'ലോക'യും വീണു, ഇനി ഒന്നാമന്‍ 'വാഴ 2'; മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ്! തലകുനിയ്ക്കാന്‍ ഒരൊറ്റ നേട്ടം മാത്രം ബാക്കി...!

റിലീസ് ചെയ്ത് നാലാം വാരമാണ് വാഴ 2വിന്റെ നേട്ടം

Vaazha 2
Vaazha 2
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :27 ഏപ്രിൽ 2026, 11:09 am IST

സോഷ്യല്‍ മീഡിയ ഭരിച്ച പിള്ളേര്‍ സംഘം ഇതാ മലയാളം ഇന്‍ഡസ്ട്രിയെ തന്നെ വിറപ്പിച്ചിരിക്കുന്നു. കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മലയാള സിനിമയിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് വാഴ 2. കേരളത്തില്‍ നിന്ന് മാത്രം 124 കോടി നേടിയാണ് വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുന്നത്. റിലീസ് ചെയ്ത് നാലാം വാരമാണ് വാഴ 2വിന്റെ നേട്ടം. കല്യാണി പ്രിയദര്‍ശന്‍ ചിത്രം ലോകയെ വെട്ടിയാണ് വാഴ 2വിന്‍റെ കുതിപ്പ്.

കേരള ബോക്‌സ് ഓഫീസില്‍ ലോകയെ വാഴ 2 പിന്നിലാക്കിയിട്ടുണ്ടെങ്കിലും. ആഗോള കളക്ഷനില്‍ ലോക തന്നെയാണ് മുന്നിലുള്ളത്. എന്നാല്‍ ഈ പോക്ക് തുടരുകയാണെങ്കില്‍ ആഗോള കളക്ഷനിലും ലോകയെ നാല്‍വര്‍ സംഘം മറി കടക്കുമെന്നാണ് കരുതപ്പെടുന്നത്. വാഴ 2വിന്റെ ആഗോള കളക്ഷന്‍ നിലവില്‍ 235 കോടിയാണ്.

രസകരമായൊരു വസ്തുത എന്തെന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളതില്‍ ഇത് നാലാം തവണയാണ് മലയാളത്തിന്റെ ഇന്‍ഡസ്ട്രി റെക്കോര്‍ഡ് മാറി മറിഞ്ഞത് എന്നതാണ്. എമ്പുരാന്‍, തുടരും, ലോക എന്നി ചിത്രങ്ങള്‍ നേരത്തെ ഇരുന്നിരുന്ന സിംഹാസനത്തിലേക്കാണ് ഇപ്പോള്‍ വാഴ 2 എന്‍ട്രി ചെയ്തിരിക്കുന്നത്. സാക്ഷാല്‍ മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും പിന്നിലാക്കിയിരിക്കുകയാണ് ഹാഷിറും സംഘവും. മാസങ്ങള്‍ക്കുള്ളിലാണ് ലോകയുടെ റെക്കോര്‍ഡ് വാഴ 2 തകര്‍ത്തത്.

കഴിഞ്ഞ ദിവസമാണ് വാഴ 2വിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററിലെത്തിയത്. തെലുങ്കിലും മികച്ച പ്രതികരണം നേടാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഈ കളക്ഷനും കുതിച്ചാല്‍ ലോകയുടെ ആഗോള കളക്ഷന്‍ റെക്കോര്‍ഡും ഒരുപക്ഷെ വാഴ 2 മറി കടന്നേക്കാം. മലയാളത്തിലെ ആദ്യ മുന്നുറ് കോടി ചിത്രമാണ് ലോക.

സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അജിന്‍, അലന്‍, വിനായക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സവിന്‍ സാ സംവിധാനം ചെയ്ത ചിത്രമാണ് വാഴ 2. മലയാള സിനിമയില്‍ മറ്റൊരു താരത്തിനും കിട്ടാത്ത, സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത എന്‍ട്രിയാണ് വാഴ 2വിലൂടെ ഹാഷിറും ടീമും നേടിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. പുതുമുഖത്തെ വച്ചൊരുക്കിയ സിനിമ 200 കോടി നേടുന്നതും ഇതാദ്യമായാണ്. പുതുമുഖത്തിന് ലഭിക്കുന്ന ഏറ്റവും വലിയ എന്‍ട്രി ഹിറ്റുമാണ് വാഴ 2വിന്റേത്.

വിപിന്‍ ദാസ് തിരക്കഥയെഴുതിയ ചിത്രത്തില്‍ സുധീഷ്, വിജയ് ബാബു, അല്‍ഫോണ്‍സ് പുത്രന്‍, അജു വര്‍ഗീസ്, അരുണ്‍, വിനോദ് കെടാമംഗലം, ബിജുക്കുട്ടന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വാഴ 2വിന്റെ വിജയത്തിന് പിന്നാലെ വാഴ 3യും പ്രഖ്യാപിച്ചിരുന്നു. മൂന്നാം ഭാഗത്തില്‍ പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്.

News Now

Summary

Vaazha 2 beats Lokah and becomes the industry hit of malayalam cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics