സിനിമയിലെ ശ്രേണിഘടനയെ അട്ടിമറിച്ച വിപ്ലവ ഏട്; സലിം കുമാറിന് മലയാളി മനസ്സില്‍ മരണമില്ല: ഡോക്ടര്‍ ബിജു

ഞങ്ങള്‍ ഒന്നിച്ചു ഒന്നോ രണ്ടോ സിനിമകള്‍ ആലോചിച്ചുവെങ്കിലും പല കാരണങ്ങളാല്‍ അതൊന്നും മുന്നോട്ട് പോയില്ല .

Dr Biju and Salim Kumar
Dr Biju and Salim Kumar
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :7 ജൂൺ 2026, 12:47 pm IST

പ്രിയ നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചന കുറിപ്പുമായി സംവിധായകന്‍ ഡോക്ടര്‍ ബിജു. 2014 ല്‍ പുറത്തിറങ്ങിയ, ഡോക്ടര്‍ ബിജു ഒരുക്കിയ വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രത്തില്‍ സലിം കുമാര്‍ അഭിനയിച്ചിരുന്നു. പിന്നീട് ഒന്നോ രണ്ടോ സിനിമകള്‍ ആലോചിച്ചിരുന്നുവെങ്കിലും അത് നടക്കാതെ പോയെന്നാണ് ഡോക്ടര്‍ ബിജു പറയുന്നത്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

സലീം കുമാറുമായി ഏറെ അടുത്തു പരിചയപ്പെടുന്നത് 2011 ല്‍ ദേശീയ പുരസ്‌കാരം വാങ്ങാനായി എത്തുമ്പോള്‍ ഡല്‍ഹിയില്‍ വെച്ചാണ്. ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ആ വര്‍ഷത്തില്‍ തന്നെ ആണ് എനിക്കും ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. വീട്ടിലേക്കുള്ള വഴിക്ക് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം. ഡല്‍ഹിയില്‍ പുരസ്‌കാര ദാന ചടങ്ങില്‍ വെച്ച് ഏറെ നേരം സംസാരിക്കുകയും ചെയ്തു. പിന്നീട് ഇടയ്ക്കിടെ സിനിമയും രാഷ്ട്രീയവും ഒക്കെ ടെലഫോണില്‍ സംസാരിച്ച് ആ സൗഹൃദം പുതുക്കിക്കൊണ്ടിരുന്നു.

2014 ല്‍ വലിയ ചിറകുള്ള പക്ഷികള്‍ സിനിമയില്‍ അദ്ദേഹം ഒരു ഹെഡ് മാസ്റ്ററുടെ വേഷം ചെയ്ത് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു . കാസര്‍ഗോട്ട് മൂന്ന് സീസണുകളിലായി നടന്ന ഷൂട്ടില്‍ രണ്ട് സീസണുകളില്‍ സലിം കുമാര്‍ ഉണ്ടായിരുന്നു. പിന്നീടും ഞങ്ങള്‍ ഒന്നിച്ചു ഒന്നോ രണ്ടോ സിനിമകള്‍ ആലോചിച്ചുവെങ്കിലും പല കാരണങ്ങളാല്‍ അതൊന്നും മുന്നോട്ട് പോയില്ല . സലിം കുമാര്‍ കറുത്ത ജൂതന്‍ എന്ന സിനിമ സംവിധാനം ചെയ്തപ്പോള്‍ വിവിധ ഫെസ്റ്റിവലുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുവാനായി ഇടയ്ക്കിടെ വിളിക്കുമായിരുന്നു.

മലയാള സിനിമയിലെ വിപ്ലവകരമായ ഒരേട് ആയിരുന്നു സലിം കുമാര്‍. ഒരു ഹാസ്യ നടന്‍ എന്ന നിലയില്‍ നിന്നും ഇന്ത്യയിലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാര്‍ അട്ടിമറിച്ചു. സലിം കുമാറിന് മലയാളിയുടെ മനസ്സില്‍ ഒരുകാലത്തും മരണമില്ല. മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത അതുല്യ നടനൊപ്പം ഒരു സിനിമ ചെയ്യാന്‍ സാധിച്ചു എന്നതും ഏറെ സന്തോഷമുള്ള ഓര്‍മ.

നടന്‍ എന്ന നിലയില്‍ മാത്രമല്ല സാമൂഹികവും സാംസ്‌കാരികവുമായ വിഷയങ്ങളില്‍ പ്രതികരിക്കുകയും തികഞ്ഞ രാഷ്ട്രീയ ബോധ്യം പുലര്‍ത്തുകയും ചെയ്ത ഒരു കലാകാരന്‍ എന്ന നിലയിലും സലിം കുമാര്‍ മലയാളിയുടെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കും.

News Now

Summary

Dr Biju remembers Salim Kumar. Say he is the actor who broke the hierarchy in malayalam cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics