മോഹന്‍ലാലിന്റെ 'ആര്യന്‍' കണ്ട് 'ഡോണ്‍' ആകാന്‍ ബോംബെയ്ക്ക് വണ്ടി കേറി; വെടി കൊണ്ട് മരിക്കേണ്ടെന്ന് ഒടുവില്‍ തീരുമാനിച്ചു!

വാര്‍ത്ത കേള്‍ക്കുന്നുണ്ട്, വെടിയേറ്റ് മരിച്ചു, ദാവൂദിന്റെ ആള്‍ക്കാരാണ് കൊന്നത് എന്നൊക്കെ. അത് കാണാന്‍ വേണ്ടി പലപല സ്ഥലത്തും പോയി

Dinesh Prabhakar
Dinesh Prabhakar
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :9 ജൂലൈ 2026, 5:08 pm IST

സിനിമ കണ്ട് ഡോണ്‍ ആകാന്‍ ബോംബെയ്ക്ക് കള്ള വണ്ടി കേറിയെന്ന തമാശയായി പലപ്പോഴും പറഞ്ഞ് കേട്ടിട്ടുണ്ട്. ദേ അത് തന്റെ അനുഭവമാണെന്ന് പറയുകയാണ് നടന്‍ ദിനേശ് പ്രഭാകര്‍. മോഹന്‍ലാല്‍ ചിത്രം ആര്യന്‍ കണ്ടാണ് ഡോണ്‍ ആകണമെന്ന ആഗ്രഹം ദിനേശ് പ്രഭാകറിന്റെ മനസില്‍ ഉദിക്കുന്നത്. അതിനായി ബോംബെയ്ക്ക് വണ്ടി കയറുകയും ചെയ്തു. പക്ഷെ ബോംബെയിലെത്തി അധോലോകവുമായി മുഖാമുഖം നില്‍ക്കേണ്ടി വന്നതോടെ ആ മോഹമൊക്കെ നാലാക്കി മടക്കിവെക്കേണ്ടി വന്നു. ഷെഫ് നളന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അധോലോക കഥ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

പ്രീഡിഗ്രി കഴിഞ്ഞ് എന്തെടുക്കുമെന്ന് ചിന്തിച്ച് നടക്കുന്ന സമയം. മിമിക്രി സൈഡിലൂടെയുണ്ട്. അടുത്തത് ബികോമാണ്, കാരണം കൊമേഴ്‌സ് ആണ് പഠിച്ചത്. ചേട്ടന്മാരുടെ കയ്യിലെ ബുക്ക് കാണുമ്പോഴേ തല കറങ്ങും. കണക്കിനോട് പണ്ടേ താല്‍പര്യക്കുറവുണ്ട്. രണ്ടാമത്തെ സഹോദരിയെ വിവാഹം കഴിച്ചത് ബോംബെയിലേക്കായിരുന്നു. വീട്ടിലെ ടിവിയില്‍ രാമായണവും ഹീമാനും കാര്‍ട്ടൂണുമൊക്കെ കാണും. ഹിന്ദിയോട് താല്‍പര്യം ഇല്ലെങ്കിലും. പെട്ടെന്ന് ഹിന്ദിയുമായി കണക്ടായി. സീരിയലുകള്‍ കാണും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറിയുന്നത് അന്ന് കണ്ട സീരീയലുകളില്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ചിട്ടുണ്ടെന്ന്. സര്‍ക്കസ്, ഫൗജി, നുക്കഡ്, തമസ്, അതൊക്കെ എനിക്കോര്‍മയുണ്ട്. അങ്ങനെ ഹിന്ദി പഠിച്ചു. എനിക്ക് സ്വയം തോന്നി, എനിക്ക് ഹിന്ദി അറിയാമെന്ന്.

ഞാനിത് കണ്ട് തുടങ്ങിയ സമയത്താണ് തേസാബ് എന്ന ചിത്രമൊക്കെ ഇറങ്ങുന്നത്. അനില്‍ കപൂറും ജാക്കി ഷ്രോഫുമൊക്കെയാണ്. ഹിന്ദി സിനിമയോട് ഭയങ്കര പാഷനായി. ഹിന്ദി പാട്ടുകളൊക്കെ അന്ന് വലിയ ഹിറ്റാണ്. സാധാരണ നമ്മുടെ സിനിമാകഥകളൊക്കെ ആരംഭിക്കുന്നത് ചെന്നൈയില്‍ നിന്നാണ്. എന്റേത് നേരെ വടക്കോട്ടായിരുന്നു. അതിന് കാരണം ദൂരദര്‍ശനാണ്. അവിടെ മുഴുവന്‍ അണ്ടര്‍ വേള്‍ഡും വെടിവെപ്പുമൊക്കെയുള്ള സിനിമകളാണ്.

ആ സമയത്താണ് ലാലേട്ടന്റെ ആര്യന്‍ സിനിമ വരുന്നത്. നാട്ടില്‍ തല്ലിപ്പൊളിയായ നടന്ന് ബോംബെയില്‍ പോകുന്നു, അവിടെ ഒരാളെ അടിച്ചിട്ട് ദാദയാകുന്നു. പിന്നെ അണ്ടര്‍ വേള്‍ഡ് കിങ് ആയ ശേഷം നാട്ടിലേക്ക് തിരികെ വരുന്നു. അതോടെ മനസിലൊരു ചാഞ്ചാട്ടം. ഇതേപോലെ പോയി അവിടെയൊരു ദാദ ആയാലോ? ഇതിന്റെ ഇടയ്ക്കാണ് ഇനിയെന്ത് എന്ന ആശങ്ക. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ആര്യനും കൂടെ കണ്ടതോടെ ജോലിയ്ക്ക് എന്ന് പറഞ്ഞ് ബോംബെയ്ക്ക് പോകാം. അവിടെ ചെന്ന് പതിയെ ആരുമറിയാതെ അണ്ടര്‍ വേള്‍ഡിലേക്ക് പോകാം എന്ന പ്ലാനുമായാണ് പോകുന്നത്.

മനസില്‍ മുഴുവന്‍ ഹിന്ദി പാട്ടുകളും വര്‍ണാഭമായ ബോംബെയുമാണ്. ബോംബെയില്‍ ചെന്നിറങ്ങിയപ്പോഴാണ് അറിയുന്നത് ഞാന്‍ കണ്ടതല്ല സംഭവം, എനിക്ക് ഹിന്ദി സംസാരിക്കാന്‍ പോലും അറിയില്ല. അവര്‍ പറയുന്നത് കേട്ട് വാ പൊളിച്ച് നോക്കി നില്‍ക്കുകയാണ്. ലോക്ക് ആയെന്ന് മനസിലായി. നാണക്കേട് കാരണം നാട്ടിലേക്ക് വരാനും പറ്റില്ല. അങ്ങനെ അവിടെ ഓരോ ജോലി ചെയ്യാന്‍ തുടങ്ങി. ആദ്യം കൊണ്ടാക്കുന്നത് മെഡിക്കല്‍ ഷോപ്പില്‍ എടുത്തു കൊടുക്കുന്നതാണ്. പക്ഷെ എനിക്ക് ഭാഷ അറിയില്ല. കൗണ്ടറില്‍ വരുന്നവരൊക്കെ എന്നെ ചീത്ത വിളിക്കുകയാണ്. മുതലാളിയെന്നെ കണ്ടമാനം ചീത്ത പറഞ്ഞിട്ടുണ്ട്. മുന്നില്‍ നിന്നും മാറ്റി ബാക്കില്‍ നിര്‍ത്തി. അവസരം കിട്ടുമ്പോള്‍ ചാടാം എന്നായിരുന്നു മനസില്‍.

അപ്പോഴാണ് ഒരു സുഹൃത്തിനെ പരിചയപ്പെടുന്നത്. ചേച്ചി താമസിക്കുന്ന ബില്‍ഡിങിലുള്ള തൃശ്ശൂര്‍ക്കാരന്‍ സോമന്‍. സോമന്‍ അന്നും ഇന്നും എന്റെ സുഹൃത്താണ്. എനിക്കന്ന് 19 വയസാണ്. സോമന്‍ കലാതിലകം ആണെന്ന് അറിഞ്ഞു. അങ്ങനെയാണ് കാണുന്നത്. സോമന്‍ അസോസിയേഷന്‍ പരിപാടിയ്ക്ക് മിമിക്രിയൊക്കെ അവതരിപ്പിക്കും. സോമനുമായി പെട്ടെന്ന് സൗഹൃദമായി. സമാജത്തിന്റെ പരുപാടിയ്ക്ക് ഞാനും മിമിക്രി അവതരിപ്പിച്ചു. ഹിറ്റായി, പിള്ളേര്‍ കൊള്ളാമെന്ന് പേരായി. അങ്ങനെ പരിപാടികളിലേക്ക് പോവുകയാണ്. ഇതിനൊപ്പം ജോലികളുമുണ്ട്.

മെഡിക്കല്‍ ഷോപ്പിലെ ജോലിയ്ക്ക് ശേഷം കൊറിയര്‍ ബോയ് ആയും ജോലി ചെയ്തു. സോമന്റെ ഗൈഡന്‍സിലാണ് പരിപാടികളൊക്കെ ചെയ്യുന്നത്. അതോടെ അണ്ടര്‍ വേള്‍ഡ് സ്വാഭാവികമായും ഒതുങ്ങി. ഇതിനിടെ വാര്‍ത്ത കേള്‍ക്കുന്നുണ്ട്, വെടിയേറ്റ് മരിച്ചു, ദാവൂദിന്റെ ആള്‍ക്കാരാണ് കൊന്നത് എന്നൊക്കെ. അത് കാണാന്‍ വേണ്ടി പലപല സ്ഥലത്തും പോയി. അപ്പോഴാണ് മനസിലായത് നമ്മള്‍ വിചാരിക്കുന്നത് പോലയല്ല, സീരിയസാണെന്ന്. അണ്ടര്‍ വേള്‍ഡ് എന്നൊരു സ്ഥലമൊന്നുമില്ല. എല്ലാ സ്ഥലത്തുമുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമാണ്. അവര്‍ ആരാണെന്നാണ് പോലും അറിയില്ല. എന്റെ പൊട്ട ധാരണ അണ്ടര്‍ വേള്‍ഡ് എന്നതൊരു സ്ഥലമായിരുന്നു. ആ ധാരണകളൊക്കെ മാറി. മാത്രമല്ല വെടി കൊണ്ട് ചാവുന്നതിനേക്കാള്‍ നല്ലത് ഇതാണെന്ന് തോന്നി.

News Now

Summary

After watching Mohanlal's Aryan, Dinesh Prabhakar went to Bombay to be a Don.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics