'കല്യാണം കഴിക്കണം, കുഞ്ഞുങ്ങളുടെ കൂടെ ഇരിക്കണം എന്നത് എന്റെ ആ​ഗ്രഹമായിരുന്നു'; സിനിമയിൽ നിന്ന് വിട്ടു നിന്നതിനേക്കുറിച്ച് മേനക

സ്പൂണിൽ ഭക്ഷണം കൊടുക്കുന്നത് എനിക്കിഷ്ടമില്ല, കൈ കൊണ്ട് തന്നെ എനിക്ക് കൊടുക്കണം.

Menaka Suresh with family
Menaka Suresh with familyവിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :30 ജൂലൈ 2026, 10:39 am IST

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികമാരിലൊരാളായിരുന്നു മേനക. നിർമാതാവ് ജി സുരേഷ് കുമാറുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് മേനക പൂർണമായും വിട വാങ്ങി. കുടുംബത്തിന് പ്രാധാന്യം നൽകിയതു കൊണ്ടാണ് മേനക സിനിമയിൽ നിന്ന് ഒഴിഞ്ഞു മാറിയത്. ഇപ്പോഴിതാ സിനിമയിലെ ആ ബ്രേക്ക് തന്റെ തീരുമാനമായിരുന്നുവെന്ന് പറയുകയാണ് മേനക.

അതോടൊപ്പം നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും അഭിനയിക്കുമെന്നും നടി കൂട്ടിച്ചേർത്തു. ആനീസ് കിച്ചൺ എന്ന പരിപാടിയിലാണ് മേനക ഇക്കാര്യം പറഞ്ഞത്. "നൂറ് ശതമാനവും എനിക്ക് എന്റെ ഭർത്താവിനെ ഇഷ്ടമാണ്. എന്റെ ആ​ഗ്രഹമായിരുന്നു കല്യാണം കഴിക്കണം, കുഞ്ഞുങ്ങളുടെ കൂടെ ഇരിക്കണം എന്നുള്ളത്. കാരണം എന്റെ മാതാപിതാക്കൾ ജോലി ചെയ്യുന്നവരായിരുന്നു.

അതുകൊണ്ട് തന്നെ സ്കൂൾ കഴിഞ്ഞ് ഞാനു സഹോദരനും വീട്ടിലേക്ക് വരുമ്പോൾ വീട് പൂട്ടിയിരിക്കുന്നത് കാണുന്നത് സങ്കടമാണ്. അവർ വരുന്നത് വരെ നമ്മൾ കാത്തിരിക്കും. എനിക്ക് അങ്ങനെയല്ല. നമ്മൾ അവരുടെ കൂടെയിരിക്കണം. കുഞ്ഞിന് ഞാൻ തന്നെ ഭക്ഷണം കൊടുക്കണമെന്ന് എനിക്കുണ്ട്. സ്പൂണിൽ ഭക്ഷണം കൊടുക്കുന്നത് എനിക്കിഷ്ടമില്ല, കൈ കൊണ്ട് തന്നെ എനിക്ക് കൊടുക്കണം.

ഇവർക്ക് ആ​ഹാരം കൊടുക്കുന്ന സമയത്ത് ഞാൻ കയ്യിൽ നഖം പോലും വളർത്തില്ലായിരുന്നു. അതുപോലെ കോട്ടൺ സാരിയെ ഉടുക്കുള്ളൂ. വേറെ ടൈപ്പ് സാരി ഉടുത്ത് കുട്ടികളെ എടുക്കുമ്പോൾ അവർക്കെന്തെങ്കിലും അലർജിയൊക്കെ വരുമോ എന്ന് ചിന്തിക്കും. നിങ്ങളൊരു സിനിമാ നടിയല്ലേ നഖമൊക്കെ വളർത്തിക്കൂടെ, നെയിൽ പോളിഷ് ഇട്ടു കൂടെ എന്നൊക്കെ എന്നോട് ആളുകൾ ചോദിക്കാറുണ്ട്.

ഞാനില്ല, ഞാൻ അവരുടെ അമ്മയാണ് എന്ന് ഞാൻ പറയും. അതെനിക്ക് ഒരു ആ​ഗ്രഹമായിരുന്നു. എനിക്ക് അവരുടെ കൂടെ ഇരിക്കണം, അവരുടെ കൂടെ എവിടെയെങ്കിലും പോണം എന്നൊക്കെ. സുരേഷേട്ടൻ എപ്പോഴും പറയും, 'കോഴിയും കുഞ്ഞുങ്ങളും പോലെ അമ്മയുടെ ചിറകിനടിയിൽ പോയിക്കൊണ്ടിരിക്കുകയാണെന്ന്'. ആ ജീവിതം ഞാൻ വളരെയധികം ആസ്വദിച്ചിരുന്നു.

പിള്ളേര് വലുതായി ഞാൻ ഒറ്റയ്ക്ക്, ഒരു പണിയുമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെയാണിപ്പോൾ. കാരണം ആരുമുണ്ടാകില്ല. നമ്മൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അങ്ങനെ ഞാൻ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ, 'ഇനി വേണമെങ്കിൽ നിനക്ക് സിനിമയിൽ അഭിനയിക്കാൻ പോകണമെങ്കിൽ പൊയ്ക്കോ' എന്ന് സുരേഷേട്ടൻ പറയും. നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും അഭിനയിക്കും.

കഥാപാത്രവും ക്രൂവുമൊക്കെ നന്നായിരിക്കണം. എല്ലാം കൂടി ഒത്തുവരുകയാണെങ്കിൽ തീർച്ചയായും അഭിനയിക്കും. ഞാൻ അവസരങ്ങളൊന്നും അങ്ങനെ നോക്കിയിട്ടില്ല. നമുക്ക് വിധിക്കപ്പെട്ടത് വരും. എന്റെ അമ്മ എപ്പോഴും പറയും, 'ദേഹം മുഴുവൻ എണ്ണ തേച്ചിട്ട് മണലിൽ ഉരുണ്ടാലും ഒട്ടുന്ന മണ്ണേ ഒട്ടുകയുള്ളൂ'.- എന്ന്. പിന്നെ ഞാനെന്തിന് കിടന്ന് തിരിഞ്ഞ് മറിയണം. വരണമെങ്കിൽ വരും". - മേനക പറഞ്ഞു.

News Now

Summary

Menaka Suresh talks about her career break.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics