അച്ഛനുള്ള കടക്കാരുടെ ചീത്ത വിളി കേള്‍ക്കേണ്ടി വന്ന ബാല്യം

Aamir Khan
Aamir KhanSource by : ഫയല്‍ ചിത്രം
Last Updated :15 June 2025, 11:27 am IST

News Now

തന്റെ അച്ഛനെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും മനസ് തുറന്ന് ആമിര്‍ ഖാന്‍ (Aamir Khan). തന്റേത് സിനിമാ കുടുംബം ആയിരുന്നുവെങ്കിലും കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ആമിര്‍ ഖാന്റെ അച്ഛന്‍ താഹിര്‍ ഹുസൈന്‍ നിര്‍മ്മാതാവായിരുന്നു. അച്ഛന്റെ സഹോദരന്‍ നാസിര്‍ ഹുസൈന്‍ അറിയപ്പെടുന്ന സംവിധായകനായിരുന്നു. എന്നാല്‍ പുറമെ കാണുന്നത് പോലെ അല്ലായിരുന്നു തങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ മനസ് തുറന്നത്.

''എന്റെ പിതാവിന് എങ്ങനെ പണം ഉണ്ടാക്കണം എന്നറിയില്ലായിരുന്നു. അദ്ദേഹം നിര്‍മ്മതാവായിരുന്നു. അദ്ദേഹം നല്ലൊരു ബിസിനസുകാരന്‍ ആയിരുന്നില്ല. സിനിമകള്‍ വിജയിച്ചാല്‍ പോലും അദ്ദേഹം പണം കിട്ടിയിരുന്നില്ല'' എന്നാണ് ആമിര്‍ പറയുന്നത്. തന്റെ കുട്ടികാലത്ത് വര്‍ഷങ്ങളോളം തങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വന്നുവെന്നാണ് താരം പറയുന്നത്.

''ആറെട്ട് വര്‍ഷം പ്രതിസന്ധി നിറഞ്ഞതായിരുന്നു. അച്ഛന് ഒരുപാട് സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നു. ഒരുപാട് പേരില്‍ നിന്നും കടം വാങ്ങിയിരുന്നു. അഭിനേതാക്കള്‍ ഡേറ്റ് നല്‍കാത്തത് മൂലം അദ്ദേഹം കുടുങ്ങിപ്പോയി. വീണ്ടും കടം വാങ്ങാതെ സിനിമ റിലീസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഇപ്പോള്‍ പണമില്ല, സിനിമ റിലീസ് ചെയ്ത ശേഷം തരാമെന്നാണ് കടക്കാരോട് അച്ഛന്‍ പറയുക. അതിനും കടം വാങ്ങിക്കേണ്ടി വരും'' ആമിര്‍ ഖാന്‍ പറയുന്നു.

''ഞങ്ങള്‍ അന്ന് ചെറുതാണ്. കടക്കാര്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുത്താല്‍ അവരുടെ ചീത്ത വിളി കേള്‍ക്കേണ്ടി വരും. നിന്റെ അച്ഛന്‍ ഞങ്ങള്‍ക്ക് പണം തരാനുണ്ട് അയാളോട് പോയി പറയാന്‍ പറയും. ആ സാഹചര്യത്തിലാണ് വളര്‍ന്നത്. കുടുംബത്തെ മുഴുവന്‍ അതെല്ലാം ബാധിച്ചിരുന്നു. സിനിമ ബന്ധമുണ്ടെന്ന് കരുതി ഞങ്ങളുടേത് സമ്പന്ന കുടുംബമാണെന്ന് പലരും കരുതി. പക്ഷെ അതായിരുന്നില്ല യാഥാര്‍ത്ഥ്യം'' എന്നും താരം പറയുന്നു.

അതേസമയം ആമിര്‍ ഖാന്‍ നായകനായ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. 'സിത്താരെ സമീന്‍ പര്‍' ആണ് ആമിര്‍ ഖാന്റെ പുതിയ സിനിമ. ജെനിലീയ ഡിസൂസ നായികയാകുന്ന സിനിമയുടെ സംവിധാനം ആര്‍എസ് പ്രസന്നയാണ്. സ്പാനിഷ് ചിത്രം 'ചാമ്പ്യന്‍സിന്റെ' റീമേക്കാണ് 'സിത്താരെ സമീന്‍ പര്‍'. ആമിര്‍ തന്നെ നായകനായ 'താരെ സമീന്‍ പര്‍' എന്ന ചിത്രത്തിന്റെ സ്പിരിച്വല്‍ സീക്വല്‍ ആയിട്ടാണ് 'സിത്താരെ സമീന്‍ പര്‍' പുറത്തിറങ്ങുന്നത്. ജൂണ്‍ 20 ന് ചിത്രം ബോക്‌സ് ഓഫീസിലേക്ക് എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates