'ഷെയ്ന്‍ ശരിക്കും കഴുത്തില്‍ പിടിച്ചമര്‍ത്തി, വേദന കാരണം ആശുപത്രിയിലായി'; ദൃഢത്തിലെ 'കരാട്ടെക്കാരി' പറയുന്നു

ഫൈറ്റ് സീനിന് വേണ്ടി കാത്തിരുന്ന്, ഒടുവില്‍ ആശുപത്രിയില്‍ പോയി കിടക്കേണ്ടി വന്നു

Saniya Fathima
Saniya Fathima
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :21 ജൂൺ 2026, 1:41 pm IST

ഷെയ്ന്‍ നിഗം പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് ദൃഢം. തിയേറ്റര്‍ റിലീസിന് ശേഷം കഴിഞ്ഞ ദിവസമാണ് ദൃഢം ഒടിടിയിലെത്തിയത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് സിനിമ. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന് നടി സാനിയ ഫാത്തിമയുടേതായിരുന്നു.സാനിയയുടെ ആക്ഷന്‍ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

കരാട്ടെക്കാരിയായ പൊലീസുകാരിയായി സാനിയ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ സംഘട്ടന രംഗങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സാനിയ ഫാത്തിമ. ഷൂട്ടിനിടെ നടന്‍ ഷെയ്ന്‍ നിഗം കഴുത്തില്‍ പിടിച്ചതിനെ തുടര്‍ന്ന് പരിക്ക് പറ്റി ആശുപത്രിയിലായെന്നാണ് സാനിയ പറയുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

''ലുക്ക് ടെസ്റ്റ് വച്ചപ്പോള്‍ തന്നെ കരാട്ടെയുടെ കാര്യം പറഞ്ഞിരുന്നു. അതിനാല്‍ രണ്ട് മാസത്തോളം ഞാന്‍ രാവിലെ കരാട്ടെ പ്രാക്ടീസ് ചെയ്യുകയും വൈകുന്നേരം ജിമ്മില്‍ പോവുകയും ചെയ്തിരുന്നു. ഫൈറ്റ് സീന്‍ ചെയ്യുന്ന സമയത്ത് മാസ്റ്റര്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോള്‍, അവര്‍ പറയുന്നത് ശരിക്കും പഞ്ച് ചെയ്യാനായിരുന്നു. പക്ഷെ ആദ്യത്തെ അനുഭവം ആയിരുന്നതിനാല്‍ എങ്ങനെയാണ് ഒരാളെ ചവിട്ടുക എന്നൊക്കെയുണ്ടായിരുന്നു'' സാനിയ പറയുന്നു.

''സംവിധായകന്‍ സാനിയ ടെന്‍ഷനടിക്കണ്ട, ഷെയ്‌നിന് കുഴപ്പമൊന്നുമില്ല എന്ന് പറയും. പക്ഷെ ഞാന്‍ എപ്പോഴും ചെയ്തിരുന്നത് മെല്ലെ മെല്ലെ ചെയ്യാനായിരുന്നു. പിന്നെ പിന്നെ ഓരോ ദിവസവും ഇംപ്രൂവ് ആയി. ശരിക്കും ഇടിക്കുന്നുണ്ട്. കുറേയൊക്കെ ഓവര്‍ലാപ് ചെയ്ത് പോകുന്നുണ്ടെങ്കിലും കുറേയൊക്കെ നമുക്ക് കിട്ടുകയും ചെയ്യും'' എന്നും സാനിയ പറയുന്നു.

''നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, ഷെയ്ന്‍ എന്റെ കഴുത്തിന് പിടിക്കുന്ന സീനുണ്ടായിരുന്നു. അത് ശരിക്കും നല്ലോണം പിടിച്ചിരുന്നു. ശരിക്കും അമര്‍ത്തിപ്പിടിച്ചിരുന്നു. കഴുത്തു വേദന കാരണം ആശുപത്രിയിലായിരുന്നു. ഫൈറ്റ് സീനിന് വേണ്ടി കാത്തിരുന്ന്, ഒടുവില്‍ ആശുപത്രിയില്‍ പോയി കിടക്കേണ്ടി വന്നു. അത് ചെയ്യുന്ന സമയത്ത് മാസ്റ്റര്‍ വന്ന് സാനിയ റിയാക്ഷന്‍ ശരിയായി വരുന്നില്ല എന്ന് പറഞ്ഞു. അപ്പോള്‍ ഷെയ്ന്‍ ഒറ്റൊരു അമര്‍ത്തല്‍. അപ്പോഴാണ് ശരിയായ റിയാക്ഷന്‍ കിട്ടിയത്.'' എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

News Now

Summary

Saniya Fathima shares her experience of doing action scene with Shane Nigam in Dhridam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics