'ഞാന്‍ ഇത്ര ഉലഞ്ഞു പോകുന്നത് അപൂര്‍വ്വം, ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നവര്‍'; വാക്കുകള്‍ ഇടറി റഹ്മാന്‍

സ്‌ക്രീനില്‍ അദ്ദേഹം എന്റെ വില്ലനായിരുന്നു. പക്ഷെ ജീവിതത്തില്‍ നല്ല സുഹൃത്തായിരുന്നു

Rahman, Santhosh K Nayar
Rahman, Santhosh K Nayar
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :5 മേയ് 2026, 5:00 pm IST

നടന്‍ സന്തോഷ് കെ നായരുടെ വിയോഗത്തില്‍ ഉള്ളുലഞ്ഞ് നടന്‍ റഹ്മാന്‍. സന്തോഷ് നായരുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നാണ് റഹ്മാന്‍ പറയുന്നത്. തങ്ങള്‍ സ്‌ക്രീനില്‍ എതിരാളികളായിരുന്നുവെങ്കിലും ജീവിതത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് റഹ്മാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

ദാരുണമായ അപകടത്തില്‍ എന്റെ പ്രിയ സുഹൃത്ത് സന്തോഷ് നായര്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത അതീവ വേദനയോടെയാണ് കേട്ടത്. സിനിമ ഇന്‍ഡസ്ട്രിയില്‍ ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നവരാണ്. ഒരുപാട് സിനിമകളില്‍ സ്‌ക്രീന്‍ പങ്കിട്ടു. മിക്കപ്പോഴും എതിരാളികളായി. സ്‌ക്രീനില്‍ അദ്ദേഹം എന്റെ വില്ലനായിരുന്നു. പക്ഷെ ജീവിതത്തില്‍ അദ്ദേഹം കനിവുള്ള ഹൃദയത്തിനുടമയും നല്ല സുഹൃത്തുമായിരുന്നു.

ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നില്ലെങ്കിലും ഇടയ്ക്ക് ഫോണില്‍ ബന്ധപ്പെടുകയും ആ പഴയ മനോഹരമായ കാലത്തെക്കുറിച്ച് ഓര്‍മ പങ്കിടുകയും ചെയ്യുമായിരുന്നു. എനിക്ക് എന്നും അദ്ദേഹത്തോടൊരു പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. ഒരിക്കലും വിശദീകരിക്കാന്‍ സാധിക്കാത്ത ഒന്ന്.

പാക്കപ്പിന് ശേഷം ഞങ്ങളുടെ അടുപ്പം കൂടുതല്‍ ശക്തമാകുമായിരുന്നു. ഹോട്ടല്‍ മുറിയിലെ ആ ലളിതവും സന്തോഷകരവുമായ നിമിഷങ്ങള്‍, ടിവി കാണുന്നതും ഭക്ഷണം പങ്കിടുന്നതും മറ്റൊന്നിനെക്കുറിച്ചും ആകുലപ്പെടാതെ പൊട്ടിച്ചിരിക്കുന്നതും. ഞാന്‍ എന്നും ഓര്‍ത്തിരിക്കുന്ന, നിഷ്‌കളങ്കമായ സന്തോഷത്തിന്റെ വര്‍ഷങ്ങളാണ് അത്.

ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ ഹൃദയം കനപ്പെട്ടു. ഞാന്‍ ഇത്രയും ഉലഞ്ഞു പോകുന്നത് അപൂര്‍വ്വമായിട്ടാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. നിങ്ങളെ എന്നും ഓര്‍മിക്കും എന്റെ സുഹൃത്തേ. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു.

News Now

Summary

Rahman gets emotional as he remembers Santhosh K Nayar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates