ആശാജി പാടിയ ഒരേയൊരു മലയാള ​ഗാനം; നാവിലൂറും തേൻമധുരമായി 'സ്വയംവര ശുഭദിന മംഗളങ്ങൾ...'

ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്ന പഴയകാല ഗാനങ്ങളിൽ ഒന്നാണിത്.

Asha Bhosle
ലത മങ്കേഷ്കറിനൊപ്പം ആശ ഭോസ്‌ലെഫയൽ
Edited by :Hima Prakash
Last Updated :12 ഏപ്രിൽ 2026, 2:15 pm IST

"സം​ഗീതം എനിക്ക് ശ്വാസോച്ഛ്വാസം പോലെയാണ്. എന്റെ സം​ഗീതം നിലയ്ക്കണമെങ്കിൽ എന്റെ ശ്വാസം കൂടി നിലയ്ക്കണം. ഇനിയും ഒരുപാട് ചെയ്ത് തീർക്കാനുണ്ട്. പക്ഷേ വളരെ കുറച്ചു സമയമേ ബാക്കിയുള്ളൂ എന്ന് തോന്നുന്നു".- ഒരിക്കൽ ഒരഭിമുഖത്തിൽ ആശ ഭോസ്‍ലെ പറഞ്ഞതിങ്ങനെയാണ്.

ഇന്നോളം പകരംവയ്ക്കാനില്ലാത്ത ഒരു അതുല്യപ്രതിഭയായിരുന്നു ആശ ഭോസ്‌ലെ. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ ആശ പാടിയിട്ടുണ്ട്. ഹിന്ദി സിനിമാ ലോകം ലതാ മങ്കേഷ്കര്‍ എന്ന സുന്ദര ശബ്ദത്തില്‍ മയങ്ങിക്കൊണ്ടിരുന്ന കാലത്താണ് സഹോദരി കൂടിയായ ആശ ഭോസ്‍ലെ പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്.

ബോളിവുഡിനെ നാദമാധുര്യത്തിലൂടെ മയക്കിയ ആശാജി മലയാളത്തിലും ഒരു പാട്ട് പാടിയിട്ടുണ്ട്. 1977 ൽ പുറത്തിറങ്ങിയ 'സുജാത' എന്ന ചിത്രത്തിലെ 'സ്വയംവര ശുഭദിന മംഗളങ്ങൾ...അനുമോദനത്തിന്റെ ആശംസകൾ...' എന്ന ​ഗാനമായിരുന്നു അത്.

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികളും രവീന്ദ്ര ജെയിനിന്റെ സംഗീതവും ആശാജിയുടെ ശബ്ദവും ആസ്വാദകരെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു. ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്ന പഴയകാല ഗാനങ്ങളിൽ ഒന്നാണിത്. കെ ടി മുഹമ്മദിന്റെ കഥയ്ക്ക് ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സുജാത.

പി വി ​ഗം​ഗാധരൻ ആയിരുന്നു ചിത്രത്തിന്റെ നിർമാണം. പ്രേം നസീർ, ജയഭാരതി, എം ജി സോമൻ, കെ പി ഉമ്മർ, ഉഷ, അടൂർ ഭാസി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. പ്രശസ്ത സംഗീത സംവിധായകന്‍ ഒ പി നയ്യാരായിരുന്നു ആശയുടെ ഉള്ളിലെ ​ഗായികയെ തിരിച്ചറിഞ്ഞത്.

രണ്ട് ദശകത്തോളം ഒ പി നയ്യാറിന്റെ ഗാനങ്ങള്‍ ആശ പാടി. എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തിലും ആശാജി പാടി സം​ഗീതപ്രേമികളെ അതിശയിപ്പിച്ചു. ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി കൂടിയാണ് ആശ ഭോസ്‌ലെ. ഏറ്റവും അധികം ഗാനങ്ങള്‍ റെക്കോഡ് ചെയ്തിട്ടുള്ള ഗായിക എന്ന പേരില്‍ ഗിന്നസ് ബുക്കിലും ആശാജി ഇടം പിടിച്ചു.

News Now

Summary

Cinema News: Singer Asha Bhosle Malayalam Song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics