'വിദ്യാർഥികൾ വരുന്നത് താരങ്ങളെ കാണാൻ; സിനിമാ പ്രൊമോഷനായി കോളജുകൾ സന്ദർശിക്കുന്നതിനോട് താല്പര്യമില്ല'

വിദ്യാഭ്യാസത്തിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്

Sasikumar
Sasikumarവിഡിയോ സ്ക്രീൻഷോട്ട്
Last Updated :12 February 2026, 10:26 am IST
Edited by :Hima Prakash

മലയാളത്തിലും തമിഴിലും ഒട്ടേറെ ആരാധകരുള്ള നടനാണ് ശശികുമാർ. നടനായും സംവിധായകനായും ശശികുമാർ സിനിമാ പ്രേക്ഷകരുടെ മനം കവർന്നു. 'മൈ ലോർഡ്' ആണ് ശശികുമാറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഫെബ്രുവരി 13 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മൈ ലോർഡിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ശശികുമാറിപ്പോൾ.

സിനിമാ പ്രൊമോഷന്റെ ഭാ​ഗമായി കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പറയുകയാണിപ്പോൾ നടൻ. "കോളജുകൾ വിദ്യാഭ്യാസത്തിന് മാത്രമുള്ളതാണ്. നിർമാതാവ് നിർബന്ധിച്ചാൽ അല്ലാതെ സിനിമാ പ്രൊമോഷനായി ഞാൻ കോളജുകൾ സന്ദർശിക്കാറില്ല. ഒരു പ്രൊമോഷൻ തന്ത്രമെന്ന നിലയിൽ ഇത് എത്രത്തോളം ഫലപ്രദമാണെന്നും എനിക്ക് സംശയമുണ്ട്.

വിദ്യാർഥികൾ വരുന്നത് നടന്മാരെ കാണാനാണ്. അത് സിനിമയുടെ വിജയത്തെ ബാധിക്കണമെന്നില്ല. ഗുണമേന്മയുള്ള ഉള്ളടക്കത്തിലൂടെയും മികച്ച അഭിപ്രായങ്ങളിലൂടെയും മാത്രമേ ഒരു സിനിമ വിജയിക്കൂ. വിദ്യാർഥികൾ ആ നിമിഷം ആസ്വദിച്ചിട്ട് മുന്നോട്ട് പോകും. വിദ്യാഭ്യാസത്തിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്". - ശശികുമാർ പറഞ്ഞു. അതേസമയം രാജു മുരു​ഗൻ ആണ് മൈ ലോർഡ് സംവിധാനം ചെയ്യുന്നത്.

ചൈത്ര ജെ ആച്ചർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. കിഡ്‌നി റാക്കറ്റിന്റെ ഇരയാക്കപ്പെട്ട മുത്തുശില്പി (ശശികുമാർ) എന്ന വ്യക്തിയുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ കഥയാണ്. ജീവിച്ചിരിപ്പുണ്ടായിട്ടും രേഖകളിൽ മരിച്ചവനായി പ്രഖ്യാപിക്കപ്പെട്ട ഒരു സാധാരണക്കാരൻ നിയമവ്യവസ്ഥയോട് നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്. ആശ ശരത്, ഗുരു സോമസുന്ദരം, ജയപ്രകാശ്, ഗോപി നൈനാർ, വസുമിത്ര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

News Now

Summary

Cinema News: Actor Sasikumar on film's campus marketing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics