തമിഴ് നടൻ 'ജയം രവി' പേര് മാറ്റി; ഇനി 'രവി മോഹൻ'

രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ പുതിയ നിർമാണ കമ്പനിയും താരം പ്രഖ്യാപിച്ചു

Jayam Ravi
രവി മോഹൻഫയൽ
Edited by :renjith.k
Last Updated :13 ജനുവരി 2025, 7:13 pm IST

ചെന്നൈ: തമിഴ് നടൻ ജയം രവി പേര് മാറ്റി. ഇനി മുതൽ 'രവി മോഹൻ' എന്നായിരിക്കും തന്റെ പേരെന്നു താരം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ആരാധകർക്ക് രവി എന്നു വിളിക്കാം. തന്റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നു നിൽക്കുന്ന പുതിയ അധ്യായത്തിനു തുടക്കമാണിതെന്നു കുറിപ്പിൽ വ്യക്തമാക്കുന്നു. തമിഴ് സിനിമയിൽ സജീവമായി നിൽക്കുന്ന താരം രണ്ട് പതിറ്റാണ്ടിനു ശേഷമാണ് പേരു മാറ്റുന്നത്.

നായകനായി അരങ്ങേറിയ 'ജയം' എന്ന സിനിമയുടെ വിജയത്തിനു ശേഷമാണ് താരം ജയം രവി എന്നറിയപ്പെടാൻ തുടങ്ങിയത്. ആരാധകർക്ക് പുതുവത്സര, പൊങ്കൽ ആശംസകൾ നേർന്നാണ് പേര് മാറ്റം പ്രഖ്യാപിച്ചത്. പ്രമുഖ എഡിറ്റർ എ മോഹനന്റെ മകനാണ് രവി മോഹൻ.

പൊങ്കൽ റിലീസായി എത്തുന്ന കാതലിക്ക നേരമില്ലൈ എന്ന ചിത്രത്തിന്റെ റിലീസ് നാളെയാണ്. ഇതിനു മുന്നോടിയായാണ് പേര് മാറ്റിയതായി താരം പ്രഖ്യാപിച്ചത്.

പേര് മാറ്റിയതിനൊപ്പം രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ പുതിയ നിർമാണ കമ്പനിയും താരം പ്രഖ്യാപിച്ചു. പ്രേക്ഷകരെ ആകർഷിക്കുന്ന, പ്രചോദിപ്പിക്കുന്ന ചിത്രങ്ങളാവും നിർമാണ കമ്പനിയിലൂടെ പുറത്തു വരിക. പുതുമുഖങ്ങൾക്ക് അവസരം ഒരുക്കുക, അർഥവത്തായ സിനിമകൾ സൃഷ്ടിക്കുക എന്നിവയും ലക്ഷ്യങ്ങളാണെന്നും താരം വ്യക്തമാക്കി.

ഇതിനൊപ്പം ഫാൻസ് അസോസിയേഷന്റെ പേരുകളും മാറ്റിയിട്ടുണ്ട്. രവി മോഹൻ ഫാൻസ് ഫൗണ്ടേഷൻ എന്നാണ് ആരാധക കൂട്ടായ്മയുടെ പുതിയ പേര്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now