'കുടുംബത്തിൽ നിന്ന് പൈസയിറക്കിയ രാഷ്ട്രീയക്കാരനായിരുന്നു അച്ചാച്ചൻ, സിനിമയിൽ സക്സസ് ഉണ്ടെങ്കിൽ കൂടെ ആളുണ്ട്'; വിഡിയോ

പത്ത് കാര്യം ചെയ്താലും പതിനൊന്നാമത്തെ കാര്യം നടത്തി കൊടുത്തില്ലെങ്കിൽ ശത്രുതയിലാകും

 Jeethu Joseph
Jeethu Josephഎക്സ്പ്രസ്
Edited by :Hima Prakash
Last Updated :19 ഏപ്രിൽ 2026, 10:11 am IST

അച്ഛൻ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നുവെങ്കിലും തനിക്ക് രാഷ്ട്രീയത്തിൽ താല്പര്യം തോന്നിയിട്ടില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ്. മക്കളാരും രാഷ്ട്രീയത്തിലേക്ക് വരുന്നതിനോട് അച്ഛനും വലിയ താല്പര്യമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമയും രാഷ്ട്രീയവും തമ്മിൽ ഒരുപാട് സമാനതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ പവർ ഉണ്ടെങ്കിൽ കൂടെ ആളുണ്ടാകുമെന്നും സിനിമയിൽ സക്സസ് ഉണ്ടെങ്കിൽ കൂടെ ആളുണ്ടാകുമെന്നും ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

"പണ്ട് ഞാൻ രാഷ്ട്രീയം ശ്രദ്ധിക്കുമായിരുന്നു, ഇപ്പോൾ ഇല്ല. രാഷ്ട്രീയത്തിലുള്ള ഒരിതു പോയി. അച്ഛൻ മൂവാറ്റുപുഴ മുൻ എംഎൽഎ ആയിരുന്നു. മക്കളാരും രാഷ്ട്രീയത്തിലേക്ക് വരുന്നതിനോട് അച്ഛന് താല്പര്യമില്ലായിരുന്നു. കുടുംബത്തിൽ നിന്ന് പൈസ ഇറക്കി കളിച്ച രാഷ്ട്രീയക്കാരനായിരുന്നു എന്റെ അച്ഛൻ. അതിന്റെ ഒരു ക്ഷീണം നമുക്കുണ്ടായിരുന്നു.

കരുണാകാരൻ പോലും അച്ഛനെ 'ചേട്ടൻ' എന്നാണ് വിളിച്ചിരുന്നത്. അപ്പോൾ എല്ലാവരും പറയും 'ചേട്ടന്റെ കയ്യിൽ പൈസയുണ്ട്. കൊച്ചേട്ടൻ തന്നെ ചെയ്തോളുമെന്ന്'. അങ്ങനെ അച്ചാച്ചൻ തന്നെ പൈസ ഇറക്കി കളിച്ചു. ഞാൻ നിർമലയിൽ പഠിക്കുന്ന സമയത്തു പോലും കൊച്ചേട്ടന്റെ മകനാണെന്ന് പറഞ്ഞ് എന്നെ കൗൺസിലർ സ്ഥാനത്തേക്ക് നിർത്താനൊക്കെ ശ്രമിച്ചിരുന്നു.

അച്ഛൻ എന്നോട് 'വേണ്ടെടാ' എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, 'എനിക്ക് അത്ര പോലും താല്പര്യമില്ലെന്ന്'. കാരണം, എന്റെ വീട്ടിൽ സ്ഥിരമായി വരികയും എപ്പോഴും ചിരിച്ച് വർത്തമാനം പറയുന്ന ഒരാളെ കുറേനാളുകൾക്ക് ശേഷം ഞാൻ ഇലഞ്ഞി ടൗണിൽ വച്ച് കണ്ടപ്പോൾ ഞാൻ ചിരിച്ചു, പക്ഷേ അദ്ദേഹം മുഖം തിരിച്ച് നടന്നു കളഞ്ഞു.

അപ്പോൾ ഞാൻ അച്ചാച്ചനോട് ചോദിച്ചു, 'ഇതെന്ത് പറ്റി, അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന്'. അച്ചാച്ചൻ പറഞ്ഞു, 'അയാൾ എന്നോട് പറഞ്ഞ കാര്യം നടത്തി കൊടുക്കാൻ പറ്റിയില്ലെന്ന്'. അതായത് പത്ത് കാര്യം ചെയ്താലും പതിനൊന്നാമത്തെ കാര്യം നടത്തി കൊടുത്തില്ലെങ്കിൽ ശത്രുതയിലാകും.

പിന്നെ എനിക്ക് ഒട്ടും അറിയാത്ത ഒരു കാര്യമുണ്ട്. നമുക്ക് പരിചയമില്ലെങ്കിലും ചിരിച്ച് കാണിക്കണം. അത് എനിക്കി ഇത്തിരി ബുദ്ധിമുട്ടാ. പക്ഷേ തത്തുല്യമായ ഒരു മേഖലയിൽ തന്നെയാ ഞാനിപ്പോൾ വർക്ക് ചെയ്യുന്നത്, സിനിമ. രണ്ടിനും ഒത്തിരി സമാനതകളുണ്ട്.

രാഷ്ട്രീയത്തിൽ പവർ ഉണ്ടെങ്കിൽ കൂടെ ആളുണ്ട്. സിനിമയിൽ സക്സസ് ഉണ്ടെങ്കിൽ കൂടെ ആളുണ്ട്. എല്ലാവരും ജീവിക്കാനാണ്, അത് ആരുടെയും കുറ്റമൊന്നുമല്ല... അങ്ങനെയാണത്. സിനിമയിലും ഇങ്ങനെ തന്നെയാ. എനിക്കിപ്പോഴും ഇൻഡസ്ട്രിയിലെ എല്ലാവരെയും ഒന്നും അറിയില്ല.

ഞാൻ എന്റെ ജോലി കഴിഞ്ഞാൽ വീട്ടിലേക്ക് പോകും. പിന്നെ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടാൽ പിന്നീട് കാണുമ്പോൾ ഞാൻ അവരെ തിരിച്ചറിയണമെന്നില്ല. അതുകൊണ്ട് പേടിയാ. പിന്നെ കാണുമ്പോൾ എനിക്ക് ജാഡയാണെന്ന് തോന്നും, കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

പക്ഷേ എനിക്ക് പറ്റത്തില്ല. ഞാൻ അത്തരം കാര്യങ്ങൾക്കൊന്നും ശരിക്കും ഫിറ്റ് അല്ല. പിന്നെ രാഷ്ട്രീയം എനിക്ക് താല്പര്യമില്ലാത്ത ഒരു മേഖല കൂടിയാണ്. വാക്കിന് വില വേണം എന്നൊക്കെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ".- ജീത്തു ജോസഫ് പറഞ്ഞു. മൂവാറ്റുപുഴ മുൻ എംഎൽഎ വി ജോസഫിന്റെ മകനാണ് ജീത്തു ജോസഫ്.

News Now

Summary

Cinema News: Director Jeethu Joseph opens up about his father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics