'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

അത് തന്നെയാണ് എന്റെ ഏറ്റവും വലിയ അനു​ഗ്രഹമെന്നാണ് എനിക്കിപ്പോൾ തോന്നുന്നത്.

Supriya, Prithviraj, RJ Balaji
Supriya, Prithviraj, RJ Balajiഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :2 മേയ് 2026, 5:08 pm IST

നടൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും താനും ബാല്യകാല സുഹൃത്തുക്കളായിരുന്നുവെന്ന് സംവിധായകൻ ആർജെ ബാലാജി. സുപ്രിയയെ കണ്ടാണ് തനിക്കും ജേർണലിസ്റ്റ് ആകണമെന്ന് തോന്നിയതെന്നും അങ്ങനെയാണ് ജേർണലിസം പഠിക്കാൻ ചേർന്നതെന്നും ആർജെ ബാലാജി പറഞ്ഞു. സുപ്രിയയെ ഒരിക്കൽ കണ്ടുമുട്ടിയപ്പോഴുണ്ടായ രസകരമായ ഒരു നിമിഷവും ബാലാജി പങ്കുവച്ചു.

തന്റെ പുതിയ ചിത്രമായ 'കറുപ്പി'ന്റെ പ്രൊമോഷന്റെ ഭാ​ഗമായി ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആർജെ ബാലാജി. "നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ഞാനും ബാല്യകാല സുഹൃത്തുക്കളാണ്. ചെറുപ്പത്തിൽ എന്റെ വീടിന് അടുത്താണ് അവർ താമസിച്ചിരുന്നത്. അടുത്തി‌ടെ ബോംബയിൽ വച്ച് ഞാൻ സുപ്രിയയെ കണ്ടിരുന്നു.

സൂര്യ സാർ അന്ന് ബോംബയിലുണ്ടായിരുന്നു. അവിടെ സുപ്രിയയുമുണ്ടായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, 'ഇതെന്റെ ബാല്യകാല സുഹൃത്താണ് എന്ന്'. എന്നാൽ സുപ്രിയയ്ക്ക് ഞാൻ ആരാണെന്ന് മനസിലായില്ല. അപ്പോൾ സൂര്യ സാർ എന്നോട് പറഞ്ഞു, 'നീയല്ലേ നിന്റെ സുഹൃത്ത് ആണെന്ന് പറഞ്ഞത്. പക്ഷേ സുപ്രിയയ്ക്ക് നിന്നെ അറിയില്ല എന്നാണല്ലോ പറയുന്നത്' എന്ന്.

അപ്പോൾ ഞാൻ പറഞ്ഞു. 'എന്റെ കയ്യിൽ ഫോ‌ട്ടോ ഉണ്ട്. കുട്ടിക്കാലത്ത് ഞങ്ങൾ ഫാഷൻ ഷോയിൽ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ടെന്ന്'. ഞാൻ അന്ന് ആറാം ക്ലാസിൽ ആയിരുന്നു. സുപ്രിയ അന്ന് എന്റെ സീനിയർ ആയിരുന്നു. അന്ന് ഫാഷൻ ഷോയിൽ ഞങ്ങളൊന്നിച്ചുണ്ടായിരുന്നു. പക്ഷേ സുപ്രിയ അതൊക്കെ മറന്നുപോയി.

ഈ അടുത്തിടെ പ്രൊജക്ട് ഹെയ്‌ൽ മേരി എന്ന പടം കാണാൻ ഞാൻ ബോംബയിൽ പോയിരുന്നു. അവിടെ സുപ്രിയയും ഉണ്ടായിരുന്നു. അപ്പോൾ സുപ്രിയ 'ബാലാജി എന്ന് പറഞ്ഞ് എന്നെ വിളിച്ചു'. അപ്പോൾ ഞാൻ പറഞ്ഞു, 'ഇപ്പോൾ നിങ്ങളെന്നെ ബാലാജി എന്നു വിളിച്ചല്ലോ. അന്ന് സൂര്യ സാറിന്റെ അടുത്ത് വച്ച് എന്നെ മനസിലായില്ലെന്ന് പറഞ്ഞില്ലേ' എന്ന്.

'ഞാനോർക്കുന്നുണ്ട് ബാലാജി' എന്ന് സുപ്രിയ പറഞ്ഞു. അവർ മുൻപ് എൻഡി ടിവിയിലെ മാധ്യമപ്രവർത്തകയായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങളൊന്നിച്ച് ഫാഷൻ ഷോയിൽ പങ്കെടുക്കുമായിരുന്നു, ഫ്ലാറ്റിലൊക്കെ കളിക്കുമായിരുന്നു. പിന്നീട് അവർ വീട് മാറി. അതോ‌ടെ ഞങ്ങൾ തമ്മിലുള്ള കോൺടാക്ട് ഇല്ലാതായി.

പക്ഷേ അവർ എൻഡി ടിവിയിൽ റിപ്പോർട്ടർ ആയ സമയത്ത് നമ്മുടെ അടുത്തുള്ള ആളുകളൊക്കെ പറയുമായിരുന്നു 'ടിവിയിൽ‍ സുപ്രിയയെ കാണാമെന്ന്'. 'വരൂ ദേ സുപ്രിയ ടിവിയിൽ' എന്നൊക്കെ അടുത്തുള്ള ആളുകൾ പറയും. അപ്പോഴാണ് എനിക്കും ജേർണലിസ്റ്റ് ആകണമെന്ന് തോന്നിയത്. എനിക്കും രാഷ്‌ട്രീയം ഇഷ്ടമാണ്.

ചെറുപ്പം മുതലേ മുത്തശ്ശനൊപ്പം ഞാനും രാഷ്ട്രീയ വിഷയങ്ങളൊക്കെ സംസാരിക്കുമായിരുന്നു. എനിക്കും ജേർണലിസ്റ്റാകണം, ഞാനും വലിയൊരു ജേർണലിസ്റ്റ് ആകുമെന്നൊക്കെ വിചാരിച്ചു. അങ്ങനെയാണ് ഞാൻ ജേർണിലസം പഠിക്കാൻ പോയി ചേരുന്നത്. സുപ്രിയയെക്കുറിച്ച് എല്ലാവർക്കും നല്ല മതിപ്പാണ്. അപ്പോൾ എന്നെക്കുറിച്ചും അങ്ങനെ ആളുകൾ പറയണമെന്ന് എനിക്ക് തോന്നി.

എന്നാൽ എൻഡി ടിവിയിൽ പോകണമെന്ന തരത്തിലുള്ള ​​ലക്ഷ്യമൊന്നും എനിക്കുണ്ടായിരുന്നില്ല. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ അനു​ഗ്രഹമെന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. എനിക്ക് ഈ 9- 5 ജോലി ചെയ്യുന്നതിനോട് താല്പര്യമില്ല. ഞാൻ ആദ്യം അറ്റൻഡ് ചെയ്യുന്നത് ആർജെയ്ക്ക് വേണ്ടിയുള്ള അഭിമുഖമാണ്. അത് കിട്ടി, എനിക്ക് ഇഷ്ടമായിരുന്നു ആ ജോലി".- ആർജെ ബാലാജി പറഞ്ഞു.

News Now

Summary

Cinema News: Director RJ Balaji talks about friendship with Producer Supriya Menon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates