'എന്റെ മുഖം വീർത്തിരിക്കുന്നത് ആ മരുന്നുകളുടെ പാർശ്വഫലം, നാല് വർഷമായി പോരാട്ടത്തിൽ'; രോ​ഗാവസ്ഥ വെളിപ്പെടുത്തി വിഷ്ണു വിശാൽ

ഇതിനായി ഞാൻ ഇടയ്ക്കിടെ കഴിക്കുന്ന മരുന്നുകൾക്ക് ചില പാർശ്വഫലങ്ങളുണ്ട്.

Vishnu Vishal
Vishnu Vishalവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :26 ജൂൺ 2026, 4:30 pm IST

തന്റെ ആരോ​ഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ വിഷ്ണു വിശാൽ. കഴിഞ്ഞ കുറച്ചുനാളുകളായി താൻ കടുത്ത ഓട്ടോഇമ്യൂൺ രോ​ഗബാധയുമായി പോരാടുകയാണെന്ന് താരം വെളിപ്പെടുത്തി. തന്റെ പുതിയ ചിത്രമായ ​ഗാട്ട ​ഗുസ്തി 2വിന്റെ പ്രൊമോഷൻ പരിപാടികളിൽ‍ പങ്കെടുക്കുന്ന വിഷ്ണുവിന്റെ മുഖത്തെ ക്ഷീണവും മാറ്റങ്ങളും ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

നിരവധി ആരാധകർ ഇതേക്കുറിച്ച് ചോ​ദിച്ചതിന് പിന്നാലെയാണ് നടൻ സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞത്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും 'ഗാട്ട ഗുസ്തി 2' എന്ന ചിത്രത്തിന് വേണ്ടി അശ്രാന്തം പരിശ്രമിച്ച അണിയറപ്രവർത്തകരോടുള്ള ഉത്തരവാദിത്വവും ആരാധകരുടെ സ്നേഹവുമാണ് പ്രൊമോഷൻ വേദികളിൽ സജീവമായി തുടരാൻ തനിക്ക് കരുത്ത് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘കൃതജ്ഞതയോടും സ്നേഹത്തോടും കൂടി ഇത് വിനയപൂർവ്വം പങ്കുവെക്കുന്നു.’’ എന്ന തലക്കെട്ടോടെയാണ് വിഷ്ണു വിശാൽ സോഷ്യൽ മീഡിയയിൽ പ്രസ്തവന പങ്കുവച്ചത്. ‘‘എല്ലാവർക്കും നമസ്കാരം, ആദ്യമായി, നിങ്ങളുടെ കമന്റുകളിലൂടെയും മെസേജുകളിലൂടെയും നിങ്ങൾ കാണിച്ച സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദി.

ഇത് എനിക്ക് ഏറെ വിലപ്പെട്ടതാണ്, അതുകൊണ്ട് തന്നെയാണ് ഇത് നിങ്ങളുമായി നേരിട്ട് പങ്കിടണം എന്ന് ഞാൻ ആഗ്രഹിച്ചതും. കഴിഞ്ഞ കുറച്ചു നാളുകളായി എന്റെ മുഖം വളരെ ക്ഷീണിതമായി കാണപ്പെടുന്നു എന്ന് നിങ്ങളിൽ പലരും ശ്രദ്ധിച്ചിരുന്നു. അതിനുള്ള കാരണം, കഴിഞ്ഞ 3- 4 വർഷമായി ഞാൻ ഒരു ഓട്ടോഇമ്യൂൺ രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

ഇതിനായി ഞാൻ ഇടയ്ക്കിടെ കഴിക്കുന്ന മരുന്നുകൾക്ക് ചില പാർശ്വഫലങ്ങളുണ്ട്. നിങ്ങൾ ശ്രദ്ധിച്ച ആ മുഖത്തെ വീർപ്പ് അതിലൊന്നാണ്. ഈ ചികിത്സ വൈദ്യശാസ്ത്രപരമായി എനിക്ക് അനിവാര്യമാണ്, എന്റെ ആരോഗ്യത്തിനാണ് ഞാൻ ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്. എങ്കിലും, നിങ്ങളുടെ സ്നേഹവും, ഞാൻ വിശ്വസിക്കുന്ന എന്റെ ജോലിയും, 'ഗാട്ട ഗുസ്തി 2' എന്ന ചിത്രത്തിന് വേണ്ടി അശ്രാന്തം പരിശ്രമിച്ച എല്ലാവരോടുമുള്ള എന്റെ ഉത്തരവാദിത്വവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

അതുകൊണ്ടാണ് സിനിമയുടെ പ്രൊമോഷനുകളിലും നിങ്ങൾക്ക് മുന്നിലും ഞാൻ ഇപ്പോഴും സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. എന്റെ ആരോഗ്യം ഉടൻ തന്നെ മെച്ചപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഈ കരുതൽ എന്നെക്കുറിച്ച് കൂടുതൽ നന്നായി ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു. ഓരോ സന്ദേശങ്ങൾക്കും നിങ്ങളുടെ പിന്തുണയ്ക്കും ഞാൻ ആത്മാർഥമായി നന്ദി പറയുന്നു.

പ്രൊമോഷന്റെ അവസാന വാരത്തിലേക്ക് കടക്കുമ്പോൾ, ഞാൻ തികഞ്ഞ പോസിറ്റിവിറ്റിയിലും ആവേശത്തിലുമാണ്. ജൂലൈ 3-ന് തിയറ്ററുകളിൽ എത്തുന്ന 'ഗാട്ട ഗുസ്തി 2' നിങ്ങളെല്ലാവരും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒരുപാട് സ്നേഹത്തോടെ, വിഷ്ണു വിശാൽ".- നടൻ കുറിച്ചു.

വിഷ്ണു വിശാലിനൊപ്പം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന ചിത്രം ഒരു സ്പോർട്സ് ഡ്രാമയായാണ് ഒരുങ്ങുന്നത്.

News Now

Summary

Actor Vishnu Vishal shares about his disease.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics