ആടുജീവിതത്തിന് അവാര്‍ഡ് നഷ്ടമായത് വിഎഫ്എക്‌സ് കാരണമെന്ന് കേരള സ്‌റ്റോറി സംവിധായകന്‍; മറുപടി നല്‍കി ഇന്‍ഫ്‌ളുവന്‍സര്‍

നിങ്ങളുടെ സിനിമയെ ആടുജീവിതവുമായി താരതമ്യം ചെയ്യരുത്

Sudipto Sen on Aadujeevitham
Sudipto Sen on Aadujeevithamഫയല്‍
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :22 ഒക്ടോബർ 2025, 5:23 pm IST

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ആടുജീവിതത്തെ തഴഞ്ഞത് വലിയ വിവാദമായിരിക്കുന്നു. പൃഥ്വിരാജിന്റെ അഭിനയവും ബ്ലെസിയുടെ സംവിധാനവുമെല്ലാം അവാര്‍ഡ് അര്‍ഹിച്ചിരുന്നുവെന്നാണ് പ്രഖ്യാപനത്തിന് ശേഷം ഉയര്‍ന്ന വിമര്‍ശനം. ആടുജീവിതത്തെ തഴഞ്ഞ് സുദീപ്‌തോ സെന്‍ ഒരുക്കിയ ദ കേരള സ്‌റ്റോറിയ്ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നല്‍കിയതും കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.

ആടുജീവിതത്തിന് അവാര്‍ഡ് ലഭിക്കാതെ പോയത് വിഎഫ്എക്‌സ് കാരണം ആണെന്നാണ് സുദീപ്‌തോ സെന്‍ പറയുന്നത്. കാള്‍ ലാഫ്രനെയ്‌സ് എന്ന പേജിലെ കമന്റിലൂടെയായിരുന്നു സുദീപ്‌തോ സെന്നിന്റെ പ്രതികരണം. വിഎഫ്എക്‌സ് ഉപയോഗിച്ചതു കൊണ്ടാണ് ആടുജീവിതത്തിന് അവാര്‍ഡ് ലഭിക്കാതെ പോയതെന്നാണ് സുദീപ്‌തോ സെന്‍ പറഞ്ഞത്.

''ഛായാഗ്രഹണത്തിന് അവാര്‍ഡ് കൊടുക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? എനിക്കും ആടുജീവിതം ഇഷ്ടമായി. പക്ഷെ ആ വിഷ്വലുകള്‍ വിഎഫ്എക്‌സ് ഉപയോഗിച്ച് നിര്‍മിച്ചതാണ്. ജൂറി പറയുന്നത് ദയവുചെയ്ത് കേള്‍ക്കുക. എന്തും എഴുതാനുള്ള അവകാശം ഇന്‍സ്റ്റഗ്രാം തരുന്നുവെന്ന് കരുതി എന്തും എഴുതരുത്. ഇംഗ്ലീഷില്‍ ഒരു പ്രയോഗം ഉണ്ട്, അല്‍പ്പ ജ്ഞാനം അപകടം എന്ന്. നിങ്ങള്‍ കേരളത്തില്‍ നിന്നുമാണ്. കേരളീയര്‍ അറിവുള്ളവരാണെന്നാണ് കരുതുന്നത്'' എന്നായിരുന്നു സുദീപ്‌തോ സെന്നിന്റെ കമന്റ്. സുദീപ്‌തോയുടെ വാദത്തിന് ഇന്‍ഫ്‌ളുവന്‍സര്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

''അതുകൊണ്ടാണ് ബ്ലേഡ് റണ്ണര്‍ 2049 ന് മികച്ച ഛായാഗ്രാഹണത്തിനുള്ള ഓസ്‌കാര്‍ ലഭിച്ചത്. അതുകൊണ്ടാണ് ലൈഫ് ഓഫ് പൈ, ഗ്രാവിറ്റി, ഡ്യൂന്‍ തുടങ്ങിയ സിജിഐ സമ്പന്നമായ സിനിമകള്‍ക്കും അതേ അവാര്‍ഡ് കിട്ടിയത്. വിഎഫ്എക്‌സ് ഒരു സിനിമയെ അയോഗ്യമാക്കുമെങ്കില്‍ ഛായാഗ്രഹണത്തിനുള്ള പകുതി നേട്ടങ്ങളും ചിത്രത്തിലേ ഇല്ലാതാകും. പിന്നെ എന്തും എഴുതാന്‍ ഇന്‍സ്റ്റഗ്രാം നല്‍കുന്ന അവകാശത്തെയാണ് ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നത്. ജനാധിപത്യത്തെക്കുറിച്ച് ചെറുതായെങ്കിലും മനസിലാക്കിയിട്ടുണ്ടെങ്കില്‍ സഹായമാകും. സിനിമയോട് കുറച്ചെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ നിങ്ങളുടെ സിനിമയെ ആടുജീവിതവുമായി താരതമ്യം ചെയ്യരുത്'' എന്നായിരുന്നു മറുപടി.

News Now

Summary

Sudipto Sen says Aadujeevitham lost national award because of VFX. Influencer gives reply citing Life of Pi, Dune and Blade Runner.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates