ദുൽഖർ സൽമാന് വിലക്ക്; ഇനി സഹകരിക്കില്ലെന്ന് തിയറ്റർ ഉടമകൾ 

വ്യവസ്ഥകൾ ലംഘിച്ച് 'സല്യൂട്ട്' സിനിമ ഒടിടിക്ക് നൽകിയതിനാണ് നടപടി

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:59 am IST


‌
നടൻ ദുൽഖർ സൽമാനും താരത്തിന്റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസിനും വിലക്ക്. വ്യവസ്ഥകൾ ലംഘിച്ച് 'സല്യൂട്ട്' സിനിമ ഒടിടിക്ക് നൽകിയതിനാണ് തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ നടപടി. തിയറ്റർ റിലീസ് വാ​ഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നും താരവുമായി ഇനി സഹകരിക്കില്ലെന്നും തിയറ്റർ ഉടമകൾ പറഞ്ഞു. 

ജനുവരി 14ന് സല്യൂട്ട് തിയറ്റർ റിലീസ് ചെയ്യുമെന്നായിരുന്നു കരാർ. പിന്നീട് മൂന്നാം കോവിഡ് തരം​ഗത്തെ തുടർന്ന് കേസുകൾ ഉയരുന്ന സാഹചര്യം പരി​ഗണിച്ചാണ് സിനിമയുടെ റിലീസ് മാറ്റിയത്. എന്നാൽ സിനിമ ഒടിടി റിലീസായി മാർച്ച് 18 പ്രേക്ഷകർക്ക് മുന്നിലെത്തും. സോണി ലിവിലാണ് റിലീസ്.  

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് 'സല്യൂട്ട്'. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് ആണ്. അരവിന്ദ് കരുണാകരൻ എന്ന പൊലീസ് കഥാപാത്രത്തെയാണ് ദുൽഖർ സിനിമയിൽ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക.

വേഫറെർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്.  'ഹേ സിനാമിക' എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ചിത്രം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. കുറുപ്പാണ് മലയാളത്തിൽ ദുൽഖറിൻറേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now