'സുസ്മിത പ്രണയിച്ചത് എന്‍റെ പണം കണ്ടല്ല'; പിരിയാന്‍ കാരണമെന്ത്? ലളിത് മോദിയുടെ തുറന്നുപറച്ചില്‍

ഒരിക്കലും ഞാന്‍ കാശ് ചിലവാക്കിയിട്ടില്ല. എല്ലാത്തിനും പണം നല്‍കിയിരുന്നത് അവളായിരുന്നു.

Sushmita Sen and Lalit Modi
Sushmita Sen and Lalit Modi
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :2 ജൂൺ 2026, 2:17 pm IST

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയ പ്രണയ ബന്ധമായിരുന്നു ലളിത് മോദിയുടേയും സുസ്മിത സെന്നിന്റേയും. 2022 ലാണ് താനും സുസ്മിതയും പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ലളിത് മോദി തുറന്നു പറയുന്നത്. ആ പ്രണയം ആഘോഷിക്കപ്പെട്ടതിനേക്കാളും കടുത്ത സൈബര്‍ ആക്രമണങ്ങളാണ് തുടര്‍ന്ന് സുസ്മിത നേരിട്ടത്.

പണത്തിന് വേണ്ടി ലളിത് മോദിയെ പ്രണയിച്ച ഗോള്‍ഡ് ഡിഗ്ഗര്‍ ആണ് സുസ്മിത എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. തട്ടിപ്പ് കേസില്‍ പ്രതിയായി നാടുവിട്ടയാളെ പ്രണയിച്ചതിനും സുസ്മിത പഴി കേട്ടു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി തന്നെ സുസ്മിത പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ഇരുവരും പിരിഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് ലളിത് മോദി.

സുന്ദരിയും സക്‌സ്ഫുള്ളുമായ സെല്‍ഫ് മേഡ് വുമണ്‍ ആണ് സുസ്മിത എന്നാണ് ലളിത് മോദി പറയുന്നത്. 'എനിക്ക് അറിയുന്ന ആരേക്കാളും കൂടുതല്‍ വജ്രങ്ങള്‍ അവളുടെ പക്കലുണ്ട്. എല്ലാം അവള്‍ സ്വയം നേടിയതാണ്. അവള്‍ക്ക് വജ്ര വ്യാപരസ്ഥാപനങ്ങളുമുണ്ട്. വളരെ സമ്പന്നയായ സ്ത്രീയാണ്. ഞങ്ങള്‍ പുറത്ത് പോകുമ്പോള്‍ ഒരിക്കലും ഞാന്‍ കാശ് ചിലവാക്കിയിട്ടില്ല. എല്ലാത്തിനും പണം നല്‍കിയിരുന്നത് അവളായിരുന്നു. അവള്‍ ആരില്‍ നിന്നും ഒന്നും സ്വീകരിക്കില്ല. ആ അവളെയാണ് ആളുകള്‍ ഗോള്‍ഡ് ഡിഗ്ഗര്‍ എന്ന് വിളിക്കുന്നത്. അങ്ങനെയെങ്കില്‍, ലളിത് ആണ് ഡയമണ്ട് ഡിഗ്ഗര്‍. അവള്‍ ശരിക്കുമൊരു വജ്രമാണ്. അവള്‍ക്ക് ഈ ഭൂമിയിലെ ആരേയും കിട്ടുമായിരുന്നു. പണം ഒരു ഘടകമേ ആയിരുന്നില്ല. അവള്‍ സമ്പന്നയാണ്'' ലളിത് മോദി പറയുന്നു.

''സുസ്മിത എനിക്ക് വളരെ സ്‌പെഷ്യലാണ്. ഇന്ന് ഞാന്‍ ആയി തീര്‍ന്നതിലേക്ക് വളരാന്‍ അവള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അത് എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. വളരെ സ്‌പെഷ്യല്‍ ആയ ബന്ധമായിരുന്നു. പക്ഷെ അകലം പ്രശ്‌നമായി. അവളുടെ കരിയര്‍ ഇന്ത്യയിലാണ്. എന്റെ ജീവിതം ലണ്ടനിലും. അവളെക്കുറിച്ച് എനിക്ക് നല്ല ഓര്‍മകളേയുള്ളൂ. ഇന്നും അവള്‍ എന്റെ നല്ല സുഹൃത്താണ്. അവള്‍ക്ക് നല്ലത് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. അവള്‍ വളരെ നല്ലൊരു സ്ത്രീയാണ്. ഒറ്റയ്ക്ക് തന്റെ പെണ്‍മക്കളെ വളര്‍ത്തിയവളാണ്. അവര്‍ക്കായി ചെയ്തത് പകരം വെക്കാനില്ലാത്തതാണ്. അവള്‍ക്ക് ഞാന്‍ എല്ലാ നന്മകളും നേരുന്നു'' എന്നും ലളിത് മോദി കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞ വൈറല്‍ പോസ്റ്റിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. താനും സുസ്മിതയും വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു തര്‍ക്കമുണ്ടായി. അപ്പോള്‍ സുസ്മിത വെല്ലുവിളിച്ചതോടെയാണ് താന്‍ ആ പോസ്റ്റ് പങ്കുവെക്കുന്നത്. താനത് പോസ്റ്റ് ചെയ്യുമെന്ന് സുസ്മിത വിചാരിച്ചിരുന്നില്ല. വിമാനം ലാന്റ് ചെയ്തപ്പോഴാണ് സോഷ്യല്‍ മീഡിയയാകെ ഇളകി മറിഞ്ഞുവെന്ന് മനസിലാകുന്നതെന്നും ലളിത് മോദി പറഞ്ഞു. എന്നാല്‍ തനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ലെന്നും അദ്ദേഹം പറയുന്നു.

News Now

Summary

Lalit Modi talks about his relationship with Sushmita Sen. Reveals why they broke up.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates