'ഞങ്ങളെ അവർ ഒരു മുറിയിൽ പൂട്ടിയിട്ടു, എന്നിട്ടും ഒരക്ഷരം മിണ്ടിയില്ല'; ശ്രീദേവിയുമായുള്ള 'ശത്രുത'യെക്കുറിച്ച് ജയപ്രദ

ജയപ്രദയും ശ്രീദേവിയും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:43 am IST

ഒരുകാലത്ത് ബോളിവുഡ് ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരസുന്ദരിമാരാണ് ശ്രീദേവിയും ജയപ്രദയും. ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും അകൽച്ചയിലായിരുന്നു. ഇരുവരുടേയും ശത്രുത ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്. ഇവരെ ഒന്നിപ്പിക്കാൻ സൂപ്പർതാരങ്ങൾപോലും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇപ്പോൾ ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജയപ്രദ. എന്തിനും പരസ്പരം മത്സരിച്ചിരുന്നെന്നും സംസാരിക്കാൻ പോലും തയാറായിരുന്നില്ലെന്നുമാണ് താരം പറയുന്നത്. ഇരുവരും ഒന്നിച്ച മക്‌സാദ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവവും ജയപ്രദ വിവരിച്ചു. ഇന്ത്യൻ ഐഡൽ 12 ന്റെ വേദിയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

ഞങ്ങൾ തമ്മിൽ വ്യക്തിപരമായ വൈരാ​ഗ്യം ഉണ്ടായിരുന്നില്ല, പക്ഷേ പക്ഷേ ഞങ്ങള്‍ തമ്മിലുള്ള രസതന്ത്രം അത് യോജിച്ച് പോകുന്നില്ലായിരുന്നു. സ്ക്രീനിൽ ഉത്തമ സഹോദരിമാരായി അഭിനയിച്ചു കഴിഞ്ഞാൽ ഒരു നോട്ടം കൊണ്ട് പോലും ഞങ്ങൾ അടുക്കാൻ ശ്രമിക്കാറില്ലായിരുന്നു. ഞങ്ങൾ പരസ്പരം മത്സരിച്ചു, അത് വസ്ത്രത്തിന്റെ പേരിലാവട്ടെ, നൃത്തത്തിന്റെ പേരിലാവട്ടെ. ഞങ്ങൾ കണ്ടുമുട്ടുന്ന ഓരോ തവണയും, സംവിധായകരോ അഭിനേതാക്കളോ ഞങ്ങളെ സെറ്റിൽ പരിചയപ്പെടുത്തുമ്പോൾ പരസ്പരം അഭിവാദ്യം ചെയ്യുകയും മുന്നോട്ട് പോകുകയും ചെയ്തിരുന്നു.- ജയപ്രദ പറഞ്ഞു

ഇതു മനസിലാക്കി ചിത്രത്തിലെ നടന്മാരായ രാജേഷ് ഖന്നയും ജിതേന്ദ്രയുമാണ് ഇവരുടെ പ്രശ്നം തീർക്കാൻ രം​ഗത്തെത്തുകയായിരുന്നു. പരസ്പരം മിണ്ടാൻ വേണ്ടി അവർ ശ്രീദേവിയേയും ജയപ്രദയേയും ഒരു മണിക്കൂർ മേക്കപ്പ് റൂമിൽ പൂട്ടിയിട്ടു. ഒന്നിച്ച് കുറേ സമയം ഇരുന്നാൽ ഞങ്ങൾ പരസ്പരം മനസ് തുറന്ന് സംസാരിക്കുമെന്നാണ് അവർ കരുതിക്കാണും. പക്ഷേ ഒരു വാക്ക് പോലും ഞങ്ങൾ മിണ്ടിയില്ല. അവസാനം ബോളിവുഡിന്റെ സൂപ്പർതാരങ്ങൾ തോറ്റു പിൻവാങ്ങിയെന്നും താരം കൂട്ടിച്ചേർത്തു. 

എന്നാൽ ശ്രീദേവിയുടെ മരണം തന്നെ ഇപ്പോഴും അസ്വസ്ഥത പെടുത്തുന്നുണ്ടെന്നാണ് താരം പറയുന്നത്. എനിക്ക് വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെടുന്നു അവളെ വല്ലാതെ മിസ് ചെയ്യുന്നു. എവിടെയെങ്കിലും ഇരുന്ന് അവൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ പരസ്പരം സംസാരിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിക്കുന്നുവെന്നേ എനിക്ക് പറയാനുള്ളൂ- ജയപ്രദ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now