Suhail is not in a correctional facility; what is a Borstal School?
സുഹൈല്‍
Last Updated :13 October 2026, 12:12 pm IST
Guest Author :Amal Joy

News Now

കൊച്ചി: നെടുമ്പാശേരിയില്‍ മദ്യപിച്ച് അമിത വേഗത്തില്‍ കറോടിച്ച് മൂന്നു പേരുടെ ജീവനെടുത്ത സുഹൈല്‍ സജീവിനെ ബോസ്റ്റല്‍ സ്‌കൂളിലേക്കു മാറ്റിയത് വലിയ ചര്‍ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ത്തിവിട്ടത്. സുഹൈലിനെ ജുവനൈല്‍ ഹോമിലേക്കു മാറ്റിയെന്നായിരുന്നു, ചര്‍ച്ചകളുടെ കാതല്‍. എന്നാല്‍ സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്കൂള്‍ ജുവനൈല്‍ ഹോം അല്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ അതു കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന തടവറയുമല്ല.

നിയമപരമായി 21 വയസില്‍ താഴെയുള്ള കുറ്റവാളികളെ പാര്‍പ്പിക്കുന്ന ഇടമാണ് ബോസ്റ്റല്‍ സ്കൂള്‍. കാക്കനാട് ജില്ലാജയിലിനോട് ചേര്‍ന്നുള്ള, ഇപ്പോള്‍ സുഹൈലിനെ പാര്‍പ്പിച്ചിരിക്കുന്നതാണ് സംസ്ഥാനത്തെ ഏക ബോസ്റ്റല്‍ സ്കൂള്‍.

ഇന്ത്യയിലെ നിയമമനുസരിച്ച് ആറു വയസിന് മുകളില്‍ പ്രായമുള്ള ആര് തെറ്റ് ചെയ്താലും അത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. ആറിനും 18 നും ഇടയില്‍ പ്രായമുള്ള പ്രതികളെ ദുര്‍ഗുണ പരിഹാര പാഠശാല എന്ന് വിളിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്കും 18നും 21നും ഇടയില്‍ പ്രായമുള്ളവരെ ബോസ്റ്റല്‍ സ്‌കൂളിലേക്കും മാറ്റണമെന്നാണ് നിയമം. ജയില്‍ റൂള്‍ 279 പ്രകാരമാണിത്.

ദുര്‍ഗുണ പരിഹാര പാഠശാല സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷണ കേന്ദ്രമാണ്. ഏതാണ്ട് ഒരു ഹോസ്റ്റലിന്‍റെ മാതൃകയിലായിരിക്കും അവിടത്തെ ജീവിതം. ബോസ്റ്റല്‍ സ്‌കൂള്‍ ആവട്ടെ, ജയില്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ്. സൂപ്രണ്ട് അടക്കം ജയില്‍ ഉദ്യോഗസ്ഥരാണ് അവിടെ അന്തേവാസികളെ നോക്കുന്നത്. ജയില്‍ നിയമങ്ങള്‍ എല്ലാം ഇവിടെ ബാധമാണ്.

കാക്കനാട്ടെ ബോസ്റ്റല്‍ സ്കൂള്‍ തുടക്കത്തില്‍ കണ്ണൂരിലാണ് സ്ഥാപിച്ചത്. ഇത് 1995-ല്‍ ഇങ്ങോട്ടു മാറ്റുകയായിരുന്നു. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയപ്പോള്‍ കേരളത്തിലെ ബോസ്റ്റല്‍ സ്‌കൂള്‍ ശിക്ഷയേക്കാള്‍ കൂടുതല്‍ അവരെ നല്ല മനുഷ്യരാക്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവരുന്നതെന്ന് സൂപ്രണ്ട് അജു ആര്‍ വി പറഞ്ഞു.

ഇവിടെ കൊടുംകുറ്റവാളികളോ ഭയാനകമായ അന്തരീക്ഷമോ ഇല്ല. പകരം, കുറ്റവാളികള്‍ക്ക് ജീവിതം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന കഴിവുകള്‍ ഇവിടെ നിന്ന് നേടിയെടുക്കാം. മാനസികമായ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന കൃഷി, ബാഡ്മിന്റണ്‍ തുടങ്ങിയ കായിക വിനോദങ്ങള്‍ക്ക് അവസരം നല്‍കും. ശാരീരിക വ്യായാമത്തോടെയാണ് ദിവസം ആരംഭിക്കുന്നത്. തുടര്‍ന്ന് പല വിധത്തിലുള്ള ക്ലാസുകളിലും പങ്കെടുപ്പിക്കുന്നു. ചില അന്തേവാസികള്‍ പാചകത്തില്‍ സഹായിക്കുമ്പോള്‍, മറ്റുചില ജോലികളില്‍ ഏര്‍പ്പെടുന്നു. ചെടികള്‍ പരിപാലിക്കുക, മത്സ്യങ്ങള്‍ക്ക് ആഹാരം കൊടുക്കുക എന്നിവയും ചെയ്യുന്നു.

66 അന്തേവാസികളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ 16 സെല്ലുകളായാണ് ആദ്യം ബോസ്റ്റര്‍ സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇന്ന് ഇവിടെ ഏകദേശം 80 പേരുണ്ട്. നേരത്തെ അന്തേവാസികളുടെ എണ്ണം 140 വരെ എത്തിയിരുന്നു. ഒരു റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റേതിന് സമാനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.

പരിശീലന പരിപാടികള്‍

വിവിധ സംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹകരണത്തോടെ സര്‍ട്ടിഫിക്കറ്റ്, പരിശീലന പരിപാടികള്‍ ഈ സ്ഥാപനം നല്‍കുന്നുണ്ട്. സാംസ്‌കാരിക വകുപ്പിന്റെയും തൃക്കാക്കര മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നാടന്‍പാട്ട്, നാടകം, മറ്റ് സര്‍ഗ്ഗാത്മക കലകള്‍ എന്നിവയില്‍ അന്തേവാസികള്‍ക്ക് പരിശീലനം നല്‍കുന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട യുവാക്കളില്‍ ആത്മവിശ്വാസം വളര്‍ത്താനും സ്വയം വളരാനുള്ള പ്രോത്സാഹനം നല്‍കാനും ലക്ഷ്യമിട്ടാണ് ഈ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നേരത്തെ മരപ്പണി, നെയ്ത്ത്, ഫിറ്റ്‌നെസ് എഡ്യൂക്കേഷന്‍ എന്നിവയില്‍ പ്രത്യേക പരിശീലനം ഇവിടെ ഉണ്ടായിരുന്നു.

എന്നാല്‍ ഇന്ന്, മുഴുവന്‍ അന്തേവാസികള്‍ക്കുമായി രണ്ട് അധ്യാപകരും ഒരു നെയ്ത്ത് പരിശീലകനും മാത്രമാണ് ഇവിടെയുള്ളത്. ഏകദേശം 30-40 ശതമാനം പേരും പോക്‌സോ നിയമപ്രകാരമുള്ള കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. 20 ശതമാനം പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരില്‍ പലരും ലഹരിമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. മോഷണം മുതല്‍ ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്.

Summary

Suhail is not in a correctional facility; what is a Borstal School?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates