'പ്രതികാരബുദ്ധി ഒക്കെ ചുമന്നു കൊണ്ട് നടക്കാൻ വളരെ ബുദ്ധിമുട്ടാണ്; സംതൃപ്തനാണ് എന്നുള്ളതാണ് എന്റെ സന്തോഷം'

എന്റെ സ്വപ്നങ്ങൾക്ക് വരെ വലിയൊരു ലിമിറ്റ് കൊടുക്കുന്ന ആളാണ് ഞാൻ.

Siddique
Siddiqueവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :23 സെപ്റ്റംബർ 2026, 3:41 pm IST

താൻ ജീവിതത്തിൽ ഒരു കാര്യവും പ്ലാൻ ചെയ്യുന്ന ആളല്ലെന്ന് നടൻ സിദ്ദിഖ്. കുന്നിക്കുരുവോളം ആ​ഗ്രഹിച്ചിട്ട് കുന്നോളം കിട്ടിയ ഒരാളായിട്ടാണ് താൻ തന്നെ കണക്കാക്കുന്നതെന്നും നടൻ പറഞ്ഞു. നിന്റെ പിആർ ഒന്നും പോര എന്ന് മമ്മൂട്ടി പോലും തന്നോട് പറയാറുണ്ടെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. മൂവി വേൾഡ് ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എനിക്ക് വേണ്ടി പോലും ഞാനൊരു പ്ലാൻ ഉണ്ടാക്കിയിട്ടില്ല. അടുത്ത കൊല്ലം ഇന്നത് ചെയ്യണം. ഇങ്ങനെയൊരു ​ഗോൾ സെറ്റ് ചെയ്യണം എന്നൊന്നും വിചാരിക്കുന്ന ഒരാളല്ല ഞാൻ. വരുന്ന സിനിമകളിൽ നന്നായിട്ട് ചെയ്യുക. എന്നിലെ നടനെ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്തി എടുക്കാൻ പറ്റും. എന്നുള്ള കാര്യങ്ങളാണ് എപ്പോഴും ചിന്തിച്ചിട്ടുള്ളത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റു സിനിമകൾ കാണുമ്പോഴും അല്ലെങ്കിൽ ഒരു പുസ്തകം വായിക്കുമ്പോഴും വേറൊരു കഥാപാത്രത്തെ പറ്റി കേൾക്കുമ്പോഴും മറ്റൊരു സിനിമയെക്കുറിച്ച് ഒരാൾ സംസാരിക്കുമ്പോഴും എന്നെ എങ്ങനെ മെച്ചപ്പെടുത്താം എന്ന് മാത്രമേ ഞാൻ ചിന്തിക്കാറുള്ളൂ. മറ്റു പ്ലാനിങ്ങുകളൊന്നും ഞാനൊരിക്കലും ചെയ്യാറില്ല. അത് പറഞ്ഞു കൊടുക്കാനും എനിക്കറിയില്ല.

നീ അങ്ങനെയല്ല ചെയ്യണ്ടേ, ഇങ്ങനെയാണ് ചെയ്യേണ്ടത് എന്നൊന്നും പറഞ്ഞു കൊടുക്കാനും എനിക്കറിയില്ല. വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ പോയാൽ മതിയെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. എന്റെ സ്വപ്നങ്ങൾക്ക് വരെ വലിയൊരു ലിമിറ്റ് കൊടുക്കുന്ന ആളാണ് ഞാൻ. ഒരുപാട് വലിയ മോഹങ്ങൾ പോലും എനിക്കങ്ങനെ വരാറില്ല.

കുന്നോളം ആ​ഗ്രഹിച്ചാലാണ് കുന്നിക്കുരുവോളം കിട്ടുന്നത് എന്ന് പറയുമല്ലോ. ഞാൻ കുന്നിക്കുരുവോളം ആ​ഗ്രഹിച്ചിട്ട് കുന്നോളം കിട്ടിയ ഒരാളായിട്ടാണ് ഞാൻ എന്നെ കണക്കാക്കുന്നത്. സിനിമയിൽ ചെറിയ ചെറിയ റോളുകൾ ചെയ്യുന്ന ആളായിട്ടാണ് നിങ്ങൾ എന്നെ കാണുന്നത്. ഞാൻ എന്നെ അങ്ങനെയല്ല കാണുന്നത്.

വളരെ ചെറിയ റോൾ മോ​ഹിച്ചു വന്നിട്ട്, വലിയ കാരക്ടേഴ്സ് കിട്ടിയ ഒരാളായിട്ടാണ് എനിക്ക് എന്നെപ്പറ്റി തോന്നുന്നത്. ഞാൻ ഇത്രയൊന്നും കൊതിച്ച ഒരാളല്ല. ഞാൻ സ്വപ്നം കണ്ടൊരു വീട്ടിൽ അല്ല ഞാൻ താമസിക്കുന്നത്. ഞാൻ അതിനേക്കാളും വലിയൊരു വീട്ടിലാണ് താമസിക്കുന്നത്. ഞാൻ മോഹിച്ചൊരു വാഹനത്തിലല്ല ഞാൻ യാത്ര ചെയ്യുന്നത്. അതിനേക്കാളുമൊക്കെ ഒരുപാട് വലിയ വാഹനത്തിലാണ്. എന്റെ സ്വപ്നങ്ങൾ ഒരുപാട് താഴെയാണ്.

എനിക്ക് അതിനേക്കാൾ ഒരുപാട് മുകളിൽ കിട്ടിയ ആളാണ് ഞാൻ. മമ്മൂക്ക പറയാറുണ്ട്, 'നിന്റെ പിആർ ഒന്നും പോര' എന്ന്. 'വലിയ ചർച്ചകൾ നടക്കുന്നിടത്ത് നിന്റെ പേര് ഒന്നും ആളുകൾ പറയുന്നില്ല. അതിനൊക്കെ നീ തന്നെ തുടക്കമിടണം' എന്നൊക്കെ. എനിക്ക് പക്ഷേ അങ്ങനെയൊന്നുമറിയില്ല. ഒരു പരിമിതിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതാണ് എനിക്ക് സന്തോഷം.

ഞാൻ സംതൃപ്തനാണ് എന്നുള്ളതാണ് എന്റെ സന്തോഷം. ഇപ്പോഴുള്ള അവസ്ഥയിൽ ഞാൻ സന്തോഷിക്കുന്നുണ്ട്, മതി. പ്രതികാരബുദ്ധിയില്ലാതെ ജീവിക്കാൻ എനിക്ക് എളുപ്പമാണ്. പ്രതികാരബുദ്ധി ഒക്കെ ചുമന്നു കൊണ്ട് നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. നമ്മളങ്ങനെ പ്രതികാര ബുദ്ധിയെക്കുറിച്ച് ആലോചിച്ച് ആലോചിച്ച്, നമ്മുടെ മനസിനെ തന്നെ നമ്മൾ വേദനിപ്പിച്ച്. അവസാനം പ്രതികാരം ചെയ്യാൻ ഇട്ട് പറ്റിയുമില്ല.

അപ്പോൾ ആ ഒരു മേഖല അങ്ങ് വിട്ടു കഴിഞ്ഞാൽ കുഴപ്പമില്ല. നമ്മളീ പൈസ കിട്ടാനുണ്ട് എന്ന് പറയുന്നതു പോലെയാ. നമുക്കൊരാൾ പൈസ തരാനുണ്ട്. ആ പൈസ അങ്ങ് വേണ്ട എന്ന് വച്ചു നോക്ക്. ആ പ്രശ്നം തീർന്നു. നമുക്കത് കിട്ടാനില്ല. ഞാൻ സിനിമയിൽ വന്ന കാലത്തും അതിനു മുൻപും ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ പിന്നെ ആ ഏർപ്പാട് ഇല്ലാത്തതു കൊണ്ടാ.

എന്റെ കയ്യിൽ ഒരുപാട് വണ്ടി ചെക്ക് ഇരിപ്പുണ്ട് എന്ന് പറയുന്നത്. എന്റെ കയ്യിൽ ഒരു വണ്ടി ചെക്കുമില്ല. വണ്ടി മാത്രമേ ഉള്ളൂ. അങ്ങനെ ചോദിക്കാറില്ല. ഞാൻ ഡബ്ബിങ്ങിന് മുൻപ് എന്റെ പൈസ വാങ്ങിച്ചെടുക്കും എന്ന് പറയുന്നവരുണ്ട്. ഞാൻ ഇന്നേവരെ ഒരു സിനിമയും ഡബ്ബിങ്ങിന് മുൻപ് സെറ്റിൽമെന്റ് നടത്തിയിട്ടില്ല. ഡബ്ബിങ് കഴിഞ്ഞ ശേഷം അവർ കൊടുത്ത് അയക്കുന്നതേ ഉള്ളൂ.

ഒരു സിനിമയിൽ എന്റെ പ്രതിഫലം അവരാണ് നിശ്ചയിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു നിർമാതാവിന് അവസാന നിമിഷം ആകുമ്പോൾ പൈസ തരാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്. ഇവന് ഞാൻ പൈസ കൊടുക്കില്ല എന്ന് വാശി പിടിച്ചിട്ടല്ല. ചിലപ്പോൾ ​ഗതികേട് കൊണ്ടാകും. നമ്മളോട് ഒക്കെയല്ലേ പറയാൻ പറ്റുകയുള്ളൂ.

അപ്പോൾ അതിൽ വിട്ടുവീഴ്ച ചെയ്യും. ആ സിനിമയിൽ നിന്ന് കിട്ടാനുള്ളത് വേറൊരു പത്ത് സിനിമയിൽ നിന്ന് കിട്ടട്ടേ. അത്രയും കൂടി സിനിമയിൽ അഭിനയിക്കാമല്ലോ. അങ്ങനെ വിചാരിക്കുമ്പോൾ ഞാൻ കുറച്ചു കൂടി ലൈറ്റ് ഹാർട്ട് ആകും. എനിക്ക് അങ്ങനെ കണക്കുകളൊന്നുമില്ല. തന്ന പൈസ തന്നെ അധികം എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ".- സിദ്ദിഖ് പറഞ്ഞു.

News Now

Summary

Siddique talks about his life and career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics