ടായ ഒരിനം സമ്പ്രദായമാണല്ലോ, അത്. സ്വന്തം ലൈബ്രറിയൊന്നാകെ അദ്ദേഹം ഏല്പിച്ചു കൊടുത്തത് മമ്മിക്കാണ്. ജനറൽ ഫിസിഷ്യനപ്പുറം പോകാൻ ധൈര്യ മില്ലാത്ത പാവം മമ്മിക്ക് കിട്ടിയതത്രയും ശസ്ത്രക്രിയയുടെ ഭയജന്യമായ പാഠങ്ങൾ! എങ്കിലും, പുസ്തകങ്ങളെയത്രയും വാലൻ പുഴുക്കൾക്കു കൊടുക്കാതെ മമ്മി കാത്തുരക്ഷിച്ചു. എന്റെ കൊച്ചുകാലുകൾ പിച്ചവെക്കുമ്പോഴേക്കും ലോകഗതി മറ്റൊന്നായിക്കഴിഞ്ഞിരുന്നു. പുസ്തകങ്ങൾ നശിക്കാതെ രക്ഷപ്പെട്ടെങ്കിലും ഗ്രാൻപായുടെ പാഠങ്ങളിലധികവും പ്രയോഗഗതിയിൽ വാലൻപുഴുവിന്റെ പിടിയിലായെന്നുതന്നെ പറയാം. അടിവെച്ചാർത്തു വരുന്ന പിൻതുടർച്ചകൾക്ക് പൂർവ്വസൂരികളെ അവഗണിക്കാൻ വിഷമമൊട്ടും തോന്നിയതുമില്ല. എന്നാൽ, മറ്റൊരാശയത്തിലായിരുന്നു പുതുക്കക്കാരനെങ്കിലും ഞാൻ ചുവടുറപ്പിച്ചത്. ക്ഷമതയുടെ വ്യതിയാനാംശം ഇടക്കുകയറി ഉടക്കുവെക്കുമെങ്കിലും മാറ്റമേശാത്ത അതേ മനുഷ്യശരീരംതന്നെയാണ് എല്ലായ്‌പ്പോഴും ഇവിടെയുള്ളത്. അതുകൊണ്ട് മനുഷ്യൻ കണ്ടെത്തിയ വഴികളെന്തിന്, അവന്റെ ഇടവഴികൾപോലും അപ്പാടെ വ്യർത്ഥമാകാറില്ല. കേവലമൊരു 2ഒബ്‌സീഡിയൻ കത്തികൊണ്ട് തല തുറക്കാനുള്ള ഉപായം കൈവശമുണ്ടായിരുന്ന പഴംകാലത്തിന്റെ അതിധീരതയെ, വിധിവൈപരീത്യങ്ങളുടെ വരുംവരായ്മകളിലേക്കായി സൂക്ഷിച്ചുവെക്കേണ്ടതുണ്ട് എന്നാണ് എന്റെ പക്ഷം. മനുഷ്യോപായത്തിന്റെ ഊർജ്ജസ്രോതസ്സുകളെല്ലാം നശിക്കുന്ന കാലത്തെക്കുറിച്ച് സങ്കല്പിക്കുന്നവൻ തീർച്ചയായും ഹാൻഡ്‌ലൂമിന്റെ ഉപായം നിലനിർത്താൻ ശ്രദ്ധിക്കും.

“ടിഞ്ചർ ബെൻസോയിൻ നെറ്റിഞരമ്പുകളിലൊന്നിൽ കുത്തിവെച്ച് ഈ മനുഷ്യൻ മൈഗ്രേൻ മാറ്റിക്കളയുമത്രെ, എത്രമേൽ പ്രാകൃതം!”
ഗ്രാൻപായേപ്പറ്റി ഡാഡി പറയുന്നതു കേട്ടിട്ടുണ്ട്.
“മോർഗൻ പാർക്കർ കമ്പനി വളച്ചുമൂർച്ചയാക്കിയ കത്തികൾ പോരാ എന്നായാൽ അക്കാലം, കൊല്ലന്റെ ആലയിലാണ് ഡോക്ടർക്ക് ശസ്ത്രക്രിയ, അതായത് കത്തി നിർമ്മാണം. സർജനാണെന്ന് അറിയുന്നതോടെ, ആലയിലെ ചൂട്, ഡോക്ടറുടെ കൈകളെ പരുക്കനാക്കാത്തവിധം പെരുമാറാൻ തുടങ്ങും. സർജന്റെ കൈത്തലം താമരപോലെ മൃദുവായിരിക്കണമെന്നാണല്ലോ.”
ഗ്രാൻപാ ചെറുപുഞ്ചിരിയോടെ പറയുന്നത് മിക്കവാറും ഇങ്ങനെയൊക്കെയാവും. അതു കേൾക്കാനാണ് പണ്ടുമുതൽ, എനിക്കിഷ്ടം. കാര്യങ്ങൾ അത്തരത്തിലായിട്ടുപോലും തന്റെ പ്രഭാവകാലത്ത് മദിരാശിയിൽ മികച്ച സർജനായിരുന്നു, ഗ്രാൻപാ. അക്കാര്യമെല്ലാം കുഞ്ഞുനാളിൽത്തന്നെ എനിക്കറിയാവുന്നതാണ്.
“ഇന്ന് നാലുമണി മുതൽ ഞാൻ ഒട്ടും ഫ്രീയല്ല.”
പൊടുന്നനെ, ഗ്രാൻപാ പ്രഖ്യാപിച്ചു. അത് സന്ദർശകർക്കുള്ള പൊതുനിർദ്ദേശമാണെന്ന് അവിടെ എല്ലാവർക്കും മിന്നി. കാർ ഇറക്കാൻ ഡാഡിയുടെ ഡ്രൈവർ മനോജിന്
മെസ്സേജ് പോയി. എന്റെ അടുത്ത പദ്ധതിയെന്തെന്ന് തിട്ടമില്ലാത്തതുകൊണ്ട് മമ്മി മുഖത്തേക്കുതന്നെ നോക്കി. അതിന്റെ മറുപടി പറഞ്ഞത് പക്ഷേ, ഞാനല്ല, ഗ്രാൻപായാണ്.
“അവൻ ഇന്ന്, ഇവിടെയാണ്.”
അതോടെ കാര്യങ്ങൾക്ക് മിനുസം വന്നു. അടുക്കളക്കാരൻ സേതു രാത്രിഭക്ഷണത്തിനുള്ള മെനുവിനായി കടന്നുവരുന്നു. അതിനാനുപാതികമായി ഡാഡിയും മമ്മിയും പുറത്തേക്കു നീങ്ങിപ്പോകുന്നു. ഞങ്ങളുടെ വീട്ടിലേക്ക് വരാതെ വെല്ലൂർക്ക് മടങ്ങിപ്പോകരുതെന്ന് മമ്മി കണ്ണു കാണിക്കുന്നു. ശരിയെന്ന് ഞാൻ. കോഴിക്കോടിനെയാണ് ഡാഡി ഇക്കാലം, തന്റെ തട്ടകമാക്കിയിരിക്കുന്നത്. പശ്ചിമഘട്ടം വകഞ്ഞെത്തുന്ന ഗ്രാൻപായുടെ കരക്കാറ്റിനെ വിട്ടുംവെച്ച് അറബിക്കടലിന്റെ കാറ്റിനോരം പറ്റാനുള്ള ഡാഡിയുടെ തീരുമാനത്തിൽത്തന്നെ കുടിയിരിക്കുന്നുണ്ട് തലമുറകളുടെ വിടവ്. അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. മുന്നോട്ടുള്ള വേഗതയിലും നീളെ തുടരുന്ന ബ്രേക്കിന്റെ സൂചനപോലെ പിന്നിൽ ചെമപ്പൻ വെളിച്ചവും സൂക്ഷിച്ചുകൊണ്ട് ഡാഡിയുടെ കാർ നീങ്ങിപ്പോയി. ഞാനും ഗ്രാൻപായും അകത്തേക്കു മടങ്ങി.
രാത്രികളിൽ അവിടെ പതിവുള്ള ഭക്ഷണം തന്നെ മതിയെന്ന് സേതുവിനോട് കണ്ണുകാട്ടി. തുടരാൻ തയ്യാറെടുക്കുന്നതോടെ അതത് പരിസരത്തെ അപ്പാടെ അനുകൂലിക്കുകയാണ് എന്റെയൊരു രീതി. ഗ്രാൻപായുടെ പരിസരത്ത് ആരും അധികം ശബ്ദങ്ങൾ ഉപയോഗിക്കുകയില്ല, എക്കാലവും കണ്ടുപോന്നിട്ടുള്ളത് അതാണ്. വിരൂപവചനങ്ങളുടെ വ്രണിതപ്രദേശങ്ങളെ മണമുള്ള മൗനത്താൽ എപ്പോഴും സുഗന്ധവാഹിയാക്കുന്നു, അദ്ദേഹം. ചരിക്കുന്ന പരിസരത്തെ ശാന്തനിശ്ശബ്ദതയിലേക്ക് ചേർക്കാനുള്ള ഏതോ ഒരു സിദ്ധി തീർച്ചയായും ഗ്രാൻപായുടെ കൈവശമുണ്ട്. ബഹുരൂപികളായ മനുഷ്യർ അറിയാതെ അതിലേക്കങ്ങ് അണിചേരുകയാണ്. അങ്ങനെ നോക്കിയാൽ, ഗ്രാൻപായുടെ തളത്തിൽ അസ്വസ്ഥനാകുന്ന ഒരേയൊരാൾ ഡാഡി മാത്രമായിരിക്കും.
വൈകുന്നേരങ്ങളിൽ പതിവായി ഗ്രാൻപായ്ക്ക് ഒരു നടത്തമുണ്ട്. അഥവാ വയൽസവാരി. അന്ന് അദ്ദേഹം എന്നേയും തുണകൂട്ടി. ചൂടുകുറഞ്ഞതെങ്കിലും തെളിച്ചമുള്ള വെളിച്ചം തളരുന്നതിനു മുന്‍പ്, ഞങ്ങൾ പടിഞ്ഞാറൻ പാടങ്ങളിലേക്കിറങ്ങി. പതിഞ്ഞു വീശുന്ന കിഴക്കൻകാറ്റ്. നെൽച്ചെടികൾ സ്വർണ്ണമണികളുടെ തലപ്പാവിട്ട് ചക്രവാളം നോക്കി നടനമാടി നീങ്ങുകയാണ്. തൊട്ടടുത്ത വായുവീചി ദിശതിരിഞ്ഞാണ് കയറിവരുന്നതെങ്കിൽ അതിലേറി അവയൊന്നടങ്കം തെല്ലിട കിഴക്കുനോക്കിയും തിരിച്ചുവരും. മധുരപ്പാലുറഞ്ഞ് മണികൂടിയ അരിയുടെ മണം തോടിനകത്തുനിന്ന് ഒന്നടങ്കം പുറത്തുചാടി മൂക്കുനോക്കി വീശിവന്നു. വരമ്പിൽ കിഴക്കുനിന്നും പുറപ്പെട്ട വിഷാദവാൻമാരായ കരിമ്പനകൾ അസ്തമയംനോക്കി അറച്ചറച്ചുനീങ്ങുന്നു. വിദൂരത്തിൽ, അവയുടെ അന്ത്യസംഘങ്ങൾ മിക്കവാറും ഏകാന്തതയിലേക്ക് കുറുകിപ്പോയിട്ടുണ്ട്.
ത്രീപീസ് സൂട്ടുമായി, വൈചിത്ര്യത്തിന്റെ ഒരു പൊട്ടുപോലെ ഗ്രാൻപാ വയൽവരമ്പിലൂടെ നടന്നു, തൊട്ടുപിന്നിലായി ഞാനും.
“കുഞ്ഞാ, മരണാസന്നതയുടെ നിമിഷങ്ങളിൽ നമ്മുടെ കണ്ണുകൾ കാണിച്ചുതരുന്നത് ഇത്തരം പുറംകാഴ്ചകളൊന്നു മായിരിക്കില്ല.”
ഗ്രാൻപാ പറഞ്ഞു. പിന്നീട്, തെല്ലുനേരത്തെ നിശ്ശബ്ദതയിലേക്കു വീണു. സംഭാഷണം തുടർന്നത് കുറേ കഴിഞ്ഞാണ്. തുടർഭാഷണത്തെ അദ്ദേഹം കാറ്റിന്റെ നടവട്ടങ്ങൾക്കിടയിലേക്ക് പതിയെ ചെരിച്ചു.
“സിനിമാശാലയിലേതുപോലെ ഇരുട്ടുവീഴുന്നു. പൊടുന്നനെ കണ്ണുകളുടെ പിൻഭാഗം ശുഭ്രതിരശ്ശീലയായി മാറുന്നു. പ്രതിച്ഛായകളെ ദൃശ്യമാക്കുന്ന ചതുരവെളിച്ചങ്ങൾ താനേ അവിടേക്ക് വന്നുവീഴാൻ തുടങ്ങും. എന്നേ ഊർന്നുപോയ മുഹൂർത്തങ്ങളുമായി ജീവിതം ഒരിക്കൽക്കൂടി വരിയൊപ്പിച്ച് വിരിഞ്ഞുവരികയായി...”

സൂര്യൻ മെല്ലെ ചായുകയാണ്. വർത്തുളതയിലെ ആകാശചാരി പടിഞ്ഞാട്ടേക്ക് പിടിവിട്ട് താഴുന്നതും നോക്കി പാടവരമ്പത്തു നിൽക്കുമ്പോൾ എനിക്ക് കാഴ്ചയെപ്പറ്റി മറ്റെന്തൊക്കെയോ തോന്നി. കാഴ്ചാസഹായിതന്നെ പൊടുന്നനെ ഒത്തൊരു തിരശ്ശീലയാകുമ്പോൾ തുടർന്ന്, അതിലോടുന്ന ജീവിതം കാണുന്നതിനായി അകത്തു മുളയ്ക്കുന്നത് ഏതിനം മുകുളങ്ങളായിരിക്കും? സർജിക്കൽ സ്‌കാൽപലുകൾകൊണ്ട് ജീവന്റെ ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്ന
ഡോക്ടർക്കു കാണാൻ കഴിയുന്ന അവയവങ്ങളെക്കുറിച്ചൊന്നുമല്ല ഗ്രാൻപാ പറയുന്നത്. എങ്കിലും, അപ്പറഞ്ഞതെല്ലാം മറ്റെന്തോ വെളിപ്പെടുന്നതിന്റെ മുന്നോടിയാണെന്ന് എനിക്കൊരു തോന്നൽ. അത് ശരിയുമായിരുന്നു.
“ശുഭ്രതിരശ്ശീലയിൽ തെളിഞ്ഞുവരുന്നത്, പണ്ടെപ്പോഴോ കുന്നിൽ പൂക്കൾ പറിക്കാൻ പോയതാണെങ്കിൽ അന്ന്, ഇറുത്തെടുക്കപ്പെട്ട അതേ പൂക്കൾ മാത്രമായിരിക്കും അന്നേരം, കാഴ്ചയിലേക്ക് ഓടിവരുന്നത്. ഞങ്ങളെ ഇറത്തുകളഞ്ഞില്ലേയെന്ന് അവയത്രയും കരയും. കരയോട് തലതല്ലി തിര കരയുന്നതിനോളം വേദനയോടെ... ചെടിവിട്ടു വീണുപോയ പൂക്കൾ മണ്ണിൽ, മരണത്തിലേയ്ക്ക് മെല്ലെ വാടിനീങ്ങുന്നതു കണ്ടിട്ടുണ്ടോ? അതുപോലെ വിമ്മിട്ടമുണ്ടാക്കുന്ന കാഴ്ച മറ്റൊന്നില്ല.”
ഗ്രാൻപായുടെ നെറ്റിയിലെ ഞെരമ്പ് വലിഞ്ഞു വീർത്തുവരികയാണല്ലോ എന്നൊരു തോന്നൽ അന്നേരം, എനിക്കുണ്ടായി. ഞാൻ അദ്ദേഹത്തെ കൽക്കഴായയുടെ അരികു തിണ്ണയിലിരുത്തി. ആ ഹൃദയമിടിപ്പുകളോർത്ത് വല്ലാത്തൊരിനം പരിഭ്രമം തോന്നി. അതറിയാൻ വേണ്ടിത്തന്നെ ഞാൻ അദ്ദേഹത്തോട് ചേർന്നിരുന്നു. മറ്റൊന്നിനുവേണ്ടിയാണെന്നൊന്നും ഭാവിക്കാനും പോയില്ല. അതുകൊണ്ടാവാം ഗ്രാൻപാ സന്തോഷത്തോടെ അതിനനുവദിച്ചത്. അദ്ദേഹം എന്നെ നെഞ്ചോടു ചേർത്തുപിടിച്ചു. ശാന്തമായി ഞാൻ ആ മിടിപ്പുകൾക്ക് കാതോർത്തു. വരിനിരപ്പിന്റെ പലമാതിരി വിരികളിൽപ്പോലും ഒരേ മുഖം കാണിക്കുന്ന തുടർമിടിപ്പുകൾ. അതത്രയും ശരീരത്തിന്റെ പറയാനാകാത്ത വാക്കുകളാണെന്ന് എനിക്കൊരു തോന്ന ലുണ്ട്. നെഞ്ചിനു മുകളിൽ തല ചേർത്തുവെച്ചാൽ അവ കേൾക്കാം. ഞാനതിന് തുടരെ കാതോർത്തു. ഓരോ തവണയും ശൂന്യതയെ ചാടിക്കടന്ന് ജീവന്റെ കൊമ്പുകളിലൂടെ ചാടിച്ചാടിപ്പോവുകയാണ്, ശ്വാസം. പ്രകൃതിസ്വരങ്ങളും വികൃതിസ്വരങ്ങളും ചേർന്ന് സംഗീതമാകുന്നതുപോലെ ഒരുതരം അചല, ചലപ്രകൃതം. മർമ്മരങ്ങളിലും അതിന്റെ ഇടവേളയിലുമായി അതങ്ങനെ തുടർച്ചയായി കേൾക്കുന്നുണ്ട്... എനിക്കറിയാം, ഏതൊരു സർജിക്കൽ സ്‌കാൽപലിനും ജീവന്റെ ശ്രീകോവിലോളമൊന്നും പ്രവേശനം കിട്ടിയിട്ടില്ല. അകത്തേക്കു പോകുന്തോറും അകം കൂടുതൽ അകത്തേക്ക് വിരിഞ്ഞു വിസ്തൃതമാകുകയാണുണ്ടാവുക. നാരുവേരുപടലങ്ങൾക്കകമേ ദൃശ്യാദൃശ്യമായി ചരിക്കുന്ന ജീവതരംഗത്തിന്റെ മർമ്മരങ്ങൾ. അതിന്റെ സ്വനഗ്രാഹികളെ ഒരിക്കലും വെട്ടിമുറിക്കാനാവില്ല. മാംസം ഭേദിച്ചു ചെന്നാൽ തൊടാതെ തൊടാനാകുന്നത് അനുക്ഷണം രൂഢമൂലമാകുന്ന അവസാനമില്ലാത്ത അവ്യക്തതയെ മാത്രം. എന്നാൽ, സ്വന്തം മിടിപ്പുകളടക്കിപ്പിടിച്ച് കാതോർക്കൂ, അതിന്റെ മൃദുമർമ്മരങ്ങളെങ്കിലും കേൾക്കാം.
അസ്തമയം വല്ലാതെ നീണ്ടുപോയതുപോലെ. മഞ്ഞുചുറ്റിയ പടിഞ്ഞാറിന്റെ തണുത്ത മുഖത്ത് നിലയ്ക്കാതെ ചോര പൊടിയുകയാണ്. അതിനെത്തന്നെ നോക്കിയിരിക്കുന്ന വേളയിൽ പൊടുന്നനെ ഗ്രാൻപായുടെ മുഖമങ്ങ് മങ്ങി. ഓപ്പറേറ്റിംഗ് ടേബിളിൽ, രോഗിയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഹെമറേജിനെ നേരിടുന്ന സർജന്റെ അമർത്താൻ പണിപ്പെടുന്ന പരിഭ്രാന്തിപോലെ.
“നമുക്ക് തിരിച്ചുപോകാം.”
അദ്ദേഹം പൊടുന്നനെ പറഞ്ഞു.
വീട്ടിലെത്തിയതും ഗ്രാൻപാ കിടപ്പുമുറിയിൽ കയറി വാതിലടക്കുകയാണുണ്ടായത്. തപ്തമായ വായുമടക്കുകളെ വകഞ്ഞൊഴിഞ്ഞ് ശമനമൗനത്തിനു സ്ഥലമൊരുക്കുകയാവാം. അത്തരം പാതകളിൽ മനസ്സിന്റെ സകല സഞ്ചാരങ്ങളും താനേ ഒടുങ്ങുമല്ലോ... പതിവിനു വിപരീതമായി അത്താഴത്തിനുള്ള മെനുവൊന്നും സേതുവിനു കൈമാറുകയുണ്ടായില്ല. എന്തു പറ്റിയെന്ന് സേതു എനിക്ക് കണ്ണെറിഞ്ഞു. അറിയില്ലെന്ന ആംഗ്യം മടക്കി. ചുവപ്പുരാശിയുടെ സൂര്യപ്പൊലിമയെല്ലാം അഴിച്ചുകളഞ്ഞ് തറവാടിന്റെ ചുമരുകൾ ക്രമേണ നരച്ച ഇരുട്ടിലേക്ക് പതിഞ്ഞമർന്നു. ഇടുങ്ങിയ മുറികളിലും അതിനു മുന്നിലെ ഇടനാഴികളിലും വൈദ്യുത വെളിച്ചത്തിനു മുന്നിൽപ്പെടാതിരിക്കാൻ ഇരുട്ട് കിടന്നോടുകയാണ്.
തുറന്ന കോലായയിൽ, ഇരുളൻ തൂണുകളിൽ ചാരി ഞാനും സേതുവും പരസ്പരം മുഖത്തോടുമുഖം നോക്കി
ചുമ്മാതിരുന്നു. കൂപ്പുകൈപോലെ തുടരുന്ന മേൽക്കൂര. തണുത്ത തിണ്ണ. ദൂരാകാശത്തിൽ, ചായം പുരട്ടിയതുപോലെ നീളിമലകളുടെ കരിങ്കറുപ്പ്... മറ്റൊരിടത്ത് ജീവിതം കരുപ്പിടിപ്പിച്ചവൻ അപരിചിതമായ ക്ഷണികാന്തരീക്ഷത്തിൽ നേരിടുന്ന സങ്കരയിനം മടുപ്പിൽ അന്നേരം, ഞാനകപ്പെട്ടുപോയി. അത്തരം സന്ദർഭങ്ങളിൽ ദൈവം തന്നെ ഇറങ്ങിവന്നാലും അങ്ങേർ നമ്മുടെ ശത്രുവായിത്തീരുകയേയുള്ളൂ.

ചെന്നൈയിലേക്കുള്ള ഗ്രാൻപായുടെ യാത്ര എന്തിനായിട്ടാണെന്ന് സേതു മടിച്ചുമടിച്ചാണെങ്കിലും ചോദിച്ചു. അങ്ങനെ ഒറ്റവാചകത്തിലെന്തെങ്കിലും പ്രഖ്യാപിക്കുന്ന ഒരാളല്ല ഗ്രാൻപാ. അക്കാര്യം അവനും അറിവുള്ളതാണല്ലോ. ചുറ്റിനും നിൽക്കുന്നവരെ ഒന്നടങ്കം ആശയക്കുഴപ്പത്തിലാക്കണമെങ്കിൽ അദ്ദേഹത്തിനു കാര്യമായിട്ടെന്തെങ്കിലും പറയാനുണ്ടെന്നു വ്യക്തം. അന്നേരം, മമ്മിയുടെ മേസ്സേജ് ഫോണിൽ തെളിഞ്ഞു. വിവരങ്ങളെന്തെങ്കിലും കിട്ടിയോ എന്നു ചോദിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം, വേറെയും. രണ്ടും ഡാഡിയുടെ നിർദ്ദേശപ്രകാരം വന്നതായിരിക്കാം. തനിക്കറിയാത്തതിനെയെല്ലാം സ്വന്തം വാതിലിനു പുറത്ത് അതേ നിലയിൽ അനുവദിക്കാനുള്ള ക്ഷമയുറ്റ വിവേകം മമ്മിയെപ്പോലെ ഡാഡിക്കില്ല. ഇങ്ങിനി കടന്നുവരാത്ത വചനം കണക്കെ ഗ്രാൻപായുടെ വെളിപാട് ആദിക്കപ്പുറം പതുങ്ങിനിൽക്കുകതന്നെയാണെന്ന് മറുപടിയെഴുതി. അതിനപ്പുറം മമ്മിക്ക് മറ്റെന്തോ പറയാനുണ്ടെന്ന് വെറുതേ എനിക്കൊരു തോന്നൽ. അതു ശരിയായിരുന്നുതാനും. അടുത്ത ക്ഷണം, മമ്മിക്കായി തെര ഞ്ഞെടുത്ത റിംഗ്‌ടോണിൽ ഫോൺ ചിലച്ചു.
“കുറച്ചു ദിവസങ്ങൾക്കുശേഷം, ഞാനിപ്പോൾ ഡോക്ടറുടെ ലൈബ്രറിയിലേക്കൊന്നു കയറി.”
മമ്മി പറഞ്ഞു. (ഗ്രാൻപായെ ‘ഡോക്ടർ’ എന്നാണ് മമ്മി സംബോധന ചെയ്യുക പതിവ്.) അങ്ങനെ പറഞ്ഞാൽ അതിനർത്ഥം അവർ ഗ്രാൻപായെ സ്പർശിച്ചു എന്നുതന്നെയാണ്. ചോദ്യങ്ങളുയരുകയേ ചെയ്യാത്ത മനസ്സുകൊണ്ട് ജീവന്റെ വഴുവഴുത്ത ഉൾനിലങ്ങളിലൂടെ പലവട്ടം നീങ്ങിപ്പോയ ഡോക്ടറുടെ സർജിക്കൽ സെറ്റ് ഇപ്പോൾ, തന്റെ കൈകളിലിരിക്കുകയാണെന്ന് മമ്മി പറഞ്ഞു.
“ഒരുവട്ടംകൂടി എല്ലാം ഞാൻ പുറത്തെടുത്തു. ഒട്ടും പൊടികയറാത്ത അവയെ വീണ്ടും തൊട്ടുനോക്കി. അവ്യക്ത കൃതാർത്ഥതയോടെ മനസ്സ് നിന്നുമിടിക്കുന്നത് എനിക്കറിയാൻ കഴിയുന്നു... നിന്നോടു മാത്രമായി എനിക്കൊരു കാര്യം പറയാനുണ്ട്.”
അതെന്തായിരിക്കുമെന്നതിൽ പറഞ്ഞറിയിക്കാനാകാത്ത ഒരിനം പ്രഹർഷം എനിക്കുണ്ട്, തീർച്ച. ആഴത്തിൽ തൊടാനുള്ളത് അതിനകത്തുള്ളതുകൊണ്ടാവാം, തെല്ലിട കഴിഞ്ഞാണ് മമ്മി അത് പങ്കുവെച്ചത്.
“താനുപയോഗിച്ച ഉപകരണങ്ങൾ ഒന്നൊഴിയാതെ തികച്ചും ഉണ്ടെന്നാണ് ഡോക്ടർ പറയാതെ പറഞ്ഞിട്ടുള്ളതെങ്കിലും, അതിനകത്ത് നിർണ്ണായകമായൊരു സ്‌കാൽപലിന്റെ കുറവുണ്ട്.”
അപൂർവ്വ വിജയത്തിലവസാനിച്ച സങ്കീർണ്ണമായ ശസ്ത്രക്രിയകളിൽ പങ്കെടുത്ത പ്രധാനപ്പെട്ട സ്‌കാൽപലുകൾ തുടർന്ന്, മറ്റൊന്നിനും ഉപയോഗിക്കാതെ സൂക്ഷിച്ചുവെക്കാൻ കൗതുകമുള്ള ചില സർജന്മാരെക്കുറിച്ച് കേട്ടിട്ടുണ്ട്. ഗതിതിരിച്ചുവിട്ട മനോധർമ്മത്തിനോടൊപ്പം ചേർന്നുനിന്ന അവയെ സ്വന്തം കൈകളോളം പ്രാധാന്യത്തോടെയാവും അത്തരക്കാർ പരിഗണിക്കുക. ചിലർ രോഗികളിൽനിന്നു താൻ പുറത്തെടുത്ത ചില അവയവങ്ങൾതന്നെ സൂക്ഷിക്കുമത്രെ. അങ്ങനെ ചിന്തിച്ചാൽ, ആർക്കും വിട്ടുകൊടുക്കാത്ത നിലയിൽ അത്തരമൊന്ന് ഗ്രാൻപായുടെ കൈവശം ഇപ്പോഴും ഉണ്ടെന്നു കരുതാവുന്നതാണ്. പക്ഷേ, വിജയം വരിച്ച ഒരാൾ തന്റെ ഉത്തോലകങ്ങളെല്ലാം പിറകെ നടക്കാനാരംഭിച്ചവർക്ക് കൈമാറിക്കഴിഞ്ഞിട്ടും അതിലൊരെണ്ണം സ്വയം സൂക്ഷിച്ചുവെക്കുന്നെങ്കിൽ, മിക്കവാറും അതിന് പരാജയത്തിന്റെ വായ്ത്തലയാണുള്ളതെന്നു സംശയിക്കണം. ചെമപ്പുകൽക്കോട്ടപോലെ നിവർന്നുനിൽക്കുന്ന മദ്രാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്റെ പ്രഭാവകാലത്ത് ഗ്രാൻപാ രോഗികൾക്ക് കൺകണ്ട ദൈവമായിരുന്നു, അക്കാര്യത്തിൽ സംശയമില്ല. വമ്പൻരോഗങ്ങളുമായെത്തുന്ന പാവപ്പെട്ടവർക്ക്, പ്രത്യേകിച്ചും. വരുത്തിക്കൂട്ടിയ തെറ്റുകൾ എങ്ങും കാണാനില്ലാത്ത തൊഴിൽ ജീവിതമായിരുന്നു, അദ്ദേഹത്തിനെന്നു ഞാൻ കേട്ടിട്ടുണ്ട്. മറിച്ചൊരപവാദം എവിടെയും കേട്ടിട്ടുമില്ല.
വരണ്ട മണ്ണുമായി ഉൾക്കടൽ നോക്കിക്കിടക്കുന്ന മരുഭൂമിയുടെ വായ്ത്തലപോലെയാണ് അന്നും, മദിരാശി. ഗ്രാൻപായുടെ കൗമാരയൗവ്വനങ്ങൾ ശബ്ദായമാനമാക്കിയ നഗരം. യോദ്ധാക്കളുടെ മുറിവുണക്കാൻ നൂറ്റാണ്ടു മുന്‍പ്, ഇംഗ്ലീഷുകാരാൽ പണിതിട്ട ആശുപത്രിയുടെ ഇടനാഴികളിൽ ഗ്രാൻപായുടെ കാലത്ത് സൂക്ഷ്മാണുക്കളുടെ റൂട്ട്മാർച്ചായിരുന്നു. ലോകം ചുറ്റി ഇന്ത്യയുടെ കടൽക്കടവുകളിലെത്തിയ ഇൻഫ്ലുവൻസാ വൈറസ് മദിരാശിയിലെത്തിയ കാലം. പാരസ്പര്യത്തിന്റെ സാമൂഹ്യപരിസരങ്ങളിൽ സാംക്രമികരോഗങ്ങൾക്ക് മനുഷ്യവിനാശത്തോളം വളരാനാകുമല്ലോ. കൈവശമുള്ള മരുന്നുകൾകൊണ്ട് അതിഥികളെ സ്വീകരിക്കാൻപോലും കഴിയില്ല, എന്നിട്ടല്ലേ സാംക്രമികരോഗത്തെ! വാർഡ് ബോയ്‌മാരേപ്പോലെ ഓരോ ഡോക്ടർമാരും പാഞ്ഞുനടന്ന് എല്ലാ പണികളും ചെയ്തുകൂട്ടി. മിക്കവാറും അത്തരം സന്ദർഭങ്ങളിൽ മികച്ചൊരു സർജനു കിട്ടാൻ പോകുന്ന പണി രോഗിയുടെ കഫം തുടയ്ക്കലായിരിക്കും! ദുർഘടമായ ഒരു കൊല്ലം ഇൻഫ്ലുവൻസാ നീളെ നടമാടി. അതിനുശേഷമാണ് ഗ്രാൻപാ തന്റെ ആദ്യത്തെ ശസ്ത്രക്രിയ സമ്പാദിക്കുന്നത്.
അത്തരം സാഹചര്യങ്ങളിലൊന്നുമായിരുന്നില്ല ഡാഡി തന്റെ സുഖമസഞ്ചാരം നടത്തിയത്. ജനറൽ മെഡിസിനിൽ എം.ഡി കഴിഞ്ഞ്, വർഷങ്ങളുടെ പരിചയവുമായി ഇന്റേണൽ മെഡിസിനിൽ അസോസിയേറ്റ് കണ്‍സൾട്ടന്റായി തുടരുന്ന ഡാഡിയുടെ പാത, റായ്പ്പൂരിലെ പഠനകാലത്തോളംതന്നെ പൂക്കൾ മലർന്നതാണെന്നു പറയണം. ലോക മുതലാളിയുടെ യന്ത്രക്കൈകൾ മരുന്നിലേക്ക് ഇരച്ചുകയറിയ വൈദ്യകാലഘട്ടത്തിൽ ഡോക്ടർമാരെ സമ്പത്ത് നേരിട്ടുവന്നു മുട്ടിവിളിക്കുകയായിരുന്നു. അതിന്റെ ആദ്യകാലവാതിൽമണി മുഴങ്ങിയ മുറികളിലൊന്ന് ഡാഡിയുടേതായിരുന്നു. മേഖല സ്വയംസാദ്ധ്യമാക്കിയ മൂലധനത്തിന്റെ കൊടുംവ്യാപ്തിയിൽ കോടീശ്വരത്വം നേടിയ ഭാഗ്യവാൻമാരിലൊരാൾ.
എന്റെ കാലമായപ്പോഴേക്കും ഡോക്ടർമാർക്കെന്നല്ല, രോഗികൾക്കുപോലും രൂപമാറ്റം വന്നു കഴിഞ്ഞിരുന്നു. പലവിധ രോഗങ്ങളുടെ നീണ്ട കഷണം ശരീരത്തെ കൃതകൃത്യമായ യന്ത്രക്കൈകൾകൊണ്ട് നേരിടുന്ന ടെക്‌നീഷ്യന്റെ റോളായി സർജന്. ഫൈബർ ഓപ്റ്റിക്ക് ഹെഡ്‌ലൈറ്റ്, നിഴൽ വീഴ്ത്താത്ത റൂംലൈറ്റുകൾ, മോണിറ്ററുകൾ, അനസ്തേഷ്യാ കാർട്ട്, തീർത്താൽ തീരാത്ത വെൺമയുടെ എപ്രൺ, ദാലിയുടെ ചിത്രങ്ങളിൽപ്പോലും കാണാത്തവിധത്തിൽ നിരവധി മാനങ്ങളിലേക്ക് ഗതിതിരിയുന്ന സർജിക്കൽ ടേബിൾ... വരിനിരപ്പോടെ മുന്നിലുള്ള മുന്നറിവുകളുടെ വഴികളിലേക്ക് ശസ്ത്രങ്ങളുമായി ചുമ്മാ ഇറങ്ങിപ്പണിയേറ്റുന്ന കേവലമൊരു ഫാക്ടറി തൊഴിലാളി മാത്രമാണ് അവിടെ, ഡോക്ടർ. സർവ്വശീതീകരണം നടത്തിയ ഒ.ടി റൂമിൽ ഇക്കാലം, സാന്ദർഭിക സഹജാവബോധത്തിന്റെ കൊള്ളിയാൻ മിന്നലിനും മനോധർമ്മ പ്രയോഗത്തിനുമൊന്നും ഒട്ടും സാദ്ധ്യതയില്ല.
ഗ്രാൻപാ മുറിക്ക് പുറത്തിറങ്ങിവരാൻ വല്ലാതെയൊന്നും വൈകിയില്ല. പതിവാഹാരമായ പൊടിയരിക്കഞ്ഞിയിൽ യാതൊരു മാറ്റവുമില്ലെന്ന് അദ്ദേഹം അറിയിച്ചു. എനിക്കും അതുതന്നെയാവാമെന്ന് ഞാൻ സേതുവിനു കണ്ണു കാണിച്ചു. നിറയെ മെഴുക്കു പുരണ്ടാൽപ്പോലും അരികുകളിലെ പരുപരുപ്പ് ഒട്ടും മാറാത്ത നാടൻ പയറുകൊണ്ട് എനിക്കായി നല്ലൊരു ഉപ്പേരിയും സേതു സൃഷ്ടിച്ചു. ലാളിത്യത്തിന്റെ ഋജുവായ പരിസരത്തുപോലും സ്വന്തം കൈക്കണക്കിനാൽ അനേക സ്വാദിന്റെ അത്ഭുതം കാണിച്ചുതരുന്ന നളൻ! വയസ്സിൽ എന്നിലും താഴെയാണെങ്കിലും വകതിരിവിൽ അവൻ ഒത്തൊരു വീട്ടമ്മയെ വെല്ലും.
“ഇന്ന്, കുഞ്ഞൻ എന്റെ കൂടെ.”
ആഹാരം കഴിഞ്ഞെഴുന്നേറ്റപ്പോൾ ഗ്രാൻപാ പ്രഖ്യാപിച്ചത് അങ്ങനെയാണ്. മുറിയിൽ മറ്റൊരു കട്ടിൽ ഇല്ലാത്തതുകൊണ്ട് സേതു എനിക്കായി മറ്റൊരു കിടക്ക തറയിൽ വിരിച്ചു. കൺമഷിയെ വെല്ലു ന്ന കരിങ്കറുപ്പൻ തറയിൽ തെളുക്കനെ വെളുത്ത കിടക്ക. വെൺമയുടെ വിരിനിരപ്പ്. ചുളിവുകളൊഴിഞ്ഞ മേൽപ്പുറം. സ്പർശിക്കുന്നതോടെ മേലടരുകളിൽ ചുളിവുകൾ വരുമെന്ന് എനിക്കുറപ്പാണ്. എന്നാൽ, ശരീരം ആകെ ഏല്പിച്ചിട്ടും ഗ്രാൻപായുടെ കിടക്കയിൽ ഒറ്റ ചുളിവുപോലുമില്ലെന്ന് എനിക്കു തോന്നി.
അദ്ദേഹത്തിന്റെ അരുമയായ വട്ടമേശപ്പുറത്ത് ടെലസ്‌കോപ്പിക് ഹാൻഡിലുള്ള പെട്ടിയൊന്നു കണ്ടു. യാത്രക്കായി ഒരുക്കിവെച്ചതായിരിക്കും.
“കുഞ്ഞാ, നാളെ രാവിലെയാണ് ചെന്നൈ ഫ്ലൈറ്റ്. നമുക്ക് പുലർച്ചെ പോകണം... മടക്ക ടിക്കറ്റുകൊണ്ടായിരുന്നോ ഇത്തവണ നിന്റെ വരവ്?”
ഭാഗ്യവശാൽ അങ്ങനെയല്ലെന്ന് ഞാൻ പറഞ്ഞു. ഇത്തവണത്തെ യാത്ര, അതിന്റെ കേവലോദ്ദേശ്യത്തെ ഒന്നാകെയെടുത്ത് മറിച്ചിടുമെന്ന് എന്തുകൊണ്ടോ തുടക്കത്തിൽത്തന്നെ എനിക്കൊരു തോന്നലുണ്ടായിരുന്നു. അതുകൊണ്ട് അപ്പ് ഏന്റ് ഡൗൺ എയർ ടിക്കറ്റ് മനപ്പൂർവ്വം വേണ്ടെന്നുവെച്ചു. വെല്ലൂർ സി.എം.സിയുടെ ക്യാമ്പസ്സിനകത്ത് നരച്ച വെൺമയിൽ പതിയിരിക്കുന്ന കോട്ടേജിൽനിന്നു പുറത്തിറങ്ങുമ്പോൾ പാർത്ഥൻ അക്കാര്യം ശ്രദ്ധിച്ചതാണ്.
“മടക്കം വൈകുമോ, അതിനുള്ള ടിക്കറ്റ് കാണുന്നില്ല.”
മറുപടിയില്ലാത്ത മൗനത്തിന് പാർത്ഥന്റെ വെറുംചിരി പകരം...
എനിക്കായിക്കൂടി വാങ്ങിയ എയർടിക്കറ്റുകൾ ഗ്രാൻപാ കൈമാറി. ഏജൻസിയുടെ സഹായത്തോടെ സംഘടിപ്പിച്ചതായിരിക്കാം. എങ്കിലും, തെല്ല് ആശ്ചര്യം തോന്നാതിരുന്നില്ല. എന്റെ ഐ.ഡി കാർഡെല്ലാം കൃത്യമായി കോപ്പിയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്! അത് മുന്‍പെപ്പോഴോ ഒരിക്കൽ ചോദിച്ചതും മറ്റും ഞാൻ മറന്നുപോയി. അതാണ് ഗ്രാൻപായുടെ ഏകോപന മികവ്! എന്തിനായിട്ടാണ് ഈ വയസ്സാംകാലത്ത് മദിരാശിയിലേക്ക് മറ്റൊരു മടക്കയാത്രയെന്നു മാത്രം വെളിപ്പെടുത്തിയില്ല. യാതൊന്നും ചോദിക്കാതിരിക്കാനുള്ള ക്ഷമ മമ്മിയേപ്പോലെ എനിക്കില്ല, ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടുതാനും. എങ്കിലും അന്നേരം, വാക്കുകളൊന്നുംതന്നെ പുറത്തുവന്നില്ല.
ഗ്രാൻപായുടെ അരുമയായ പെൻഡുലം വാൾ ക്ലോക്ക് ഇരുഭാഗങ്ങളിലിടിച്ച് സമയത്തെ മുന്നോട്ടു നീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതസാദ്ധ്യമെന്നു തെളിയിക്കാനെന്നോണം മുറിയിലെ പകച്ചുപോയ വായു വിലങ്ങനെ നിന്നുകൊണ്ട് നിലച്ച സമയം പ്രഖ്യാപിക്കുകയാണ്. ആകാശത്തുനിന്ന് പറിച്ചെടുത്ത ജീവിതത്തെ പുറ്റിനകത്തെ അതിജീവിതമായി പരിവർത്തിപ്പിച്ചതുപോലെയായിരുന്നു അവിടെ കാര്യങ്ങൾ. ക്രമേണ മുറിയൊന്നടങ്കം ഉറക്കത്തിലേക്കു പോകുന്നു, അതേ നിലയിൽ ഉണരുന്നു, കാറിൽ കയറുന്നു, വിമാനത്തിന്റെ ചിറകു ചേർന്നുള്ള ഇടതോരക്കാഴ്ചകൾ വിന്റോവിലൂടെ നോക്കിയിരിക്കുന്നതും അതേ നിലയിൽത്തന്നെ... എവിടെയും ഗ്രാൻപാ അധികമൊന്നും സംസാരിച്ചില്ല. മുറിക്കകത്തെ മുറുക്കമുള്ളതെങ്കിലും സുഖമുള്ള മൗനം ചെന്നൈയിലെ ഉച്ചവെയിലിലും ഞങ്ങളെ സദാ ചൂഴ്ന്നുനിന്നു.

“5ജി.എച്ച്. കാണണ്ടേ?”
ഞാൻ ചോദിച്ചു.
“അരുത്.”
അദ്ദേഹം പുഞ്ചിരിച്ചു.
കുളിക്കാനുള്ള നേരംപോലും ഹോട്ടലിൽ ചെലവഴിച്ചില്ല.
“മെറീനയിലേക്ക്.”
തിടുക്കപ്പെട്ട് അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെത്തന്നെ ഭൂമധ്യരേഖയിലെ വെയിൽ പെരുമാറിയത് ചില്ലിന്റെ ചീളുപോലെയാണ്. തീത്തല തുറിച്ചുനിൽക്കുന്ന പുറംകാഴ്ചകൾപോലും കണ്ണിന് തീവെക്കുന്നതുപോലെയാണ് സദാ പെരുമാറിയത്. ഞാൻ പുറത്തേക്ക് നോക്കിയതേയില്ല. അതൊന്നും ഗ്രാൻപായെ ബാധിച്ചില്ല. തണുപ്പിച്ചിട്ടിരിക്കുന്ന കാറിനകത്തിരിക്കുമ്പോഴും നഗരത്തുറസ്സിലേക്കായിരുന്നു ഗ്രാൻപായുടെ നോട്ടം. പ്രഭാതഭക്ഷണം രണ്ടാമത്തെ അടുപ്പെന്ന മട്ടിൽ വയറ്റിൽക്കിടന്നു തിളയ്ക്കുന്ന ഇരമ്പം പുറമേയ്ക്കു കേൾക്കാം. എന്തായാലും യാത്ര അതിന്റെ നിർണ്ണായക പരിസരത്ത് എത്തിക്കഴിഞ്ഞെന്ന് ഉറപ്പായി. എന്നിട്ടും, സ്‌കാൽപലിന്റെ അഗ്രം ചക്രവാളത്തിനപ്പുറത്ത് മറഞ്ഞിരിക്കുന്ന കപ്പൽക്കൊടിമരംപോലെ തുടരുകയാണ്.
നഗരംചുറ്റി ഉൾക്കടലിന്റെ ദിശപിടിച്ച് വാഹനം നീങ്ങി. നിലവിളിച്ചോടി വരുന്ന നിരവധി കാറ്റുകൾ അടച്ചിട്ട ചില്ലുകളിൽ തലതല്ലി പിന്നോട്ടു വീണുകൊണ്ടിരുന്നു. ഗ്രാൻപാ എന്നേത്തന്നെ സൂക്ഷിച്ചുനോക്കി. അജ്ഞാത വിദൂരത്തിൽ കിടക്കുന്ന സ്‌കാൽപൽ അന്നേരം, എന്റെ മുഖത്തു തെളിയാനാരംഭിച്ചിട്ടുണ്ടാകാം, അത് കണ്ടതുപോലെ അദ്ദേഹം വേദനയിലൂടെ പുഞ്ചിരിച്ചു.
“ഒരു ഓൾഡ് ബോച്ഡ് സർജറി4യുടെ സ്‌കാൽപൽ, വായുവിൽ തെളിയാനാരംഭിച്ചു അല്ലേ?”
ഗ്രാൻപാ ചോദിച്ചു.
ഹൃദയങ്ങൾ തമ്മിൽ ദൈവം വഴി ഉടമ്പടിയുള്ളവർക്ക് ഇത്തരത്തിൽ വെളിച്ചങ്ങൾ പരസ്പരം വെളിപ്പെടുന്നുവെന്ന് എനിക്കൊരു തോന്നലുണ്ട്. അഗാധനിദ്രയിലായിരിക്കുന്ന രോഗികളുടെ ശരീരം ഓപ്പറേഷൻ ടേബിളിൽ നേർക്കുനേർ വരുമ്പോൾ ശാന്തമായ മിടിപ്പിലൂടെ അവർ നിശ്ശബ്ദശബ്ദം പൊഴിക്കുന്നത് പലപ്പോഴും ഞാൻ കേൾക്കാറുള്ളതാണ്. അതിലൂടെ അവർ വെളിപ്പെടുത്തുന്നതൊന്നും ഇക്കാലം, നടക്കാനിരിക്കുന്ന ശസ്ത്രക്രിയയെ സ്വാധീനിക്കാറില്ലെന്ന് പാവം ഹൃദയഭാഷണങ്ങൾക്ക് അറിയുകയില്ലെന്നു മാത്രം.
തെല്ലിടവേളയെടുത്തുകൊണ്ട് ഗ്രാൻപാ തുടർന്നു പറയാൻ തുടങ്ങി.
“അതൊരു സാധാരണ രോഗിയൊന്നുമായിരുന്നില്ല, ഡോക്ടറെക്കാൾ ഔന്നത്യമുള്ള ഒരാളായിരുന്നു. അക്കാലം, തമിഴ‌് മക്കളെ നിത്യേന കുയിൽ മാതിരി പാടിയുണര്‍ത്തുന്നത് അയാളായിരുന്നു. എത്രയോ രോഗികൾ തങ്ങളുടെ വേദനയുടെ ഇടവേളകളിൽ അയാളെഴുതിയ പാട്ടുകൾ പാടിക്കൊണ്ട് ആസന്നമരണം സഹനീയമാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത്രയൊന്നും അപകടത്തിന്റെ വക്കിലായിരുന്നില്ല പക്ഷേ, അയാൾ. നിസ്സാരമല്ലെങ്കിലും മാറാത്ത മൈഗ്രേനായിരുന്നു പ്രശ്നം. ഡയഗനോസിസിൽ നാസൽ ഡിഫോർമിറ്റി ഉറപ്പായി. ഡീവിയേറ്റഡ് സെപ്റ്റം മൈഗ്രേനു ശരിയായ കാരണമായിത്തീരുകയായിരുന്നു. അതുറപ്പായതോടെ നാസൽ സർജറിക്കാണ് അനുഭവങ്ങളുടെ വെളിച്ചത്തിൽ മനസ്സ് ആവശ്യപ്പെട്ടത്.
ഒ.ടി റൂമിലെ നിഴൽ വീഴ്ത്താത്ത ആഴമുള്ള വെളിച്ചം. അനസ്തേഷ്യ മെഷീൻ. വെൺമയുടെ എപ്രൺ. കുടിച്ചാലിറങ്ങാത്ത കടുത്ത മൗനം...
എനിക്ക് വല്ലാത്ത ഭയം. ഇത് വേണോ?
രോഗി ചോദിച്ചു.
എന്റെ കൈകളെ നിങ്ങൾക്ക് വിശ്വാസമില്ലേ?
ഞാൻ ചോദിച്ചു.
എന്റെ മനൈവിക്കും മകനും മറ്റാരുമില്ല.
രോഗിയിൽ സങ്കടത്തിന്റെ ഈണം.
കരുണയോടെ ഞാൻ പുഞ്ചിരിച്ചു.
അങ്ങനെ ഞങ്ങൾ അതങ്ങു തുടങ്ങി.
ഡോക്ടർ എവിടെയാണ് നിങ്ങൾ കത്തിവെക്കുക? അക്ഷരത്തിന്റെ ധമനികളെല്ലാം ഒന്നൊന്നായി മുറിക്കുമോ നിങ്ങൾ. നോക്കൂ, ചോരയിൽ പെരുംമായയുടെ രൂപാരൂപവടിവങ്ങൾ!
സർജറിയുടെ വേളയിൽ രോഗി പിറുപിറുക്കുകയായിരുന്നു, അഥവാ എനിക്ക് അങ്ങനെ തോന്നി.
അപ്രതീക്ഷിതമായ ബ്ലീഡിങ്ങിനെ നേരിടുമ്പോൾ രോഗിയുടെ ചുണ്ടുകളിലെ പിറുപിറുപ്പിന്റെ ഇളക്കം ഇങ്ങനെ പറയുന്നതായി എനിക്കൊരു തോന്നൽ: “ത്രിപുടീതലം ഭേദിച്ച് നിലയ്ക്കാതെ പുറത്തേക്ക് ചീറ്റുന്നത് ചോരയല്ല, സംഗീതമല്ല, കവിതയല്ല, അത് തുരീയാതീതമല്ലോ...”
ഗ്രാൻപാ പറഞ്ഞുനിർത്തി. എന്തായാലും ആ രോഗി അപൂർവ്വ പ്രത്യേകതകളുള്ള ഒരാൾതന്നെ! തണുത്തുപോയ കൈകൾകൊണ്ട് ഞാൻ ഗ്രാൻപായെ തൊട്ടു.
“ദൈവത്തിന്റെ കങ്കാരുവിനെപ്പോലെ ഭൂമിയിൽ വിതറാനുള്ള മുഴുവൻ നിറങ്ങളും കീശയിലേന്തി കയറിവന്ന ഒരാളായിരുന്നു, അത്!”
ഗ്രാൻപാ ആത്മഗതമെന്നോണം തുടർന്നു.
“സർജറിയിൽ രോഗി
ഡെത്തായോ, ഗ്രാൻപാ?”
“ഇല്ല, അതയാളുടെ മണക്കാനുള്ള സിദ്ധിയെ കവർന്നെടുത്ത് തലവേദനയെ മടക്കിയേല്പിക്കുകയാണുണ്ടായത്.”
എങ്കിൽ, പിന്നെന്താണ് പ്രശ്നമെന്നായി എന്റെ ചിന്ത. മെറീനയുടെ മണലിൽ കുഴിഞ്ഞുപോയ ഗ്രാൻപായുടെ കാലുകൾ മേലോട്ടു വരാനായി കുഴയാൻ തുടങ്ങി. എന്നിട്ടും, ആളുകൾ അവശേഷിപ്പിച്ച
കാലടിക്കുഴികളിലേക്കാണ് ഓരോ തവണയും അദ്ദേഹം തന്റെ കാലുകൾ മുൻവെച്ചത്. മുതുകിൽ പതിക്കുന്ന ചാട്ടയെന്നോണം വെയിൽ. അതുമായി ഗ്രാൻപാ തിരകളിലേക്കു നീങ്ങാനായി പുറപ്പെട്ടു. തുണയ്ക്കായി ഞാൻ കൈപിടിച്ചു.
“മൂക്കിനകത്തായിരുന്നില്ല ശരിക്കും അയാളുടെ മൈഗ്രേനിന്റെ കാരണം പതിയിരുന്നത്, അങ്ങനെ കരുതിയ എനിക്കാണ് തെറ്റുപറ്റിയത്” ഗ്രാൻപാ തുടർന്നു: “സെറിബ്രൽ ഹാമറേജ് മുൻവെച്ചുകൊണ്ട് സ്വന്തം മരണത്തിലൂടെ ആ ഭാഗ്യദോഷിതന്നെ അതു പിന്നീട്, വെളിപ്പെടുത്തുകയായിരുന്നു... മാസങ്ങൾക്കകം അയാൾ എന്റെ ടേബിളിലെത്തി. ആകെ കുഴഞ്ഞുമറിഞ്ഞ തലച്ചോറുമായി വിദൂരങ്ങളിലേക്ക് വെറുതെ വാക്കുകളെറിയുകയാണ്, അയാൾ. അതത്രയും ശുദ്ധകവിതയെക്കാൾ അവ്യക്തമായിരുന്നുതാനും. പേരെടുത്ത് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. കൂട്ടിരുന്ന മനൈവിയുടെ ഇടറിയ നിലവിളികൾക്ക് ആശുപത്രി വാർഡ് തരണം ചെയ്യാൻപോലും കഴിഞ്ഞില്ല. കുട്ടിയുടെ കുഞ്ഞിവാ അവളുടെ പാനപാത്രത്തെ സദാ തൊട്ടുനിൽക്കുകയായിരുന്നു.
ഇരുപത്തിയൊന്‍പതു വയസ്സിലൊന്നും ഒരാൾ മരിക്കില്ലല്ലോ? പറയൂ, ഡോക്ടർ.
ബോധം എന്നന്നേക്കുമായി മങ്ങുന്നതിനു തൊട്ടുമുന്‍പ്, അയാൾ എന്നോടു ചോദിച്ചതങ്ങനെയാണ്.
ഇല്ല, നിങ്ങൾക്ക് അല്പസമയം ഉറങ്ങാനുള്ള മരുന്നാണ് ഞാൻ തന്നിട്ടുള്ളത്.
ഞാൻ പറഞ്ഞു.
താൻ മരിക്കുകയാണെന്ന് ഒരുപക്ഷേ, അയാൾ അറിഞ്ഞിട്ടേയുണ്ടാകില്ല. മുന്‍പ്, സ്‌കാൽപൽകൊണ്ട് തൊട്ടുപെരുമാറി ഞാൻ രൂപമാറ്റം വരുത്തിയ മൂക്കിനകത്തുനിന്ന് അന്നേരം, ചോരയുടെ താര ഭൂമിയെ നോക്കി ചാലിടുകയായിരുന്നു. നിർത്താതെ പുറമേയ്ക്കൊഴുകുന്ന ചോരയുടെ താരയിൽ അയാൾ മുന്‍പ്, സൂചിപ്പിച്ച പെരുംമായയുടെ രൂപാരൂപവടിവങ്ങൾ ഞാൻ കണ്ടു...
വൈകാതെ സ്വന്തം ശ്വാസനിശ്വാസങ്ങളെ തമിഴ് ചലച്ചിത്രങ്ങളെ ഏല്പിച്ച്, എന്നന്നേക്കുമായി അയാൾ ഭൂമിയുടെ തിരശ്ശീലയിൽ മങ്ങിയൊളിച്ചു. നിരവധിയായ ഛായകളിൽ അനേക ശബ്ദമൊളിപ്പിക്കുന്ന മൂവീ ഫിലിംറോൾ മുന്നിൽ കാണുന്ന പിൽകാലങ്ങളിലെല്ലാം അയാളുടെ മാജിക് ഞാൻ ഓർത്തു പോകാറുണ്ട്. ഫിലിമിന്റെ ഒരു വശത്തായി കാണ പ്പെടുന്ന ശബ്ദപാളങ്ങളിൽ ചിഹ്നരൂപിയായി അയാൾ പതിയിരിക്കുന്നതു കാണാം. “ഇരുപത്തിയൊന്‍പതു വയസ്സിലൊന്നും ഒരാൾ മരിക്കില്ലല്ലോ” എന്ന് അപ്പോഴെല്ലാം അയാൾ ചോദിക്കും, മുഖത്തേക്കുതന്നെ വിവർണ്ണ വിമൂകമായി നോക്കിക്കൊണ്ട്. ആസന്നമരണം തിരിച്ചറിയാനാവാതെ അവസാന വേളയിൽ ചികിത്സകനെ അഭിമുഖീകരിക്കുന്ന രോഗി മനുഷ്യ നിസ്സഹായതയുടെ മറക്കാനാവാത്ത വ്യഥിത മാത്രകളാണ് മുൻവെക്കുക...”
ഗ്രാൻപാ പറഞ്ഞുനിർത്തി.
അദ്ദേഹത്തെ അഭിമുഖീകരിക്കാൻ പറ്റാതെ ഞാൻ മെറീനയെ നോക്കി. വാനത്തെ അപ്പാടെ ഒപ്പിയെടുത്തതുപോലെ അതങ്ങനെ സർവ്വത്ര നീലയിൽ മുങ്ങിനിൽപ്പാണ്. ഗ്രാൻപാ എന്റെ കൈകളിൽ പിടിച്ചു. മുന്നോട്ടു നീങ്ങാനുള്ള നിശ്ശബ്ദ നിർദ്ദേശമായിരുന്നു അത്. ഞങ്ങൾ മെല്ലെ തിരയുടെ താരയിലേക്കു നടന്നു.
“എനിക്ക് ഗുരുസ്ഥാനീയനായ ഒരു ഡോക്ടറുണ്ടായിരുന്നു, ടി.എം. മുതലിയാർ” -ഗ്രാൻപാ തുടർന്നു: “ടെസ്റ്റ് റിപ്പോർട്ടിന്റെ സഹായത്തിനൊന്നും കാത്തുനിൽക്കാതെ, വിചിത്രമായൊരു ഡയഗനോസിസ് വിന്യസിക്കുന്ന രീതിയായിരുന്നു, അദ്ദേഹത്തിന്. താളോപകരണമെന്ന മട്ടിൽ രോഗശരീരത്തിൽ മുതലിയാർ തന്റെ കൈപ്പത്തി ചേർത്തുവെക്കും. തുടർന്ന് മെല്ലെ വിരലുകൾ ചലിപ്പിക്കും. പൂർണ്ണനിശ്ശബ്ദതയിൽ രോഗ ശരീരത്തിലെ ശബ്ദങ്ങൾ കേട്ടുകൊണ്ട് അദ്ദേഹമങ്ങനെ നീങ്ങും. മർദ്ദവും താപവുമെല്ലാം ഗണിച്ചുകൊണ്ട് ശരീരജാതകത്തിന്റെ ഗണകനെപ്പോലെ മുന്നോട്ടുപോകും. അസ്വാഭാവികതയുടെ തടസ്സങ്ങളിലെത്തുമ്പോൾ ആ വിരലുകൾ താനേ നിശ്ചലമാകുകയായി. അരൂപികളായ അണുക്കളുടെ നടവട്ടമുള്ള രോഗസ്ഥലിയായിരിക്കും അത്. അന്നേരം, തന്റെ പ്രശസ്തമായ പേനകൊണ്ട് മുതലിയാർ അവിടെയൊരു ഗുണനചിഹ്നമിടും. പിന്നീട്, സമയമൊട്ടും നഷ്ടപ്പെടുത്തില്ല, രോഗമെന്തെന്ന് അന്നേരം തന്നെ പ്രഖ്യാപിക്കുകയായി... ആർക്കും പിടികൊടുക്കാതെ ഒളിഞ്ഞുകിടന്ന പലമാതിരി രോഗങ്ങളും അത്തരത്തിൽ അദ്ദേഹത്തിനു കണ്ടെത്താനായിട്ടുണ്ട്. പെർക്യൂഷൻ എന്ന പരിശോധനാരീതിയിൽ ഡോക്ടർ മുതലിയാർക്ക് സമന്മാരില്ല. അത്യപൂർവ്വമായി മാത്രമേ അക്കാര്യത്തിൽ തോൽവിയുണ്ടായിട്ടുളളൂ. അപ്പോഴെല്ലാം അതിനുപയോഗിച്ച മനസ്സിന്റെ സ്‌കാൽപൽ അദ്ദേഹം മെറീനയിലൊഴുക്കുകയാണ് പതിവ്. തർപ്പണമെന്നതുപോലെ ഒരിനം ചടങ്ങായിട്ടാണ് അദ്ദേഹം അതിനെ കണ്ടിരുന്നത്. അടുപ്പമുള്ള അപൂർവ്വ ശിഷ്യർ മാത്രമായിരിക്കും അതിനു സാക്ഷികൾ. ഒരിക്കൽ ഞാൻ അദ്ദേഹത്തോടൊപ്പം അതിൽ പങ്കെടുത്തിട്ടുണ്ട്...”
കാലങ്ങളോളം സ്വയംപീഡയാക്കി താൻ കൊണ്ടുനടന്ന വ്രണം ഗ്രാൻപാ മടക്കിയേല്പിക്കുകയാണെന്ന് എനിക്കുറപ്പായി. ഗുരുവിനേപ്പോലെ തർപ്പണത്തിന്റെ പാതതന്നെ നോക്കിപ്പിടിച്ചു വന്നെത്തിയത് മറ്റൊന്നിനുമല്ല. പക്ഷേ, സ്വയംശിക്ഷയുടെ കാലാവധി കഴിഞ്ഞെന്ന് ഒരാൾ ശരിക്കും തീർച്ചപ്പെടുത്തിയെങ്കിൽ, അതിനു പിന്നിലായി മറ്റൊരു സത്യം ഒളിച്ചിരിപ്പില്ലേ? പൂർണ്ണ വിടുതിയിലേക്കു തുറന്നു പറക്കുന്നവരാണ്, സാധാരണയായി കുരിശു വിട്ടുയരുക!
“വ്യർത്ഥമായിപ്പോയ ഒരു ബോച്ഡ് സർജറി4യുടെ വ്യഥിത പ്രായശ്ചിത്തത്തിന് എനിക്കും സമയമായി, കുഞ്ഞാ.”
കാലുകൾ തിരനുരകളിലേക്ക് സ്പർശിച്ച മാത്രയിൽ അദ്ദേഹം പറഞ്ഞു.
“ഗ്രാൻപാ, ആരായിരുന്നു ആ വിലപ്പെട്ട രോഗി?”
എനിക്ക് ചോദിക്കാതിരിക്കാനായില്ല.
കാലുകളിലേക്ക് ചുറ്റിപ്പരക്കുന്ന പതയുന്ന തിരകളിനിന്ന് ഗ്രാൻപാ സൂര്യനിലേക്കു നോക്കി.
“പട്ടുക്കോട്ടൈ കല്യാണസുന്ദരം.”
അദ്ദേഹം വെളിപ്പെടുത്തി.
“ഗ്രാൻപാ, ആ സ്‌കാൽപൽ ഇനി, പുറത്തെടുത്തോളൂ. നമുക്കത് തിരകൾക്കു കൊടുക്കാം.”
സർവ്വസമ്മതമെന്നോണം അടുത്ത നിമിഷം അദ്ദേഹം ചെയ്തത്, മുഴുനീളം കുളിപ്പിക്കാനായി തിരക്കുഴിയിലേക്ക് സ്വന്തം ശരീരം നീട്ടിവെക്കുകയാണ്.
*പട്ടുക്കോട്ടൈ കല്യാണസുന്ദരം.
തമിഴ് കവി. സിനിമാ ഗാനരചയിതാവ്. നിരവധി ഹിറ്റ് ഗാനങ്ങളുടെ കർത്താവ്. എം.ജി.ആറിന്റെ സിനിമകളിലൂടെ പ്രശസ്തനായി. ഇരുപത്തൊന്‍പതാം വയസ്സിൽ അന്തരിച്ചു.
1 ബ്ലോച്ചി സ്‌കിൻ.
മരണാസന്നരായ ചിലരുടെ കൈകളിലും കാൽപ്പടങ്ങളിലും കാണുന്ന നിറമാറ്റം. ചുകപ്പ്, ബ്രൗൺ നിറങ്ങളിൽ കാണപ്പെടും. രക്തം പമ്പുചെയ്യാനുള്ള ഹൃദയത്തിന്റെ ബലം അധികനാൾ തുടരില്ലെന്ന ഒരു ലക്ഷണം.
2 ഒബ്‌സീഡിയൻ കത്തി
ബി.സി.യിൽപ്പോലും ഉപയോഗിച്ചുവന്നിരുന്ന ഒരിനം ശസ്ത്രം. പുതിയകാലത്തും അതിന്റെ അനേക രൂപങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്.
3 ജി.എച്ച്.
ഗവൺമെന്റ് ഹോസ്പിറ്റൽ
4ബോച്ഡ് സർജറി
ആസൂത്രണത്തകരാറോ സാങ്കേതികപ്പിശകോ മറ്റ് അപ്രതീക്ഷിത കാരണങ്ങളോ മൂലം പൂർണ്ണപരാജയമോ ഭാഗിക പരാജയമോ നേരിടുന്ന ശസ്ത്രക്രിയ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര് പ്രകാശ് ഹൈക്കമാന്ഡിന് മുന്നില്; ഖാര്ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള് വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


'കല്യാണം കഴിഞ്ഞാൽ പിന്നെ ഒരുങ്ങി നടക്കുന്നത് എന്തിനാണെന്ന് വിചാരിക്കുന്നവരുണ്ട്; അങ്ങനെ നടക്കുന്നതിൽ എന്താണ് തെറ്റ് ?'

'ഫ്ലേർട്ടിങ് നടക്കില്ലെന്ന് മനസിലായപ്പോൾ ആ സംവിധായകൻ എനിക്കൊരു സമ്മാനം തന്നു, അത് ഞാൻ ചവറ്റുകുട്ടയിലിട്ടു'; ദുരനുഭവം പറഞ്ഞ് നടി
