അജിത്തിനൊപ്പം തന്നെ ട്രെയ്‌ലറിൽ‌ തിളങ്ങിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോയും പ്രിയ വാര്യരും.

Good Bad Ugly
ഗുഡ് ബാഡ് അഗ്ലി
Last Updated :5 April 2025, 11:06 am IST

News Now

തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും അജിത് ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിക്കാറുള്ളത്. പ്രഖ്യാപനം മുതൽ തന്നെ മലയാളികളും ഒന്നടങ്കം കാത്തിരിക്കുന്ന അജിത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. വിശാൽ ചിത്രം മാർക്ക് ആന്റണിയ്ക്ക് ശേഷം അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.

അജിത്തിനൊപ്പം തന്നെ ട്രെയ്‌ലറിൽ‌ തിളങ്ങിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോയും പ്രിയ വാര്യരും. ഷൈനിന്റെ ചിത്രത്തിലെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു പക്കാ സ്റ്റൈലിഷ് ആക്ഷൻ ചിത്രമായിരിക്കും ഗുഡ് ബാഡ് അഗ്ലി എന്ന് ഉറപ്പു നൽകുന്നുണ്ട് ട്രെയ്‌ലർ. അജിത്തിന്റെ വ്യത്യസ്തമാർന്ന നിരവധി ലുക്കുകൾ ട്രെയ്‌ലറിൽ ഉടനീളം കാണാം.

തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രമ്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. തൃഷയുടെ കഥാപാത്രത്തിന്‍റെ ഡയലോഗിലൂടെ അജിത്തിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മങ്കാത്തയുടെയും ബില്ലയുടെയും റെഫറന്‍സുകള്‍ നല്‍കിയത് ആരാധകരെ ഇരട്ടി സന്തോഷത്തിലാക്കിയിട്ടുണ്ട്. തൃഷയ്ക്ക് പുറമെ തെന്നിന്ത്യൻ നായിക സിമ്രാനും ചിത്രത്തിലെത്തുന്നുണ്ട്.

അതിഥി വേഷത്തിലാണ് സിമ്രാൻ ചിത്രത്തിലെത്തുക എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സുനിൽ, പ്രഭു, പ്രസന്ന, അർജുൻ ദാസ്, റെഡിൻ കിങ്‌സ്‌ലി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജിവി പ്രകാശ് കുമാറിന്റേതാണ് സം​ഗീതം. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റ് ലിസ്‌റ്റില്‍ ഇടം നേടിയിരുന്നു.

ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ഏപ്രിൽ നാലിന് രാത്രി മുതൽ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates