നടുക്കടലിൽപ്പെട്ടപോലെ, ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോയി; കുറിപ്പുമായി മാളവിക മോഹനൻ

ഈ കരിയര്‍ തന്നെ നിരവധി അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്. വ്യക്തി ജീവിതത്തിലും അതിന്റെ അഭാവം ആത്മാവിനെ തകര്‍ക്കും

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:56 am IST
Edited by :migrator

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന നായികയാണ് മാളവിക മോഹനൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞു പോയ വർഷത്തെക്കുറിച്ച് മാളവിക പങ്കുവച്ച കുറിപ്പാണ് ഇപ്പോൽ ശ്രദ്ധ നേടുന്നത്. കരിയറിൽ മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും വ്യക്തി ജീവിതത്തിൽ വളരെ മോശം അനുഭവമുണ്ടായെന്നാണ് താരം പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നടുക്കടലിൽ പെട്ടതുപോലെയായിരുന്നെന്നും നല്ല സുഹൃത്തുക്കളാണ് ഈ പ്രതിസന്ധിയിൽ നിന്ന് മറികടക്കാൻ സഹായിച്ചത് എന്നുമാണ് മാളവിക പറയുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 

മാളവിക മോഹനന്റെ കുറിപ്പ് വായിക്കാം

കഠിനമായ ഒരു വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്. നമ്മൾ എപ്പോഴും നമ്മുടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ മാത്രമാണ് ലോകത്തോട് പങ്കുവയ്ക്കാറുള്ളൂ. അത് മനസിലാക്കാം, കാരണം ആരാണ് മോശം കാര്യങ്ങൾ അടയാളപ്പെടുത്താൻ ആ​ഗ്രഹിക്കുന്നത്. ദുഃഖവും വേദനയുമെല്ലാം ഇടയ്ക്ക് വന്നു പോയി ജീവിതം ബുദ്ധിമുട്ടുള്ളതാണെന്ന് നമ്മെ ഓർമിപ്പിക്കും. എന്നാൽ മറ്റേതൊരു വര്‍ഷത്തേക്കാളും എനിക്ക് വളരെ കഠിനമായിരുന്നു ഈ വർഷം. പ്രഫഷണല്‍ കാര്യങ്ങള്‍ വളരെ നല്ലതായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എന്റെ ആദ്യ റിലീസ് ബോക്സ്ഓഫിസിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറി. ഞങ്ങളുടെ തലമുറയിലെ എന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളുമായി മറ്റൊരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ പഠിച്ചു. എന്റെ ആദ്യത്തെ ബോളിവുഡ് സിനിമ ആരംഭിച്ചു. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന മറ്റൊരു ആവേശകരമായ ചിത്രത്തിന് കരാര്‍ ഒപ്പിട്ടു. അങ്ങനെ മനോഹരമായ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. 

എന്നാല്‍ വ്യക്തിപരമായി ഞാന്‍ ഒരു നടുക്കടലിൽപെട്ടതു പോലെയായിരുന്നു. കുറച്ച് മാസങ്ങളായി ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. ഇത്രയും നാളത്തെ ജീവിതയാത്രയിൽ എനിക്ക് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന അവസ്ഥ. ഈ കരിയര്‍ തന്നെ നിരവധി അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്. വ്യക്തി ജീവിതത്തിലും അതിന്റെ അഭാവം ആത്മാവിനെ തകര്‍ക്കും. ആ സമയത്തെ അതിജീവിക്കാന്‍ എന്നെ സഹായിച്ച ഒരേയൊരു കാര്യം (എന്റെ കുടുംബത്തിന് പുറമെ) നല്ല സുഹൃത്തുക്കളാണ്. ജോലി തിരക്കിലാണെങ്കില്‍ ഒഴിവുസമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നു, പുതിയ ബന്ധത്തിലാണെങ്കില്‍, ആ വ്യക്തിയോടൊപ്പമാണ് മുഴുവന്‍ സമയവും ചെലവഴിക്കുന്നത്. അപ്പോൾ സുഹൃത്തുക്കളെ അവ​ഗണിക്കും. തിരക്കുകളുടെ പേരിൽ ചിലരുമായി മാസങ്ങളായി സംസാരിച്ചിട്ടുണ്ടാവില്ല. 

അതിരുകളില്ലാത്ത സ്നേഹത്തിന്റെ ഏറ്റവും ആത്മാർത്ഥമായ  രൂപം എന്നു പറയുന്നത് സത്യസന്ധമായ സൗഹൃദമാണ്.  2021ലെ ഏറ്റവും നല്ല ഭാഗം എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളാണ്. എന്നെ പോലെ നിങ്ങളും നല്ല സുഹൃത്തുക്കള്‍ക്കൊപ്പം ആവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now