'തിയറ്ററിൽ കണ്ട പടം തന്നെയാണോ ഒടിടിയിൽ വന്നത്, അതോ ഇനി പടമെങ്ങാനും മാറി പോയോ!'; ഒടിടി റിലീസിന് പിന്നാലെ 'കറുപ്പി'ന് ട്രോൾ

ചിത്രത്തിന്റെ വിഎഫ്എക്സ്, കളർ ​ഗ്രേഡിങ് ഒക്കെയാണ് വി‌മർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

Karuppu
Karuppuഎക്സ്‌
Edited by :Hima Prakash
Last Updated :13 ജൂൺ 2026, 9:07 am IST

തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച സൂര്യ ചിത്രം 'കറുപ്പ്' ഒടിടിയിൽ കഴിഞ്ഞ ദിവസം മുതൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. എന്നാൽ ഒടിടിയിൽ ചിത്രം കണ്ട പ്രേക്ഷകരിൽ പലരും നിരാശയിലാണ്. പ്രധാനമായും ചിത്രത്തിന്റെ വിഎഫ്എക്സ്, കളർ ​ഗ്രേഡിങ് ഒക്കെയാണ് വി‌മർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

സിനിമയുടെ വിഷ്വൽസ് തികച്ചും മങ്ങിയതാണെന്നും കളർ ഗ്രേഡിങ് പരാജയമാണെന്നുമാണ് പ്രേക്ഷകരിൽ വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ ഒരു ഫൈറ്റ് സീനിലെ വിഎഫ്എക്സിനെ ചൂണ്ടിക്കാണിച്ചാണ് ട്രോളുകൾ ഉയരുന്നത്. മെയ് 15ന് തിയറ്ററുകളിലെത്തിയ കറുപ്പ് ആർജെ ബാലാജിയുടെ മികച്ച സംവിധാന മികവിലും, ആകർഷകമായ തിരക്കഥയിലും പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ പിടിച്ചുപറ്റിയിരുന്നു.

340 കോടി രൂപയിലധികം ചിത്രം ആഗോള കളക്ഷൻ നേടിക്കഴിഞ്ഞു. സിനിമ തിയറ്ററുകളിൽ ഓടിക്കൊണ്ടിരുന്ന സമയത്തും ചില പ്രേക്ഷകർ ചിത്രത്തിന്റെ വിഷ്വലുകളിലെ അമിതമായ നീല (ബ്ലൂയിഷ്) ടോണിനെയും മങ്ങിയ കളറിനെയും കുറിച്ച് സംസാരിച്ചിരുന്നു. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പ്രൈം വിഡിയോയിൽ ലഭ്യമാകും. 'വീരഭദ്രുഡു' എന്ന പേരിലാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നത്.

'തിയറ്ററിൽ കണ്ട കറുപ്പ് തന്നെയാണോ ഒടിടിയിൽ വന്നത്... അതോ ഇനി പടമെങ്ങാനും മാറി പോയോ', 'സായ് കാരണം മാത്രം രക്ഷപ്പെട്ടു പോയ ഒരു പടം അതാണ് കറുപ്പ്', 'ഒരു പടം ഹിറ്റ് ആയതിന്റെ പേരിൽ എയറിൽ പോകുന്ന ആദ്യത്തെ ആളൊന്നുമല്ലല്ലോ സൂര്യ അണ്ണൻ അതുകൊണ്ട് അതും അങ്ങട് സഹിക്കാം'- എന്നൊക്കെയാണ് പലരും കുറിച്ചിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിൽ സിങ്കം ഗെറ്റപ്പിൽ സൂര്യ എത്തുന്നുണ്ട്.

ഈ ഫൈറ്റ് സീനിനെ ചൂണ്ടിക്കാണിച്ചാണ് ട്രോളുകൾ ഉയരുന്നത്. ഫൈറ്റിൽ സൂര്യയുടെ തല വെട്ടിയൊട്ടിച്ചത് പോലെയാണ് ഉള്ളതെന്നും ഡ്യൂപ്പിനെ ഉപയോഗിച്ചത് കൃത്യമായി മനസിലാകുന്നു എന്നും ആരാധകർ കുറിക്കുന്നുണ്ട്. തിയറ്ററിലും ഇത് ശ്രദ്ധിച്ചിരുന്നു എന്നും ഒടിടിയിൽ ഇത് കൂടുതൽ വ്യക്തമായി കാണാമെന്നാണ് ആരാധകർ പറയുന്നത്.

അതേസമയം, ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പിന്തുണച്ചും ചിലർ രംഗത്തെത്തുന്നുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രമായ 'കറുപ്പസാമി' എന്ന കാവൽദൈവത്തിന്റെ സ്വാഭാവികവും നിഗൂഢവുമായ അന്തരീക്ഷം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ബോധപൂർവ്വം തന്നെ തിരഞ്ഞെടുത്ത വിഷ്വൽ ശൈലിയാകാം ഇതെന്നാണ് ആരാധകരുടെ വാദം.

എന്നാൽ ഭൂരിഭാഗം സിനിമാപ്രേമികളും ആവശ്യപ്പെടുന്നത് ഒടിടിയിലെ ഈ സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിച്ച് നല്ലൊരു പതിപ്പ് ആമസോൺ പ്രൈമിൽ ലഭ്യമാക്കണമെന്നാണ്.

News Now

Summary

Suriya's Karuppu get trolled after OTT Release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics