'തിരക്കഥയില്‍ ഇതിന് എങ്ങനെ പരിഹാരം കാണാമെന്നായി'

Blessy, Mammootty
Blessy, Mammootty
Last Updated :20 October 2026, 5:34 pm IST

News Now

മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ ചിത്രമാണ് കാഴ്ച. ബ്ലെസിയുടെ ആദ്യ ചിത്രമായിരുന്നു കാഴ്ച. ഇന്നും നോവോടെയല്ലാതെ കാഴ്ച എന്ന ചിത്രത്തെ ഓര്‍ക്കാന്‍ സാധിക്കില്ല. പ്രൊജക്ടര്‍ ഓപ്പറേറ്ററായ മാധവന്‍ എന്ന സാധാരണക്കാരനായെത്തി കണ്ണും മനസും നിറയ്ക്കുകയായിരുന്നു മമ്മൂട്ടി.

കാഴ്ചയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായ മാധവനിലേക്ക് മമ്മൂട്ടിയെ എത്തിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. ഡിഡി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ക്രോണിക് ബാച്ചിലറില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ മമ്മൂട്ടിയെ മാധവനായി അവതരിപ്പിക്കുന്നത് എങ്ങനെയാണ് തനിക്ക് വെല്ലുവിളിയായി മാറിയതെന്ന് പറയുകയാണ് ബ്ലെസി. ആ വാക്കുകളിലേക്ക്:

''മമ്മൂക്കയുടെ ക്രോണിക് ബാച്ചിലര്‍ ഇറങ്ങിയതിന് ശേഷമാണ് കാഴ്ച എന്ന സിനിമ ചിന്തിക്കുന്നത്. ക്രോണിക് ബാച്ചിലറില്‍ ഗ്ലാമറസ് ആയിട്ടുള്ള പേഴ്‌സണാലിറ്റിയാണ് അദ്ദേഹത്തിന്റേത്. ഈ കഥ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചപ്പോള്‍ എന്റെ ചിന്ത ഇദ്ദേഹത്തെ എങ്ങനെ സാധാരണക്കാരനായ മാധവനാക്കാം, ഈ ഗ്ലാമര്‍ എങ്ങനെ കുറയ്ക്കാം എന്നതായിരുന്നു.

അതിന് വേണ്ടി പലരീതിയും നോക്കി. അന്ന് ഫോട്ടോഷോപ്പൊക്കെ വളര്‍ന്നു വരുന്ന സമയമാണ്. അദ്ദേഹത്തിന് താടി വച്ച് നോക്കി. വിഗ് മാറ്റി. മഹാനഗരം പോലുള്ള സിനിമയില്‍ താടി വച്ചിട്ടുണ്ടല്ലോ. ആര്‍ട്ടിഫിഷ്യലായ മേക്കപ്പ് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ഡിസ്‌കംഫര്‍ട്ട് തോന്നും. അതുകൊണ്ട് അത് നടക്കില്ല. ഇദ്ദേഹത്തെ കരിവാരിത്തേച്ച് സൗന്ദര്യം കുറയ്ക്കാന്‍ പറ്റില്ലെന്ന് മനസിലായി.

അതോടെ തിരക്കഥയില്‍ ഇതിന് എങ്ങനെ പരിഹാരം കാണാമെന്നായി. അതുകൊണ്ട് കുട്ടിക്കാലത്ത് എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിക്കണം എന്ന് കൊതിച്ച, ജൂനിയര്‍ ആര്‍ട്ടിസ്റ്റായെങ്കിലും അഭിനയിക്കണം എന്ന് മനസില്‍ കൊണ്ടുനടന്ന ഒരാള്‍. അങ്ങനെ സെല്‍ഫ്‌കോണ്‍ഷ്യസ് ആയിട്ടുള്ളവര്‍ എപ്പോഴും പോക്കറ്റില്‍ ഒരു ചീപ്പ് കരുതി വെക്കും. ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും സാധനങ്ങള്‍ എടുക്കുമ്പോള്‍ ചീപ്പ് സഹിതമായിരിക്കും എടുക്കുക. അവസരം കിട്ടുമ്പോഴെല്ലാം അങ്ങനെ അയാളുടെ സൗന്ദര്യത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചു''

Summary

Blessy recalls how he deglamourised Mammootty for Kazhcha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics