'എട്ട് മണിക്കൂർ ഉറങ്ങും, വീട്ടിലേക്ക് വേണ്ട പച്ചക്കറി വരെ വാങ്ങുന്നത് ഞാൻ'; ഒന്നിനും സമയമില്ല എന്ന് പറയുന്നവരോട് അരവിന്ദ് സ്വാമിയുടെ മറുപടി

എപ്പോഴാണോ എനിക്ക് ക്ഷീണം തോന്നുന്നത് അപ്പോൾ ഞാൻ കിടന്നുറങ്ങും.

Arvind Swamy
Arvind Swamyവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :2 ഒക്ടോബർ 2026, 3:43 pm IST

ബിസിനസ്, അഭിനയം, പഠനം ഒക്കെയായി തിരക്കേറിയ ജീവിതം നയിക്കുന്ന നടനാണ് അരവിന്ദ് സ്വാമി. ഒരു കാര്യത്തിനും സമയമില്ല എന്ന് പറയുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ. ഇപ്പോഴിതാ അങ്ങനെയുള്ളവരോടുള്ള അരവിന്ദ് സ്വാമിയുടെ മറുപടിയാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. ​ഗോപിനാഥിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ടു- ഡു ലിസ്റ്റ് ഒക്കെ ചെയ്യുന്നത് എനിക്ക് ബോറടിക്കുന്ന കാര്യമാണ്. എനിക്ക് ടു- ഡു ലിസ്റ്റ് ഇല്ല, സെക്രട്ടറി ഇല്ല, അസിസ്റ്റന്റ് ഇല്ല, മാനേജർ ഇല്ല അങ്ങനെയാരുമില്ല. എന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് ചെയ്യുന്നത്. എന്റെ വീട്ടിലേക്ക് വേണ്ട പച്ചക്കറിയും പഴങ്ങളും വരെ ഞാനാണ് ഓർഡർ ചെയ്യുന്നത് ഇപ്പോഴും. എല്ലാവരുടെയും ജീവിതത്തിലൊരു ഘട്ടമുണ്ട്.

ഒരു പ്രത്യേക ഘട്ടമുണ്ടാകും എല്ലാവർക്കും. ജോലി ചെയ്യുന്ന സമയത്ത് ചിലപ്പോൾ ഞാൻ വെളുപ്പിന് മൂന്ന് മണിവരെയൊക്കെ ചെയ്യും. ആ ചെയ്യുന്ന സമയത്ത് എനിക്ക് അങ്ങനെ ക്ഷീണമൊന്നും തോന്നാറില്ല. ‍ഞാൻ റിസർച്ച് ചെയ്യുന്ന സമയത്തൊക്കെ ഓട്ടോമാറ്റിക്കായി ഞാൻ രാവിലെ മൂന്നര നാല് മണി ആകുമ്പോൾ എഴുന്നേൽക്കും.

കാരണം എന്റെ മനസിൽ അതിങ്ങനെ ഓടിക്കൊണ്ടിരിക്കും. ജോലിക്ക് പോകുന്നതിന് മുൻപ് വരെ ഞാൻ പഠിച്ചു കൊണ്ടിരിക്കും. എപ്പോഴാണോ എനിക്ക് ക്ഷീണം തോന്നുന്നത് അപ്പോൾ ഞാൻ കിടന്നുറങ്ങും. ഞാൻ നന്നായി ഉറങ്ങും. കുറഞ്ഞത് 8-9 മണിക്കൂർ ഞാൻ കിടന്നുറങ്ങും. പക്ഷേ ഒരു ഘട്ടത്തിൽ അങ്ങനെയല്ലായിരുന്നു.

2-3 ആഴ്ചയൊക്കെ മൂന്നോ നാലോ മണിക്കൂറേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. പക്ഷേ ഞാനത് മറ്റേതെങ്കിലും രീതിയിൽ നികത്തും. ഉച്ചയ്ക്ക് ചിലപ്പോൾ അരമണിക്കൂറൊക്കെ ഉറങ്ങുമായിരുന്നു. ശരീരം ക്ഷീണിക്കുന്നത് എപ്പോഴാണോ അങ്ങനെയാണ് ഞാനത് മാനേജ് ചെയ്യാറ്. എല്ലാ കാര്യങ്ങൾക്കും പരിമിതിയുണ്ട്. ചില സമയത്ത് ഞാനൊരു കാര്യത്തിൽ മുഴുകിയിരുന്നാൽ മെസേജിന് മറുപടി നൽകാൻ വരെ മറന്നു പോകും.

അല്ലെങ്കിൽ ഫോൺ വിളിച്ചവരെ തിരിച്ച് വിളിക്കാൻ മറന്നു പോകും. അതുമല്ലെങ്കിൽ വീട്ടിലാരെങ്കിലും എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ പറഞ്ഞാൽ അതും ഞാൻ ചിലപ്പോൾ മറന്നു പോകും. ഇതെല്ലാം സാധാരണ സംഭവിക്കുന്നതാണ്. വീട്ടിലെ പല കാര്യങ്ങളും ഞാനിങ്ങനെ മറക്കാറുണ്ട്. അടുത്തിടെ വീട്ടിൽ ഞാനെന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ എന്റെ മോൾ മുറിയിലേക്ക് കയറി വന്ന് എന്നോട് എന്തൊക്കെയോ പറഞ്ഞു.

ഞാനും തിരിച്ച് അവളോട് മറുപടി പറഞ്ഞു. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു, 'നീ എപ്പോഴാ വന്നതെന്ന്'. കഴിഞ്ഞയാഴ്ച നടന്ന കാര്യമാണിത്. അപ്പോൾ അവൾ പറഞ്ഞു, നമ്മൾ തമ്മിൽ സംസാരിച്ചതാണല്ലോ എന്ന്. അപ്പോൾ എന്റെ ചില കാര്യങ്ങൾ ഓട്ടോ പൈലറ്റിൽ പോകും. ശ്രദ്ധ ഒരു വിഷയത്തിലായിരിക്കും, മറ്റു കാര്യങ്ങളെല്ലാം ഓട്ടോ പൈലറ്റായി പോകും.

ഇപ്പോൾ ഞാനെന്തെങ്കിലും ഒരു കാര്യം ചിന്തിക്കുകയാണെങ്കിൽ എന്റെ മുഴുവൻ ശ്രദ്ധയും അതിലായിരിക്കും. അപ്പോൾ മറ്റു കാര്യങ്ങളെല്ലാം ഞാൻ മറന്നു പോകും. ചിലപ്പോൾ എനിക്ക് പ്രായമായതു കൊണ്ടുമാകാം. നിങ്ങൾ വളരെ ഇഷ്ടത്തോടെ ഒരു ജോലി ചെയ്യുമ്പോൾ ഫോണിൽ നോക്കുമോ ?. നിങ്ങൾ വളരെ താല്പര്യത്തോടെ ഒരു സിനിമ കാണുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അപ്പോൾ ഫോണിൽ ഒരു മെസേജ് വരുന്നു. അത് നിങ്ങൾ ഒഴിവാക്കില്ലേ. അല്ലാതെ ആരാ മെസേജ് അയച്ചത് എന്നൊന്നും നോക്കില്ലല്ലോ. നിങ്ങൾ ഏതെങ്കിലും ഒരു കാര്യത്തിൽ അത്രയും മുഴുകി ഇരിക്കുകയാണെങ്കിൽ മറ്റൊന്നിനും അതിൽ നിന്ന് വ്യതിചലിപ്പിക്കാനാകില്ല എന്നാണ് എനിക്ക് തോന്നുന്നത്". - അരവിന്ദ് സ്വാമി പറഞ്ഞു.

News Now

Summary

Arvind Swamy opens up about his time management.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates