ഭക്ഷണത്തിലാണ് ഞാന്‍ എല്ലായ്‌പ്പോഴും അഭയം നേടിയത്. എല്ലാ ദിവസവും പിസ കഴിച്ചു

നമിത/ ഫേയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:40 am IST

News Now

കടുത്ത വിഷാദത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി നമിത. ആളുകളിൽ നിന്ന് അകന്നു നിൽക്കാൻ തുടങ്ങിയെന്നും ഉറക്കം നഷ്ടപ്പെട്ടെന്നുമാണ് താരം പറയുന്നത്. മാനസികമായി ബുദ്ധിമുട്ടിയപ്പോൾ താൻ ഭക്ഷണത്തിൽ അഭയം തേടി. രാത്രികാലങ്ങളിൽ അമിതമായി ആഹാരം കഴിച്ചതിലൂടെ തന്റെ ശരീര ഭാരം 97 കിലോ ആയി ഉയർന്നു. ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നുവെന്നും നമിത വ്യക്തമാക്കി. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

ഞാന്‍ കടുത്ത വിഷാദത്തിലായിരുന്നു. ആളുകളുമായി ഇടപഴകുന്നതില്‍നിന്ന് അതെന്നെ അകറ്റി. ഉറക്കം നഷ്ടപ്പെട്ടു. രാത്രികാലങ്ങളില്‍ അമിതമായി ആഹാരം കഴിച്ചു. ഭക്ഷണത്തിലാണ് ഞാന്‍ എല്ലായ്‌പ്പോഴും അഭയം നേടിയത്. എല്ലാ ദിവസവും പിസ കഴിച്ചു. വളരെ പെട്ടന്ന് തന്നെ എന്റെ ശരീരത്തിന്റെ ആകൃതി മാറാന്‍ തുടങ്ങി. എന്റെ ശരീര ഭാരം 97 കിലോയിലെത്തി. ഞാന്‍ മദ്യത്തിന് അടിമയാണെന്ന് ആളുകള്‍ പറഞ്ഞു പരത്താന്‍ തുടങ്ങി. പിസിഒഡിയും തൈറോയ്ഡും എന്നെ അലട്ടിയിരുന്ന കാര്യം എനിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. ഞാന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാന്‍ തുടങ്ങി. എനിക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. അഞ്ചു വര്‍ഷത്തോളം ഞാന്‍ അതനുഭവിച്ചു.- നമിത പറഞ്ഞു.

വിഷാദത്തെ മറികടന്നത് എങ്ങനെയെന്നും നമിത വ്യക്തമാക്കി. ഡോക്ടറുടെ സഹായം തേടാതെ തെറാപ്പി ചെയ്യാതെയായിരുന്നു ഈ ഘട്ടം മറികടന്നത്.  ഞാനെന്റെ കൃഷ്ണനെ കണ്ടു. ഞാന്‍ മന്ത്രങ്ങള്‍ ഉരുവിട്ട് ധ്യാനിച്ചു. ഡോക്ടറുടെ സഹായം ഞാന്‍ തേടിയില്ല, തെറാപ്പിയും ചെയ്തില്ല. ധ്യാനമായിരുന്നു എന്റെ തെറാപ്പി. ഒടുവില്‍ ഞാന്‍ മനസ്സമാധാനവും അനന്തമായ സ്‌നേഹവും എന്താണെന്ന് അറിഞ്ഞു. നിങ്ങള്‍ അന്വേഷിക്കുന്നത് എന്ത് തന്നെയും ആകട്ടെ, അത് പുറത്തല്ല, നിങ്ങള്‍ക്ക് ഉള്ളിലുണ്ട്.- താരം വ്യക്തമാക്കി. മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താനിത് പറയുന്നതെന്നും നമിത പറഞ്ഞു. ഡിപ്രഷൻ കാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates