ബൈക്ക് റൈഡ് പ്രണയവും ഡേറ്റിങ്ങും മലയാളം വരികളിൽ കൊണ്ടുവരാൻ എളുപ്പമല്ല: വിനായക് ശശികുമാർ

'വെളുക്കുമ്പോൾ കുളിക്കുവാൻ' എന്ന പാട്ടെടുത്താൽ, ഇപ്പോൾ വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന കൾച്ചറില്ല...

Vinayak Sasikumar
Vinayak SasikumarSamakalika Malayalam
Edited by :ചന്ദ്ര സ്വസ്തി
Last Updated :19 സെപ്റ്റംബർ 2026, 11:52 am IST

പഴയ പാട്ടുകൾ എഴുതിയിരുന്നതിനേക്കാൾ പ്രയാസമാണ് പുതിയ കാലത്തെ മലയാളം സിനിമാ പാട്ടുകൾ എഴുതാനെന്ന് ​ഗാനരചയിതാവ് വിനായക് ശശികുമാർ. രണ്ടു കാലഘട്ടങ്ങളിലും എഴുതിയിട്ടുള്ള ആളുകളോട് അന്വേഷിച്ചാൽ ഇക്കാര്യം വ്യക്തമാകും.

ഇന്നു നിത്യജീവിതത്തിൽ പ്രയോ​ഗിക്കുന്ന പല ഇംഗ്ലീഷ് വാക്കുകൾക്കും പകരമുപയോ​ഗിക്കാവുന്ന മലയാള പദങ്ങൾ കണ്ടെത്തുക പ്രയാസമാണെന്നും ജീവിതത്തിൽ സംഭവിക്കുന്നത് പാട്ടിലേക്ക് ട്രാൻ‍സ്‌ലേറ്റ് ചെയ്യുന്നത് മലയാളത്തിൽ ഒട്ടും എളുപ്പമല്ലെന്നും വിനായക് പറഞ്ഞു.

ഒഴുക്കോടെ പാട്ടിൽ എഴുതാൻ കഴിയുന്ന വാക്കുകൾ മറ്റു ഭാഷകളിൽ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും നമുക്ക് ഇം​ഗ്ലീഷ് പറഞ്ഞാണ് ശീലമെന്നും ജീവിതത്തിൽ നമ്മൾ ഉപയോ​ഗിക്കുന്ന ഇം​ഗ്ലീഷ് വാക്കുകൾ അങ്ങനെ തന്നെ പാട്ടിലെടുത്തുവെച്ചാൽ മുഴച്ചു നിൽക്കുമെന്നും വിനായക് പറഞ്ഞു. സമകാലിക മലയാളത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇന്നത്തെ കാലത്തിന്റെ ജീവിതം പാട്ടു ഭാഷയിൽ എഴുതാൻ പ്രയാസമാണെന്ന് വിനായക് ശശികുമാർ പറഞ്ഞത്.

വിനായക് ശശികുമാറിന്റെ വാക്കുകളിലേക്ക്:

ഇപ്പോഴത്തെ പാട്ടുകൾ ചെയ്യാനാണ് കൂടുതൽ പ്രയാസം. ഇന്നത്തെ കാലത്തൊരു ​ഗാനരചയിതാവായിരിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. രണ്ടുകാലത്തും എഴുതിയിട്ടുള്ള, ഇപ്പോഴും ജീവിച്ചിരിക്കുന്നവരുണ്ടല്ലോ, അവരോടു ചോ​ദിച്ചാൽ മനസ്സിലാകും.

മലയാള പദങ്ങൾക്ക് ചേരുന്ന ട്യൂണുകളും ചേരാത്ത ട്യൂണുകളുമുണ്ട്. ട്യൂണിട്ടിട്ടാണല്ലോ പാട്ടെഴുതുന്നത്. മലയാളത്തിന് ഇണങ്ങാത്ത മീറ്ററിലുള്ള ധാരാളം ട്യൂണുകൾ ഇപ്പോഴുണ്ടാകുന്നുണ്ട്. സിനിമയുടെ സ്വഭാവം അങ്ങനെയാകുന്നതുകൊണ്ട് സം​ഗീത സംവിധായകർ അങ്ങനൊയാണ് പാട്ടുകളെ സമീപിക്കുന്നത്. ചിലപ്പോൾ അതിൽ ഇം​ഗ്ലീഷ് വരികളോ ഹിന്ദി വരികളോ വന്നാൽ കൂടുതൽ നല്ലതായിരിക്കാം. അത്തരം പാട്ടുകൾക്ക് മലയാളം എഴുതി ഫലിപ്പിക്കുക ഒട്ടും എളുപ്പമല്ല.

കാലം ഇത്രയും മുന്നോട്ടു വന്നതുകൊണ്ട് അതിന്റേതായ മാറ്റങ്ങളുമുണ്ട്. ​ഗിരീഷ് പുത്തഞ്ചേരി തന്നെ അതു പറഞ്ഞിട്ടുണ്ട്. 'വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴി വക്കിൽ...' എന്ന പാട്ടെടുത്താൽ, ഇപ്പോൾ വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന കൾച്ചറില്ല. അല്ലെങ്കിൽ 'അല്ലിയാമ്പൽ കടവിന്റെ' കാര്യം പറഞ്ഞാൽ, നമുക്കിന്ന് കൊതുമ്പു വള്ളങ്ങളില്ല.

ബൈക്കിലൊരു റൈഡ് പോയോ, ഡേറ്റിങ്ങിന് ഒരു കഫേയിൽ പോയോ പ്രണയിക്കുന്നവരുടെ പ്രണയം മലയാളം വരികൾ കൊണ്ട് അഡ്രസ് ചെയ്യുക ഒട്ടും എളുപ്പമല്ല. മറ്റത് കുറച്ചു കാല്പനികത കലർത്തി നമുക്ക് അഡ്രസ് ചെയ്യാം. അന്ന് പാട്ടിൽ എഴുതുന്ന അതേ കാര്യം തന്നെയാണ് യഥാർത്ഥ ജീവിതത്തിലും സംഭവിക്കുന്നത്. ഇന്ന് ജീവിതത്തിൽ സംഭവിക്കുന്നത് പാട്ടിലേക്ക് ട്രാൻ‍സ്‌ലേറ്റ് ചെയ്യുന്നത് മലയാളത്തിൽ ഒട്ടും എളുപ്പമുള്ള കാര്യമല്ല. ‌‌

മറ്റു ഭാഷകളിൽ അതു കുറച്ചുകൂടെ എളുപ്പമാണ്. കാരണം അത്രയും ഒഴുക്കോടെ പാട്ടിൽ എഴുതാൻ കഴിയുന്ന വാക്കുകൾ പുതുതായി ആ ഭാഷകളിലൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. നമുക്കു പക്ഷേ ഇം​ഗ്ലീഷ് പറഞ്ഞാണ് ശീലം.

ഫോൺ, വൈഫൈ, ഡേറ്റിങ് എന്നൊക്കെ പറയുന്നത് ഇം​ഗ്ലീഷ് വാക്കുകളാണ്. അതു തന്നൊണ് ജീവിതത്തിൽ നമ്മൾ ഉപയോ​ഗിക്കുന്നത്. അത് അങ്ങനെ തന്നെ പാട്ടിലെടുത്തുവെച്ചാൽ ഭയങ്കരമായിട്ട് കടിക്കും. ഇന്നത്തെ കാലത്തിന്റെ ജീവിതം പാട്ടു ഭാഷയിൽ എഴുതാൻ പ്രയാസമാണ്.

News Now

Summary

It is not easy to portray the romance of couples who go on bike rides and meet for dates at cafes in Malayalam language: Vinayak Sasikumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates